തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി നേടിയതിന് പിന്നാലെ ബിജെപി നേതാവ് വി.വി. രാജേഷ് കോര്‍പ്പറേഷന്‍ മേയറായി ചുമതലയേറ്റു. അദ്ദേഹം ചുമതലയേറ്റ് ആദ്യം ഒപ്പുവെച്ചത് തിരുവനന്തപുരത്തെ വയോജനങ്ങള്‍ക്ക് ചികിത്സയുറപ്പാക്കുന്ന വയോമിത്രം പദ്ധതിയ്ക്കായി 50.5 കോടി രൂപ അനുവദിച്ച ഫയലാണെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം. തദ്ദേശചരിത്രത്തില്‍തന്നെ ആദ്യമായാണ് ഇതെന്ന അവകാശവാദത്തോടെയാണ് നിരവധി പേര്‍ ഈ പോസ്റ്റ് പങ്കിടുന്നത്.
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വിവി രാജേഷ് ഒപ്പുവെച്ചത് 50 ലക്ഷംരൂപയുടെ ഫയലാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഡിസംബര്‍ 26 ന് മാതൃഭൂമി പങ്കുവെച്ച വാര്‍ത്താകാര്‍ഡ് കണ്ടെത്തി. ഇതില്‍ 50 ലക്ഷം രൂപ എന്നാണ് നല്‍കിയിരിക്കുന്നത്.
ഈ വൈരുദ്ധ്യം പ്രത്യേകം പരിശോധിച്ചതോടെ തിരുവനന്തപുരം നഗരസഭയിലെ 101 വാര്‍ഡുകളിലേക്ക് 50 ലക്ഷം രൂപ വീതം ആകെ 50.5 കോടി രൂപ എന്ന നിലയില്‍ പ്രചരിക്കുന്ന കാര്‍ഡിലെ ഉള്ളടക്കത്തെ ന്യായീകരിച്ച് ചിലര്‍ പങ്കിട്ട കമന്റുകള്‍ ശ്രദ്ധയില്‍പെട്ടു. ഇതോടെ വ്യക്തതയ്ക്കായി വി വി രാജേഷിന്റെ വാര്‍ത്താസമ്മേളനം വിശദമമായി പരിശോധിച്ചു.
വയോമിത്രം പദ്ധതി നിലവില്‍ കോര്‍പ്പറേഷനിലെ 55 വാര്‍ഡുകളിലാണ് നടപ്പാക്കി തുടങ്ങിയിട്ടുള്ളതെന്നും ബാക്കി വാര്‍ഡുകളില്‍ വൈകാതെ നടപ്പാക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്. “അതുമായി ബന്ധപ്പെട്ട് 50 ലക്ഷം രൂപ ഈ വാര്‍ഡുകളിലേക്ക് അനുവിദിക്കുന്ന പദ്ധതിയാണ് ആദ്യമായി ഒപ്പിട്ട ഫയല്‍” എന്നാണ് അദ്ദേഹം തുടര്‍ന്ന് പറയുന്നത്. ഇതോടെ 50 കോടിയെന്ന പ്രചാരണം വ്യാജമാണെന്ന് വ്യക്തമായി. മാത്രമല്ല, ആകെ കോര്‍പ്പറേഷന്‍ വിഹിതമായി നല്‍കിയ തുകയെന്ന നിലയ്ക്കാണ് 50 ലക്ഷം രൂപയുടെ ഫയല്‍ എന്ന് പരാമര്‍ശിക്കുന്നത്. ഓരോ വാര്‍ഡിനും 50 ലക്ഷം രൂപ വീതം ആയിരുന്നെങ്കില്‍ ആകെ തുകയാണ് പറയേണ്ടിയിരുന്നത്.
ജനം ടിവി പങ്കിട്ട യൂട്യൂബ് വീഡിയോയില്‍ 50 ലക്ഷം എന്ന് തത്സമയം സ്ക്രീനില്‍ കാണാം.
വാര്‍ത്താ സമ്മേളനത്തിന്റെ തുടര്‍ച്ചയായി പ്രസ്തുത ഫയല്‍ കഴിഞ്ഞ കൗണ്‍സില്‍ പാസാക്കിയതാണെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ഇതോടെ പ്രചരിക്കുന്ന അവകാശവാദത്തിലേതുപോലെ ബിജെപി അധികാരത്തില്‍ വന്ന ശേഷം നടപ്പാക്കിയ പുതിയ തീരുമാനമല്ല ഇതെന്നും വ്യക്തമായി.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വയോമിത്രം പദ്ധതി തിരുവനന്തപുരം കോര്‍പ്പറേഷന്റെ പദ്ധതിയല്ലെന്നും വ്യക്തമായി. കേരള സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന പദ്ധതിയാണിത്. ഇതിനകം പദ്ധതി വിജയകരമായി നടപ്പാക്കിയ പല തദ്ദേശസ്ഥാപനങ്ങളും കേരളത്തിലുണ്ട്. പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ കേരള സാമൂഹ്യസുരക്ഷാ മിഷന്‍ വെബ്സൈറ്റിലും കാണാം.
ഇതോടെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ച് നടപ്പാക്കുന്ന വയോമിത്രം പദ്ധതിയിലേക്ക് തിരുവനന്തപുരം കോര്‍പ്പറേഷന്റെ വിഹിതമായി നല്‍കുന്ന 50 ലക്ഷം രൂപ മുന്‍ കൗണ്‍സിലില്‍ പാസാക്കിയ ഫയല്‍ ഒപ്പിടുക മാത്രമാണ് വി വി രാജേഷ് ചെയ്തതെന്ന് ഇതോടെ സ്ഥിരീകരിച്ചു.