Malayalam

Fact Check: സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഈ ക്രിസ്മസ് ദിനത്തില്‍ സാന്താക്ലോസിന്റെ കോലം കത്തിച്ചോ? വീഡിയോയുടെ വാസ്തവം

ഉത്തരേന്ത്യയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ക്രിസ്മസ് ദിനത്തില്‍ സാന്താക്ലോസിന്റെ കോലം കത്തിച്ചുവെന്ന അവകാശവാദത്തോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

HABEEB RAHMAN YP

ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെ കേരളത്തിലടക്കം സംഘപരിവാര്‍ - തീവ്ര ഹിന്ദുത്വ വിഭാഗങ്ങള്‍ വലിയതോതില്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടിരുന്നു. പാലക്കാട്ടെ ഒരു സ്കൂളില്‍ ക്രിസ്മസ് ആഘോഷം തടഞ്ഞത് വാര്‍ത്തയാവുകയും ഇതിന് പിന്നാലെ ചില വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഉത്തരേന്ത്യയിലും സംഘപരിവാര്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെ രംഗത്തെത്തിയെന്ന വിവരണത്തോടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഒരു കൂട്ടം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തെരുവില്‍ സാന്താക്ലോസിന്റെ കോലം കത്തിച്ചുവെന്ന വിവരണത്തോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Fact-check: 

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വീഡിയോ പഴയതാണെന്നും സൗത്ത് ചെക്ക് അന്വേഷണത്തില്‍ കണ്ടെത്തി. 

പ്രചരിക്കുന്ന വീഡിയോയുടെ ചില കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ നിരവധി മാധ്യമറിപ്പോര്‍ട്ടുകളില്‍ ഇവ ഉപയോഗിച്ചതായി കണ്ടെത്തി. ടെലഗ്രാഫ് ഇന്ത്യ 2021 ഡിസംബര്‍ 26 ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഈ വീഡിയോയില്‍നിന്നുള്ള ദൃശ്യം കാണാം. 

ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ ഹിന്ദു സംഘടനകള്‍ സാന്താക്ലോസിന്റെ കോലം കത്തിച്ചുവെന്നാണ് വാര്‍ത്ത. വിശദമായ റിപ്പോര്‍ട്ടില്‍ അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത്, രാഷ്ട്രീയ ബജ്റംഗ്ദള്‍ എന്നീ സംഘടനകളാണ് ഇതിന് പിന്നിലെന്ന് വ്യക്തമാക്കുന്നു. 2021 ക്രിസ്മസ് ദിനത്തിലായിരുന്നു ഇത്. ദി ഹിന്ദുവും ഈ വാര്‍ത്ത റിപ്പോര്‍‍ട്ട് ചെയ്തിട്ടുണ്ട്

ഇന്ത്യാടുഡേയും ഇതേ ദിവസം ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതായി കണ്ടെത്തി. വീഡിയോയില്‍നിന്നുള്ള ഭാഗം വാര്‍ത്തയില്‍ നല്‍കിയിട്ടുണ്ട്. 

ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടിലും മേല്പറഞ്ഞ രണ്ട് സംഘടനകളാണ് ഇതിന് പിന്നിലെന്നാണ് വ്യക്തമാക്കുന്നത്. ക്രിസ്ത്യന്‍ സ്കൂളുകളില്‍ ക്രിസ്മസ് ദിനത്തില്‍ നടത്തുന്ന ആഘോഷങ്ങള്‍ മതപരിവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നു എന്നതുള്‍പ്പെടെ ആരോപണങ്ങളുമായാണ് സംഘടനകള്‍ ഇത്തരമൊരു പ്രതിഷേധം സംഘടിപ്പിച്ചത്. 

വിവിധ പ്രാദേശിക മാധ്യമങ്ങളും ഓണ്‍ലൈന്‍ മാധ്യമങ്ങളും ഇതേ ദിവസം ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതായി കണ്ടെത്തി. 

ഇതോടെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി. അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത്, ബജ്റംഗ്ദള്‍ എന്നീ സംഘടനകള്‍ 2021 ലെ ക്രിസ്മസ് ദിനത്തില്‍ ആഗ്രയില്‍ നടത്തിയ പ്രതിഷേധ പരിപാടിയാണ്  ഈ വര്‍ഷത്തേതെന്ന തരത്തില്‍ പ്രചരിക്കുന്നതെന്ന് സ്ഥിരീകരിച്ചു. 

Fact Check: Pro-Palestine march in Kerala? No, video shows protest against toll booth

Fact Check: ഓണം ബംപറടിച്ച സ്ത്രീയുടെ ചിത്രം? സത്യമറിയാം

Fact Check: யோகி ஆதித்யநாத்தை ஆதரித்து தீப்பந்தத்துடன் பேரணி நடத்தினரா பொதுமக்கள்? உண்மை என்ன

Fact Check: Christian church vandalised in India? No, video is from Pakistan

Fact Check: ಕಾಂತಾರ ಚಾಪ್ಟರ್ 1 ಸಿನಿಮಾ ನೋಡಿ ರಶ್ಮಿಕಾ ರಿಯಾಕ್ಷನ್ ಎಂದು 2022ರ ವೀಡಿಯೊ ವೈರಲ್