Malayalam

Fact Check: ബംഗാളില്‍ രാമഭജന ആലപിച്ച് CPIM തിരഞ്ഞെടുപ്പ് പ്രചാരണം? വീഡിയോയുടെ സത്യമറിയാം

ബംഗാളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ CPIM പ്രവര്‍ത്തകര്‍ രാമഭജന ആലപിക്കുന്നുവെന്ന വിവരണത്തോടെ പ്രചരിക്കുന്ന വീഡിയോയുടെ പശ്ചാത്തലത്തില്‍ CPIM കൊടിതോരണങ്ങളും കാണാം.

HABEEB RAHMAN YP

നിരീശ്വരവാദം പ്രചരിപ്പിച്ച CPIM ബംഗാളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാമഭജന ആലപിക്കുന്നുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. പൊതുവെ മതപരമായ വിശ്വാസങ്ങളും ആചാരങ്ങളും രാഷ്ട്രീയത്തില്‍ കലര്‍ത്തുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിക്കുന്ന പ്രസ്ഥാനം തന്നെ മതത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നുവെന്ന വിമര്‍ശനത്തോടെയാണ് വീഡിയോ പ്രചരിക്കുന്നത്.  ഗാനമാലപിക്കുന്ന വേദിയുടെ പശ്ചാത്തലത്തില്‍ CPIM കൊടിതോരണങ്ങളും കാണാം.  

Fact-check: 

പ്രചാരണം വ്യാജമാണെന്നും പ്രചരിക്കുന്ന വീഡിയോ എഡിറ്റ് ചെയ്തതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. 

പ്രചരിക്കുന്ന വീഡിയോ സൂക്ഷ്മമായി പരിശോധിച്ചതോടെ ഇതില്‍ ഗാനമാലപിക്കുന്ന വ്യക്തിയുടെ ചലനത്തിനനുസരിച്ചല്ല കേള്‍ക്കുന്ന ഗാനമെന്ന് വ്യക്തമായി. ഇദ്ദേഹം മൈക്കില്‍നിന്ന് അകലുമ്പോഴും ഗാനം തുടര്‍ച്ചയായി കേള്‍ക്കാം. മാത്രവുമല്ല, ദൃശ്യങ്ങളില്‍ കാണുന്ന തബലയുടെ ശബ്ദം കേള്‍ക്കുന്ന രാമഭജനയില്‍ ഇല്ലെന്നതും ശ്രദ്ധേയമാണ്. ഇതോടെ വീഡിയോയിലെ ഓഡിയോ എഡിറ്റ് ചെയ്തതാകാമെന്ന സൂചന ലഭിച്ചു. 

തുടര്‍ന്ന് വീഡിയോയിലെ ചില കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ചില എക്സ് ഹാന്‍ഡിലുകളില്‍നിന്ന് ഇത് നേരത്തെ പങ്കിട്ടതായി കണ്ടെത്തി. 

ബംഗാളി ഭാഷയില്‍ പങ്കിട്ട ഒരു ട്വീറ്റിന് മറുപടിയായി യഥാര്‍ത്ഥ വീഡിയോ എന്ന തരത്തില്‍ പങ്കിട്ട വീഡിയോ പരിശോധിച്ചതോടെ ഇതില്‍ ആലപിക്കുന്നത് രാമഭജനയല്ലെന്ന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ CPIM പശ്ചിമബംഗാള്‍ ഘടകത്തിന്റെ ഫെയ്സ്ബുക്ക് പേജില്‍ ഒരാള്‍ ഇതേ യഥാര്‍ത്ഥ വീഡിയോ പങ്കിട്ടതായി കണ്ടെത്തി. 2024 നവംബറിലാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. 

ഇതില്‍ ബംഗാളി ഭാഷയില്‍ നല്‍കിയിരിക്കുന്ന വിവരണം ഗൂഗ്ള്‍ ട്രാന്‍സലേറ്ററിന്റെ സഹായത്തോടെ പരിഭാഷപ്പെടുത്തി പരിശോധിച്ചു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും വിലക്കയറ്റവുമടക്കം പ്രശ്നങ്ങളില്‍ പ്രതിഷേധിച്ച് നന്ദിഗ്രാമില്‍ സിപിഐഎം നടത്തിയ പരിപാടിയിലെ രംഗങ്ങളാണിതെന്ന് ഈ വിവരണം വ്യക്തമാക്കുന്നു. 

തുടര്‍ന്ന് യഥാര്‍ത്ഥ വീഡിയോയില്‍ ആലപിക്കുന്ന “നീല്‍ ഗഗന്‍ പര്‍” എന്ന് തുടങ്ങുന്ന ഗാനവും പരിശോധിച്ചു. യൂട്യൂബില്‍ ഈ വരികളുപയോഗിച്ച് തിരഞ്ഞതോടെ ഇത് ഖണ്ഡന്‍ എന്ന ചിത്രത്തില്‍ മുഹമ്മദ് റാഫിയും ആശ ഭോസ്‍ലെയും ചേര്‍ന്ന് ആലപിച്ച ഗാനമാണെന്ന് കണ്ടെത്തി. 

ഇതോടെ CPIM പശ്ചിമബംഗാളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാമഭജന  ആലപിക്കുന്നുവെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും മറ്റൊരു പ്രതിഷേധപരിപാടിയില്‍ ആലപിച്ച ചലച്ചിത്രഗാനത്തിന്റെ ഓഡിയോ എഡിറ്റ് ചെയ്ത് മാറ്റിയാണ് വ്യാജപ്രചാരണമെന്നും വ്യക്തമായി. 

Fact Check: Nepal floods–Rescue operation saves stranded man? No, video is from Mexico

Fact Check: നേപ്പാളില്‍ പ്രളയത്തിനിടെ ഡാം തകരുന്ന ദൃശ്യം? വീഡിയോയുടെ സത്യമറിയാം

Fact Check: முதல்வர் விஜய் பாணியில் விநாயகர் சிலை செய்யப்பட்டதாகப் பரவும் படம்: உண்மை என்ன?

Fact Check: ನೇಪಾಳದಲ್ಲಿ ಪ್ರವಾಹ ನಂತರ ಮುಸ್ಲಿಮರಿಂದ ಕುರಾನ್ ಪಠಿಸಿ ಪ್ರಾರ್ಥನೆ ಮಾಡಲಾಗುತ್ತಿದೆಯೇ? ಸುಳ್ಳು, ಸತ್ಯ ಇಲ್ಲಿದೆ

Fact Check: ‘బాంబు పరీక్ష’లో మదర్సా టీచర్, కుటుంబం మృతి? కాదు, వీడియోలో కనిపించింది సిలిండర్ పేలుడు