Malayalam

Fact Check: വെനസ്വേലയില്‍ ഭൂകമ്പത്തിനു പിന്നാലെയുണ്ടായ സുനാമിയുടെ ദൃശ്യം? സത്യമിതാണ്

ഭൂകമ്പത്തെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ വെനസ്വേലയില്‍ സുനാമി റിപ്പോര്‍ട്ട് ചെയ്തുവെന്ന രീതിയിലാണ് വീഡിയോ പ്രചരിക്കുന്നത്.

Southcheck Network

ജൂണ്‍ 25ന് വെനസ്വേലയിലുണ്ടായ ഇരട്ട ഭൂകമ്പത്തില്‍ 164 പേര്‍ കൊല്ലപ്പെട്ടതുള്‍പ്പെടെ വന്‍ നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ വെനസ്വേലയില്‍ സുനാമിയും റിപ്പോര്‍ട്ട് ചെയ്തുവെന്ന രീതിയില്‍ ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നിര്‍മാണം നടക്കുന്ന ഒരു പോര്‍ട്ടില്‍ നിന്നുള്ള ദൃശ്യമാണിത്. വലിയ തിരമാലകള്‍ ആഞ്ഞടിക്കുന്നതും ബോട്ടുകള്‍ അതില്‍പ്പെടുന്നതും കാണാം. പശ്ചാത്തലത്തില്‍ അപായ സൈറണ്‍ മുഴങ്ങുന്നതും കേള്‍ക്കാം. 

Fact Check

വൈറല്‍ പോസ്റ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ്. 2011 മുതല്‍ പ്രചാരത്തിലുള്ള ഈ വീഡിയോ ജപ്പാനിലെ കുജി പോര്‍ട്ടില്‍ (Kuji Port) നിന്നുള്ളതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

വൈറല്‍ വീഡിയോയുടെ കീഫ്രെയ്മുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ ഈ വീഡിയോ വര്‍ഷങ്ങളായി പ്രചാരത്തിലുണ്ടെന്ന് വ്യക്തമായി. 2011ല്‍ ജപ്പാനിലുണ്ടായ സുനാമിയുടെ ദൃശ്യം എന്ന രീതിയിലാണ് യുട്യൂബ് പേജുകളില്‍ ഈ വീഡിയോ പങ്കുവച്ചിട്ടുള്ളത്. '2011 Japan Tsunami Archives' എന്ന യുട്യൂബ് പേജില്‍ 2022 മാര്‍ച്ച് 20ന് ഈ വീഡിയോയുടെ ദൈര്‍ഘ്യമേറിയ പതിപ്പ് പങ്കുവച്ചിട്ടുണ്ട്. 2011 ജപ്പാന്‍ സുനാമി - കുജി സിറ്റി പോര്‍ട്ട് എന്നാണ് ഗ്രെറ്റി ഇമേജെസിന്റെ വാട്ടര്‍ മാര്‍ക്കുള്ള ഈ വീഡിയോയുടെ വിവരണത്തില്‍ പറയുന്നത്. വീഡിയോ ചുവടെ കാണാം. 

2011ല്‍ ജപ്പാനിലെ കുജി സിറ്റി പോര്‍ട്ടിലുണ്ടായ സുനാമിയെ പറ്റിയും പരിശോധിച്ചു. ഇതില്‍ നിന്ന് വൈറല്‍ വീഡിയോ കുജി പോര്‍ട്ടിലുണ്ടായ സുനാമിയുടെ ദൃശ്യമാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. 

അതേസമയം, റിക്ടര്‍ സ്‌കെയിലില്‍ 7.5 രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടര്‍ന്ന് വെനസ്വേലയില്‍ സുനാമി മുന്നറിയിപ്പുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഭൂകമ്പത്തിനുശേഷം വെനസ്വേലയില്‍ സുനാമി ഉണ്ടായതായി ഇതുവരെ റിപ്പോര്‍ട്ടുകളൊന്നുമില്ല.

ഇതില്‍ നിന്ന് വെനസ്വേലയില്‍ ഭൂകമ്പത്തിനു പിന്നാലെയുണ്ടായ സുനാമിയുടെ ദൃശ്യം എന്ന രീതിയില്‍ പ്രചരിക്കുന്ന വീഡിയോ 2011ല്‍ ജപ്പാനിലുണ്ടായ സുനാമിയില്‍ കുജി സിറ്റി പോര്‍ട്ടില്‍ നിന്ന് പകര്‍ത്തിയ ദൃശ്യമാണെന്ന് വ്യക്തമായി.

Fact Check: Video shows Ukraine’s recent strike on Russia’s Kuibyshev oil refinery? No, here are the facts

Fact Check: കൊല്‍ക്കത്തയില്‍ വിമാനത്താവളത്തിനായി മുസ്ലിം പള്ളി പൊളിക്കുന്ന ദൃശ്യങ്ങള്‍? വീഡിയോയുടെ സത്യമറിയാം

Fact Check: இரு கைகளும் இல்லாத பெண் ஜிம்னாஸ்டிக்ஸ் செய்யும் வைரல் காணொலி உண்மையா?

Fact Check: ದೆಹಲಿಯಲ್ಲಿ ಮಳೆಯ ನಡುವೆಯೂ ಮುಖ್ಯ ಚುನಾವಣಾ ಆಯುಕ್ತರ ವಿರುದ್ಧ ಪ್ರತಿಭಟನೆ? ಇಲ್ಲ, ಇದು ಹಳೆಯ ವಿಡಿಯೊ

Fact Check: ఢిల్లీలో సీఈసీ జ్ఞానేశ్ కుమార్‌కు వ్యతిరేకంగా నిరసనా? కాదు, పాత వీడియో వైరల్