പാര്‍ലമെന്റ് അംഗവും അഖിലേന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (AIMM) നേതാവുമായ അസദുദ്ദീന്‍ ഉവൈസി ഹനുമാന്‍ വിഗ്രഹത്തിന് മുന്നില്‍ പൂജ നടത്തുന്ന ദൃശ്യങ്ങളെന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. പതിനാറ് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ അദ്ദേഹം വിഗ്രഹത്തിന് മുന്നില്‍ തെളിയിച്ച ദീപം ഉപയോഗിച്ച് ആരതി നടത്തുന്നതായി കാണാം.
പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും ദൃശ്യം എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് തയ്യാറാക്കിയതാണെന്നും അന്വേഷണത്തില്‍ കണ്ടത്തി.
പ്രചരിക്കുന്ന വീഡിയോ പരിശോധിച്ചതോടെ ഇതില്‍ ഉപയോഗിച്ചിരിക്കുന്ന രണ്ട് ഷോട്ടുകളും തമ്മില്‍ യുക്തിപരമായ പ്രശ്നങ്ങള്‍ കണ്ടെത്തി. ആദ്യത്തെ ഷോട്ടില്‍ ഉവൈസിയുടെ ഇടതുവശത്താണ് ക്യാമറയുള്ളത്. ഈ ഷോട്ടില്‍ ക്യാമറ മുകളിലേക്ക് ചലിക്കുന്നതോടെ അടുത്തഷോട്ടില്‍ ഉവൈസിയുടെ മുന്‍വശത്തുനിന്നുള്ള ദൃശ്യങ്ങളാണ് കാണുന്നത്. ഇത് ദൃശ്യങ്ങള്‍ വ്യാജമാകാമെന്നതിന്റെ സൂചന നല്‍കി.
തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ രണ്ട് ഷോട്ടുകള്‍ തമ്മില്‍ വേറെയും പൊരുത്തക്കേടുകള്‍ കണ്ടെെത്തി. ആദ്യത്തെ ഷോട്ടില്‍ ഉവൈസിയുടെ പിന്‍വശത്തായി ഒരു ബോര്‍ഡ് കാണാം. എന്നാല്‍ രണ്ടാമത്തെ ഷോട്ടില്‍ ഇത് ഇല്ല.
രണ്ട് ഷോട്ടുകളുടെയും തുടക്കത്തിലെ ഫ്രെയിമില്‍ ഗൂഗ്ള്‍ ജെമിനിയുടെ ലോഗോയും കാണാം. ഇത് ചിത്രങ്ങള്‍ ജെമിനി ഉപയോഗിച്ച് നിര്‍മിച്ച ശേഷം വീഡിയോയാക്കി മാറ്റിയതാകാമെന്ന സൂചന നല്‍കി.
തുടര്‍ന്ന് എഐ നിര്‍മിത വീഡിയോകള്‍ പരിശോധിക്കുന്ന ചില പ്ലാറ്റ്ഫോമുകളുപയോഗിച്ചും പരിശോധിച്ചു. ഹൈവ് മോഡറേഷന്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ദൃശ്യങ്ങള്‍ 99 ശതമാനവും കൃത്രിമമായി നിര്‍മിച്ചതാണെന്ന ഫലമാണ് ലഭിച്ചത്.
ഗൂഗ്ള്‍ Synth ID ഉപയോഗിച്ചും പരിശോധിച്ചു. ഇതിലും വീഡിയോ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിച്ചതാണെന്ന ഫലമാണ് ലഭിച്ചത്.
ഇതോടെ പ്രചാരണം വ്യാജമാണെന്നും പ്രചരിക്കുന്ന ദൃശ്യങ്ങള്‍ യഥാര്‍ത്ഥമല്ലെന്നും സ്ഥിരീകരിച്ചു.