Malayalam

Fact Check: സുരേഷ് ഗോപി കേന്ദ്രമന്ത്രിയാവുന്നതില്‍ സന്തോഷമറിയിച്ച് ഇ പി ജയരാജന്‍? വാര്‍ത്താ കാര്‍ഡിന്റെ സത്യമറിയാം

ലോക്സഭ തിരഞ്ഞെടുപ്പില്‍ വിജയിച്ച സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുന്നതില്‍ സന്തോഷമുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍കൂടി വിജയിച്ചിരുന്നെങ്കില്‍ കേരളത്തിന് രണ്ട് കേന്ദ്രമന്ത്രിമാരെ ലഭിക്കുമായിരുന്നുവെന്നും ഇ പി ജയരാജന്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്താകാര്‍ഡിന്റെ രൂപത്തിലാണ് പ്രചാരണം.

HABEEB RAHMAN YP

ലോക്സഭ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍നിന്ന് വിജയിച്ച NDA സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയ്ക്ക് കേന്ദ്രമന്ത്രിസ്ഥാനം ലഭിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് LDF കണ്‍വീനര്‍ ഇ പി ജയരാജന്‍ അതില്‍ സന്തോഷമറിയിച്ചതായി പ്രചാരണം. സുരേഷ് ഗോപി കേന്ദ്രമന്ത്രിയാവുന്നതില്‍ സന്തോഷമുണ്ടെന്നും തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖര്‍കൂടി ജയിച്ചിരുന്നെങ്കില്‍ കേരളത്തിന് രണ്ട് കേന്ദ്രമന്ത്രിമാരെ ലഭിച്ചേനെയെന്നും ജയരാജന്‍ പറ‍ഞ്ഞതായാണ് പ്രചാരണം. ഏഷ്യാനെറ്റ് ന്യൂസിന്റെ വാര്‍ത്താകാര്‍ഡിന്റെ രൂപത്തില്‍ ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. (Archive)

ഇ പി ജയരാജന്റെ സംഘപരിവാര്‍ അനുകൂല നിലപാടാണ് പ്രതികരണമെന്ന തരത്തില്‍ നിരവധി പേരാണ് ഈ വാര്‍ത്താകാര്‍ഡ് പങ്കുവെച്ചിരിക്കുന്നത്. (Archive 1, Archive 2, Archive 3)

Fact-check: 

പ്രചാരണം അടിസ്ഥാനരഹിതമാണന്നും ഇ പി ജയരാജന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും സൗത്ത് ചെക്ക് അന്വേഷണത്തില്‍ വ്യക്തമായി. 

പ്രചരിക്കുന്ന കാര്‍ഡിലുപയോഗിച്ചിരിക്കുന്ന ഫോണ്ട് ഏഷ്യാനെറ്റ് ന്യൂസിന്റെ പൊതുവില്‍ ഉപയോഗിക്കുന്ന ഫോണ്ടില്‍നിന്ന് വ്യത്യസ്തമാണ്. ഇത് കാര്‍ഡ് വ്യാജമാകാമെന്നതിന്റെ ആദ്യസൂചനയായി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഈ തിയതിയിലോ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള ദിവസങ്ങളിലോ ഏഷ്യാനെറ്റ് ന്യൂസിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ ഇത്തരമൊരു കാര്‍ഡ് പങ്കുവെച്ചിട്ടില്ലെന്ന് വ്യക്തമായി.

അതേസമയം ഇതിന് സമാനമായ മറ്റൊരു കാര്‍ഡ് 2024 ജൂണ്‍ ആറിന് പങ്കുവെച്ചതായി കണ്ടെത്തി. (Archive)

തിരഞ്ഞെടുപ്പിലെ പരാജയം താല്‍ക്കാലിക പ്രതിഭാസമാണെന്നും സംസ്ഥാന സര്‍ക്കാറിന്റെ വിലയിരുത്തല്‍ അല്ലെന്നും ഇ പി ജയരാജന്‍ നടത്തിയ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് കാര്‍ഡ് പങ്കുവെച്ചിരിക്കുന്നത്. ഈ കാര്‍ഡാണ് എഡിറ്റ് ചെയ്ത് പുതിയ ഉള്ളടക്കം ചേര്‍ത്ത് പ്രചരിപ്പിക്കുന്നതെന്ന് ഇതോടെ വ്യക്തമായി.

ഇതുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് വെബ്സൈറ്റില്‍ വിശദമായ വാര്‍ത്തയും നല്‍കിയിട്ടുണ്ട്. 

ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി. 

സുരേഷ് ഗോപിയുടെ വിജയത്തില്‍ ഇ പി ജയരാജന്‍ നടത്തിയ പ്രസ്താവനകളും തുടര്‍ന്ന് പരിശോധിച്ചു. അദ്ദേഹത്തിന്റെ വിജയത്തിന് ശേഷം ഇ പി ജയരാജന്‍ അതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രതികരണം നടത്തിയതായി മാധ്യമറിപ്പോര്‍ട്ടുകളൊന്നും കണ്ടെത്താനായില്ല. സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് ഇ പി ജയരാജന്‍ നടത്തിയ അവസാന പ്രതികരണം വോട്ടെണ്ണലിന്റെ തലേദിവസമായിരുന്നു. ബിജെപിയില്‍ എത്തിയതോടെ സുരേഷ് ഗോപി ജനങ്ങളില്‍നിന്ന് അകന്നുവെന്നും അദ്ദേഹത്തിന്റെ സിനിമകള്‍ പോലും ജനങ്ങള്‍ കാണാതായെന്നുമാണ് ജൂണ്‍ 3-ന് ജയരാജന്‍ പറഞ്ഞത്.

ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി.  

Fact Check: Jio recharge for a year at just Rs 399? No, viral website is a fraud

Fact Check: സുപ്രഭാതം വൈസ് ചെയര്‍മാന് സമസ്തയുമായി ബന്ധമില്ലെന്ന് ജിഫ്രി തങ്ങള്‍? വാര്‍‍ത്താകാര്‍ഡിന്റെ സത്യമറിയാം

Fact Check: தந்தையும் மகனும் ஒரே பெண்ணை திருமணம் செய்து கொண்டனரா?

ఫాక్ట్ చెక్: కేటీఆర్ ఫోటో మార్ఫింగ్ చేసినందుకు కాదు.. భువ‌న‌గిరి ఎంపీ కిర‌ణ్ కుమార్ రెడ్డిని పోలీసులు కొట్టింది.. అస‌లు నిజం ఇది

Fact Check: ಬೆಂಗಳೂರಿನಲ್ಲಿ ಮುಸ್ಲಿಮರ ಗುಂಪೊಂದು ಕಲ್ಲೂ ತೂರಾಟ ನಡೆಸಿ ಬಸ್ ಧ್ವಂಸಗೊಳಿಸಿದ್ದು ನಿಜವೇ?