Malayalam

Fact Check: സവാരി നിഷേധിക്കുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് 7500 രൂപ പിഴ? വൈറല്‍ പ്രചാരണം വസതുതാ വിരുദ്ധം

ഓട്ടോക്കാര്‍ക്കെതിരായ പരാതികള്‍ അറിയിക്കാന്‍ എംവിഡി പ്രത്യേക വാട്‌സ്ആപ് നമ്പര്‍ ആരംഭിച്ചതായും പോസ്റ്റുകളില്‍ പറയുന്നു.

Sreejisha Laila

സവാരി വിളിച്ചാല്‍ നിഷേധിക്കുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ഇനി മുതല്‍ 7500രൂപ പിഴ ഈടാക്കുവാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചതായി അവകാശപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം വൈറലാണ്. ഓട്ടോക്കാര്‍ക്കെതിരായ പരാതികള്‍ അറിയിക്കാന്‍ എംവിഡി പ്രത്യേക വാട്‌സ്ആപ് നമ്പര്‍ ആരംഭിച്ചതായും ഇത്തരം പരാതികള്‍ 24 മണിക്കൂറിനകം പരിഹരിക്കപ്പെടുമെന്നുമാണ് പോസ്റ്റുകളിലെ അവകാശവാദം.

Fact Check

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരായ പരാതി അറിയിക്കാനുള്ള പ്രത്യേക വാട്‌സ്ആപ് നമ്പറല്ല പോസ്റ്റിലുള്ളതെന്നും ഇത്തരം പരാതികള്‍ക്ക് 7500 രൂപ ഫൈന്‍ ഈടാക്കുമെന്നത് തെറ്റായ വിവരമാണെന്നും അന്വേഷണത്തില്‍ വ്യക്തമായി.

പ്രചരിക്കുന്ന പോസ്റ്റുകളില്‍ നല്‍കിയിട്ടുള്ള മൊബൈല്‍ നമ്പറിനെപ്പറ്റിയാണ് (8547639011) ആദ്യം അന്വേഷിച്ചത്. കോഴിക്കോട് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസറുടെ നമ്പറാണിതെന്ന് മനസിലാക്കാനായി. കോഴിക്കോട് ആര്‍ടി ഓഫിസില്‍ ബന്ധപ്പെട്ടപ്പോള്‍ ഇത്തരമൊരു അറിയിപ്പ് അവിടെ നിന്ന് നല്‍കിയിട്ടില്ലെന്ന വിവരമാണ് ലഭിച്ചത്.

വിശദമായ പരിശോധനയില്‍ വൈറല്‍ പ്രചാരണം തെറ്റാണെന്ന് വ്യക്തമാക്കി 2023ല്‍ തന്നെ കേരള മോട്ടോര്‍ വാഹന വകുപ്പ് വിശദീകരണം നല്‍കിയിട്ടുള്ളതായി കണ്ടെത്തി. എംവിഡി കേരളയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ നല്‍കിയ വിശദീകരണത്തില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരെ പരാതി നല്‍കാന്‍ എംവിഡി ഇത്തരത്തില്‍ വാട്‌സ്ആപ് നമ്പര്‍ പ്രസിദ്ധീകരിച്ചിട്ടില്ലെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. സവാരി പോകാത്ത ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ക്കെതിരെയുള്ള പരാതി അതത് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടി ഓഫിസുകളിലാണ് നല്‍കേണ്ടതെന്നും സന്ദേശങ്ങളിലുള്ള വാട്‌സ്ആപ് നമ്പറില്‍ അല്ലെന്നും വിശദമാക്കിക്കൊണ്ടുള്ള എംവിഡിയുടെ കുറിപ്പ് താഴെ കാണാം.

പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാന്‍ കേന്ദ്രീകൃതമായ ഒരു നമ്പര്‍ നിലവിലുണ്ട്. മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ വെബ്‌സൈറ്റില്‍ പരാതി പരിഹാര സെല്ലിന്റെ നമ്പര്‍ (91 88 96 11 00) ആണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാലിത് ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കെതിരായ പരാതികള്‍ മാത്രം അറിയിക്കുന്ന നമ്പറല്ല, എംവിഡിയില്‍ രജിസ്റ്റര്‍ ചെയ്യേണ്ട എല്ലാ പരാതികളും ഇതില്‍ അറിയിക്കാവുന്നതാണ്. എംവിഡി പരാതി പരിഹാര സെല്ലിലേക്ക് രാവിലെ 10.15 മുതല്‍ വൈകിട്ട് അഞ്ച് മണിവരെ വിളിച്ച് പരാതികള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

സവാരി വിളിച്ചാല്‍ പോകാത്ത ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് 7500 രൂപ പിഴ ഈടാക്കുമെന്ന പോസ്റ്റിലെ അവകാശവാദവും തെറ്റാണ്. നിയമപ്രകാരം പരമാവധി 3000 രൂപവരെയെ ഇത്തരം കുറ്റകൃത്യങ്ങളില്‍പ്പെടുന്നവരില്‍ നിന്ന് ഈടാക്കാന്‍ സാധിക്കൂ. സാധരണയായി ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരെ പരാതി ലഭിച്ചാല്‍ പരാതിക്കാരനെയും ഡ്രൈവറെയും ഒരുമിച്ച് ഹിയറിംഗിന് വിളിക്കുകയും ഗുരുതരമായ പരാതിയാണെങ്കില്‍ ഡ്രൈവറുടെ പെര്‍മിറ്റ് റദ്ദാക്കുന്നതുപോലുള്ള നടപടികള്‍ ഉണ്ടാകും.

ഇതില്‍ നിന്ന് പ്രചരിക്കുന്ന പോസ്റ്റുകളിലുള്ളത് സവാരി വിളിച്ചാല്‍ വരാത്ത ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരെ പരാതിപ്പെടുന്ന നമ്പറല്ലെന്നും ഇത്തരം പരാതികള്‍ക്ക് ഡ്രൈവര്‍മാരില്‍ നിന്ന് 7500 രൂപ പിഴ ഈടാക്കുമെന്നത് തെറ്റായ വിവരമാണെന്നും വ്യക്തം.

Fact Check: Delhi Police open fire on Rahul Gandhi’s protest rally? No, here are the facts

Fact Check: കൊല്‍ക്കത്തയില്‍ വിമാനത്താവളത്തിനായി മുസ്ലിം പള്ളി പൊളിക്കുന്ന ദൃശ്യങ്ങള്‍? വീഡിയോയുടെ സത്യമറിയാം

Fact Check: தமிழ்நாட்டில் மகளிர் இலவசப் பேருந்தில் பெண்கள் சண்டையிட்டுத் தாக்கியதாகப் பரவும் காணொலியின் உண்மைப் பின்னணி?

Fact Check: ಇದು ಹಿಂದೂ ರಾಷ್ಟ್ರೀಯವಾದಿಗಳು ಜಂತರ್ ಮಂತರ್​ಗೆ ಪ್ರಯಾಣ ಬೆಳೆಸಿದ ವಿಡಿಯೊ ಅಲ್ಲ

Fact Check: ఢిల్లీలో సీఈసీ జ్ఞానేశ్ కుమార్‌కు వ్యతిరేకంగా నిరసనా? కాదు, పాత వీడియో వైరల్