Malayalam

Fact Check: ഗുജറാത്തില്‍ നടക്കുന്ന പ്രതിഷേധത്തിന്റെ ദൃശ്യം? വീഡിയോയുടെ സത്യമിതാണ്

ഇന്ധനവില വര്‍ധനയും വിദ്യാര്‍ഥി പ്രശ്‌നങ്ങളും ഉള്‍പ്പെടെ ഉയര്‍ത്തിയുള്ള പ്രതിഷേധമാണെന്നും നിരവധിപ്പേരെ കസ്റ്റഡിയില്‍ എടുത്തതായും വീഡിയോയിലെ വിവരണത്തില്‍ പറയുന്നു.

Southcheck Network

ഗുജറാത്തില്‍ സര്‍ക്കാരിനെതിര നടക്കുന്ന പ്രതിഷേധത്തിന്റെ ദൃശ്യം എന്ന രീതിയില്‍ ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇന്ധനവില വര്‍ധനയും വിദ്യാര്‍ഥി പ്രശ്‌നങ്ങളും ഉള്‍പ്പെടെ ഉയര്‍ത്തിയുള്ള പ്രതിഷേധമാണെന്നും നിരവധിപ്പേരെ കസ്റ്റഡിയില്‍ എടുത്തതായും വീഡിയോയിലെ വിവരണത്തില്‍ പറയുന്നു. വിവിധ പ്രതിഷേധങ്ങളുടെ ദൃശ്യങ്ങളാണിവ. 

Fact Check

വൈറല്‍ പോസ്റ്റിലുള്ളത് ഗുജറാത്തില്‍ നടന്ന പ്രതിഷേധമല്ല. യൂത്ത് കോണ്‍ഗ്രസ് ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധവും സിജെപിയുടെ പ്രതിഷേധവും ഉള്‍പ്പെടെയുള്ള ദൃശ്യങ്ങളാണ് വൈറല്‍ വീഡിയോയിലുള്ളതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

വൈറല്‍ വീഡിയോയുടെ തുടക്കത്തില്‍ കാണുന്ന ആളുകള്‍ തിങ്ങി നിറഞ്ഞു നില്‍ക്കുന്ന ദൃശ്യം റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ പരിശോധിച്ചപ്പോള്‍ സമാനമായ ദൃശ്യം ഉള്‍പ്പെടുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ ലഭ്യമായി.
2026 ജൂണ്‍ ആറിന് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ കൊക്രോച്ച് ജനത പാര്‍ട്ടി(സിജെപി) നടത്തിയ പ്രതിഷേധത്തിന്റെ ദൃശ്യമാണിത്. നീറ്റ് ഉള്‍പ്പെടെയുള്ള പരീക്ഷകളിലെയും റിക്രൂട്ട്മെന്റ് പ്രക്രിയകളിലെയും ക്രമക്കേടുകളെക്കുറിച്ച് പരിശോധിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഓണ്‍ലൈന്‍ കൂട്ടായ്മയായ സിജെപിയുടെ പ്രതിഷേധം.

ബാരിക്കേഡുകള്‍ക്ക് മുകളില്‍ കയറി നിന്ന് പ്രതിഷേധിക്കുന്നവരുടെ ദൃശ്യമാണ് വൈറല്‍ വീഡിയോയുടെ രണ്ടാമത്തെ ഭാഗത്തുള്ളത്. റിവേഴ്‌സ് ഇമെജ് സെര്‍ച്ചിന്റെ സഹായത്തോടെ ഈ ദൃശ്യം പരിശോധിച്ചപ്പോള്‍ നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ ഡല്‍ഹിയിലെ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ മുന്നില്‍ എന്‍എസ്‌യു പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധമാണിതെന്ന് വ്യക്തമായി.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ മെയ് 16ന് പങ്കുവച്ച ഈ പ്രതിഷേധത്തിന്റെ വീഡിയോ ചുവടെ കാണാം.

വൈറല്‍ വീഡിയോയുടെ മൂന്നാമത്തെ ഭാഗത്തുള്ള ദൃശ്യത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക് പ്രസംഗിക്കുന്നത് കാണാം. പരിശോധനയില്‍ ഈ വീഡിയോ ജൂണ്‍ ആറിന് സിജെപി ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധത്തില്‍ നിന്നുള്ളത് തന്നെയാണെന്ന് വ്യക്തമായി. 

അതേസമയം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷകരുടെ സംഘടനകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഗുജറാത്തില്‍ ട്രാക്റ്റര്‍ റാലി ഉള്‍പ്പെടെയുള്ള പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ വൈറല്‍ വീഡിയോയിലുള്ള ദൃശ്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ടതല്ല.

ഇതില്‍ നിന്ന് ഗുജറാത്തില്‍ സര്‍ക്കാരിനെതിരെ നടക്കുന്ന പ്രതിഷേധം എന്ന രീതിയില്‍ പ്രചരിക്കുന്ന വൈറല്‍ വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.

Fact Check: Delhi Police open fire on Rahul Gandhi’s protest rally? No, here are the facts

Fact Check: കൊല്‍ക്കത്തയില്‍ വിമാനത്താവളത്തിനായി മുസ്ലിം പള്ളി പൊളിക്കുന്ന ദൃശ്യങ്ങള്‍? വീഡിയോയുടെ സത്യമറിയാം

Fact Check: தமிழ்நாட்டில் மகளிர் இலவசப் பேருந்தில் பெண்கள் சண்டையிட்டுத் தாக்கியதாகப் பரவும் காணொலியின் உண்மைப் பின்னணி?

Fact Check: ಸಿಜೆಪಿ ಪ್ರತಿಭಟನೆಯಲ್ಲಿ ಸಿಖ್ ವೇಷ ಧರಿಸಿ ಸಿಕ್ಕಿಬಿದ್ದ ಮುಸ್ಲಿಂ ವ್ಯಕ್ತಿ? ಸುಳ್ಳು, ಸತ್ಯ ಇಲ್ಲಿದೆ

Fact Check: ఢిల్లీలో సీఈసీ జ్ఞానేశ్ కుమార్‌కు వ్యతిరేకంగా నిరసనా? కాదు, పాత వీడియో వైరల్