Fact Check: യുദ്ധഭീതിയില്‍ വിമാനത്താവളത്തിലേക്കോടുന്ന ഇസ്രയേല്‍ ജനത - വീഡിയോയുടെ വാസ്തവം

ഇറാന്‍റെ ആക്രമണം നേരിടുന്ന ഇസ്രയേലിലെ ജനങ്ങള്‍ യുദ്ധഭീതിയില്‍ വിമാനത്താവളത്തിലേക്ക് ഓടുന്ന ദൃശ്യങ്ങളെന്ന അടിക്കുറിപ്പോടെ പങ്കുവെച്ചിരിക്കുന്ന വീഡിയോയില്‍ നിരവധി പേര്‍ ഒരു എസ്കലേറ്റര്‍ വഴി ഓടിയിറങ്ങുന്നത് കാണാം.
Fact Check: യുദ്ധഭീതിയില്‍ വിമാനത്താവളത്തിലേക്കോടുന്ന ഇസ്രയേല്‍ ജനത - വീഡിയോയുടെ വാസ്തവം

ഇസ്രയേലിന്റെ ഗാസ അധിനിവേശത്തിന് പിന്നാലെയാണ് ഇറാന്‍ -  ഇസ്രയേല്‍ സംഘര്‍ഷം ഉടലെടുത്തത്. യുദ്ധസാഹചര്യം കണക്കിലെടുത്ത് ഇസ്രയേലിലേക്കും ഇറാനിലേക്കും യാത്ര ഒഴിവാക്കാന്‍ ഇന്ത്യക്കാരോട് വിദേശകാര്യമന്ത്രാലയം നിര്‍ദേശിച്ചിരുന്നു. സംഘര്‍ഷം രൂക്ഷമായേക്കാവുന്ന സാഹചര്യത്തില്‍ ഇസ്രയേല്‍ - യുക്രെയ്ന്‍ യുദ്ധത്തിന്റേതുള്‍പ്പെടെ നിരവധി ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. 


ഇതിന് പിന്നാലെയാണ് മറ്റൊരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. യുദ്ധഭീതിയില്‍ വിമാനത്താവളത്തിലേക്ക് ഓടിരക്ഷപ്പെടുന്ന ഇസ്രയേലി ജനങ്ങളുടെ ദൃശ്യങ്ങളെന്ന വിവരണത്തോടെയാണ് വീഡിയോ.

Fact-check: 

പ്രചരിക്കുന്ന വീഡിയോയ്ക്ക് ഇസ്രയേലുമായോ ഇറാനുമായോ യാതൊരു ബന്ധവുമില്ലെന്നും ദൃശ്യങ്ങള്‍ 2018-ല്‍ റോമില്‍നിന്നുള്ളതാണെന്നും സൗത്ത് ചെക്ക് അന്വേഷണത്തില്‍ വ്യക്തമായി. 

വീഡിയോയുടെ പശ്ചാത്തലത്തില്‍ അറബി ഭാഷയോട് സാമ്യമുള്ള ഒരു ഭാഷയില്‍ വിവരണമുണ്ടെങ്കിലും ഭാഷയേതെന്ന് സ്ഥിരീകരിക്കാനായില്ല. എന്നാല്‍ ഇസ്രയേല്‍ എന്ന വാക്ക് അതിലുപയോഗിച്ചതായി കേള്‍ക്കാം.  തുടര്‍ന്ന് കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയില്‍ ഈ വീഡിയോയിലെ ചില ഭാഗങ്ങള്‍ ചിത്രങ്ങളായി ഉപയോഗിച്ച മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭിച്ചു. 

ബിസിനസ് ഇന്‍സൈഡര്‍ എന്ന വെബ്സൈറ്റില്‍ 2018 ഒക്ടോബര്‍ 24ന് നല്‍കിയ വിവരപ്രകാരം ഇത് റോമിലെ ഒരു മെട്രോ സ്റ്റേഷനില്‍ എസ്കലേറ്റര്‍ തകരാറിലായതിനെത്തുടര്‍ന്നുണ്ടായ അപകടമാണെന്ന സൂചന ലഭിച്ചു. തുടര്‍ന്ന് കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ BBC ഉള്‍പ്പെടെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ദൃശ്യങ്ങള്‍ സഹിതം ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതായി കണ്ടെത്തി.

ബിബിസി 2018 ഒക്ടോബര്‍ 24ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ഇതിനെ സാധൂകരിക്കുന്നു. അപകടത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റതായും BBC റിപ്പോര്‍ട്ട് ചെയ്യുന്നു. 

റിപ്പബ്ലിക്ക മെട്രോ സ്റ്റേഷനിലാണ് അപകടമുണ്ടായതെന്ന് NDTV പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ കാണാം.  പരിക്കേറ്റവരിലേറെയും റഷ്യന്‍ ഫുട്ബോള്‍ ആരാധകരാണെന്നും റിപ്പോര്‍ട്ടിലുണ്ട്. 

ദി ഗാര്‍ഡിയന്റെ യൂട്യൂബ് ചാനലിലും ഇതേ വീഡിയോ 2018 ഒക്ടോബര്‍ 24ന്  പങ്കുവെച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട അഗ്നിരക്ഷാ പ്രവര്‍ത്തകരുടെ പ്രതികരണങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ഇതോടെ പ്രചരിക്കുന്ന അവകാശവാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി. ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രചരിക്കുന്ന ഈ വീഡിയോയ്ക്ക്  അഞ്ചുവര്‍ഷത്തിലേറെ പഴക്കമുണ്ടെന്നും ദൃശ്യങ്ങള്‍ റോമില്‍നിന്നുള്ളതാണെന്നും സ്ഥിരീകരിച്ചു. 

Related Stories

No stories found.
logo
South Check
southcheck.in