വിമാനത്തില്‍നിന്ന് ശൂന്യതയിലേക്ക് കൈവീശി മോദി: വീ‍ഡിയോയുടെ വസ്തുതയറിയാം

സഞ്ചരിക്കുന്ന യുദ്ധവിമാനത്തില്‍നിന്ന് ശൂന്യതയിലേക്ക് കൈവീശുന്നുവെന്ന അവകാശവാദത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ചാണ് ട്രോളുകള്‍ പ്രചരിക്കുന്നത്.
വിമാനത്തില്‍നിന്ന് ശൂന്യതയിലേക്ക് കൈവീശി മോദി: വീ‍ഡിയോയുടെ വസ്തുതയറിയാം

പ്രധാനമന്ത്രി നരേന്ദ്രമോദി യുദ്ധവിമാനത്തില്‍നിന്ന് ശൂന്യതയിലേക്ക് കൈവീശുന്നുവെന്ന അവകാശവാദത്തോടെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നു. സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ രൂപേണ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ ഒരു യുദ്ധവിമാനത്തില്‍ സഞ്ചരിക്കുന്ന പ്രധാനമന്ത്രി കൈവീശി കാണിക്കുന്ന ചില ഷോട്ടുകള്‍ കാണാം.

Fact-check: 

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പ്രധാനമന്ത്രി യുദ്ധവിമാനത്തില്‍ പറന്നതുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതുസംബന്ധിച്ച് കീവേഡ് പരിശോധന നടത്തിയതോടെ ബന്ധപ്പെട്ട വാര്‍ത്താക്കുറിപ്പ് ലഭിച്ചു. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രസിദ്ധീകരിച്ച രാജ്യരക്ഷാമന്ത്രാലയത്തിന്റെ വാര്‍ത്താക്കുറിപ്പില്‍ തദ്ദേശീയമായി രൂപകൽപ്പന ചെയ്ത  പോർവിമാനം എൽസിഎ തേജസിൽ പ്രധാനമന്ത്രി പറന്നതായാണ് നല്കിയിരിക്കുന്നത്.

ഈ സൂചനയുടെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകള്‍ പരിശോധിച്ചു. യൂട്യൂബില്‍ ഈ യാത്രയുടെ ദൈര്‍ഘ്യമേറിയ വീഡിയോ പങ്കുവെച്ചതായി കണ്ടെത്തി. വീഡിയോ വിശദമായി പരിശോധിച്ചതോടെ ഇതില്‍ ആകാശത്തുനിന്ന് തന്നെ രണ്ട് ക്യാമറകളില്‍നിന്നുള്ള ഷോട്ടുകള്‍ ഉപയോഗിച്ചതായി കണ്ടെത്തി. പ്രധാനമന്ത്രി ഇരിക്കുന്ന വിമാനത്തില്‍ അദ്ദേഹത്തിന് മുന്നിലായാണ് ആദ്യത്തെ ക്യാമറ. രണ്ടാമതായി സമാന്തരമായി പറക്കുന്ന മറ്റൊരു വിമാനത്തില്‍നിന്നെടുത്ത ഷോട്ടുകളും വീഡിയോയില്‍ കാണാം.

പ്രധാനമന്ത്രിയുടെ വിമാനത്തിന് സമാന്തരമായി പറക്കുന്ന ഈ വിമാനം പുറകില്‍നിന്ന് മുന്നോട്ടുവരുന്നതും പിന്നീട്  വിമാനത്തിന്റെ ദിശയിലേക്ക് നോക്കി പ്രധാനമന്ത്രി കൈവീശുന്നതും ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്.

ഇതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി കൈവീശുന്നത് ശൂന്യതയിലേക്കല്ലെന്നും സമാന്തരമായി പറക്കുന്ന വിമാനത്തിലേക്കും അതില്‍നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്തുന്ന ക്യാമറയിലേക്കും നോക്കിയാണെന്നും വ്യക്തമായി.

Related Stories

No stories found.
logo
South Check
southcheck.in