Malayalam

Fact Check: തെലങ്കാന മുഖ്യമന്ത്രിയെ അപമാനിച്ച് സോണിയ ഗാന്ധിയുടെ സെക്യൂരിറ്റി? വീഡിയോയുടെ സത്യമറിയാം

'മുഖ്യമന്ത്രി ആണെങ്കിലും സോണിയ ഗാന്ധിയില്‍ നിന്ന് ഒരു കൈ അകലമിട്ട് നിന്നാല്‍ മതി' എന്ന വിവരണത്തോടെയാണ് വീഡിയോ പ്രചരിക്കുന്നത്.

Sreejisha Laila

തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡിയെ സോണിയ ഗാന്ധിയുടെ സെക്യൂരിറ്റി സ്റ്റാഫ് അപമാനിച്ചുവെന്ന രീതിയില്‍ ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വേദിയില്‍ സംസാരിക്കുന്ന സോണിയ ഗാന്ധിക്ക് അടുത്തേയ്ക്ക് വരുന്ന രേവന്ദ് റെഡ്ഡിയെ സെക്യൂരിറ്റി സ്റ്റാഫ് തടയുന്നത് കാണാം. 'മുഖ്യമന്ത്രി ആണെങ്കിലും സോണിയ ഗാന്ധിയില്‍ നിന്ന് ഒരു കൈ അകലമിട്ട് നിന്നാല്‍ മതി' എന്ന വിവരണത്തോടെയാണ് വീഡിയോ പ്രചരിക്കുന്നത്.

പ്രചരിക്കുന്ന പോസ്റ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. വൈറല്‍ വീഡിയോ 2023 സെപ്റ്റംബറില്‍ നടന്ന പരിപാടിയിലേതാണ്, അന്ന് രേവന്ദ് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രി ആയിരുന്നില്ല.

വൈറല്‍ വീഡിയോയുടെ കീഫ്രെയ്മുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ പരിശോധിച്ചപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ ബിവി ശ്രീനിവാസിന്റെ ഫേസ്ബുക്ക് പേജില്‍ 2023 സെപ്റ്റംബര്‍ 17ന് സമാനമായ വീഡിയോ പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി.

2023ലെ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ത്രീകള്‍ക്കായുള്ള മഹാലക്ഷ്മി പദ്ധതി ഉള്‍പ്പെടെയുള്ള ' 5 വാഗ്ദാനങ്ങള്‍' സംബന്ധിച്ച് സോണിയ ഗാന്ധി പ്രഖ്യാപനം നടത്തുന്ന പരിപാടിയാണിതെന്ന് വിവരണത്തില്‍ പറയുന്നു. സ്ത്രീകള്‍ക്ക് 2500 രൂപ ധനസഹായം, സൗജന്യ ബസ് യാത്ര, 500 രൂപയ്ക്ക് എല്‍പിജി സിലിണ്ടര്‍ എന്നിങ്ങനെയുള്ള പ്രഖ്യാപനങ്ങളാണ് സോണിയ ഗാന്ധി നടത്തിയത്. ഫേസ്ബുക്ക് വീഡിയോ ചുവടെ കാണാം.

2023 സെപ്റ്റംബര്‍ 17ന് തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ തുക്കുഗുഡിയില്‍ നടന്ന പൊതുസമ്മേളനത്തിലാണ് സോണിയ ഗാന്ധി 'അഞ്ച് വാഗ്ദാനങ്ങള്‍' പ്രപഖ്യാപിച്ചതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യ, ടിവി 9 തെലുങ്കു ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകളില്‍ വൈറല്‍ വീഡിയോയുടെ സ്‌ക്രീന്‍ഷോട്ടും കാണാം.

സോണിയ ഗാന്ധി പങ്കെടുത്ത ഈ പൊതുസമ്മേളനത്തില്‍ രേവന്ദ് റെഡ്ഡിയോട് സെക്യൂരിറ്റി സ്റ്റാഫ് മോശമായി പെരുമാറിയിരുന്നോ എന്നറിയുന്നതിനായി പരിപാടിയുടെ വീഡിയോകളും ഞങ്ങള്‍ പരിശോധിച്ചു. തിരഞ്ഞെടുപ്പ് വേളയില്‍ തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ (TPCC) അധ്യക്ഷനായിരുന്ന രേവന്ദ് റെഡ്ഡി പൊതുസമ്മളന വേദിയില്‍ സജീവമായിരുന്നതായി വീഡിയോകളില്‍ നിന്ന് വ്യക്തമാണ്. സോണിയ ഗാന്ധിയുടെ പ്രസംഗം തര്‍ജിമ ചെയ്യാന്‍ നിന്നയാളുടെ മൈക്ക് പ്രവര്‍ത്തിക്കാതിരിക്കുമ്പോള്‍ സെക്യൂരിറ്റി സ്റ്റാഫ് തന്നെ രേവന്ദ് റെഡ്ഡിയുടെ കൈകളില്‍ മറ്റൊരു മൈക്ക് നല്‍കുന്നതും അദ്ദേഹം അത് കൈമാറുന്നതുമെല്ലാം പരിപാടിയുടെ ദൈര്‍ഘ്യമേറിയ പതിപ്പുകളില്‍ കാണാം.

സോണിയ ഗാന്ധി പ്രസംഗിക്കുമ്പോള്‍ തന്നെ വേദിയില്‍ അവരുടെ സമീപമായി അദ്ദേഹം നില്‍ക്കുന്നുമുണ്ട്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, കെസി വേണുഗോപാല്‍ തുടങ്ങിയ ദേശീയ നേതാക്കളെയും വേദിയില്‍ കാണാം. സംസ്ഥാന അധ്യക്ഷന്‍ ന്ന നിലയ്ക്കാണ് രേവന്ദ് റെഡ്ഡി പരിപാടിയുടെ ആദ്യാവസാനം വേദിയില്‍ നിന്നത്. തൊട്ടടുത്ത് നിന്ന സെക്യൂരിറ്റിയോട് സംസാരിച്ച് തിരിയുമ്പോഴാണ് മൈക്ക് പോയിന്റിന് തൊട്ടടുത്തേയ്ക്ക് അശ്രദ്ധമായി എത്തിയത്. ഈ സമയത്ത് സ്വാഭാവികമന്നോണമാണ് സെക്യൂരിറ്റി സ്റ്റാഫ് കൈകള്‍ ഉയര്‍ത്തി അദ്ദേഹത്തോട് ഇക്കാര്യം പറഞ്ഞത്. മഹാ ന്യൂസ് തെലങ്കാന പങ്കുവച്ച വീഡിയോ ചുവടെ കാണാം.

തെലങ്കാന മുഖ്യമന്ത്രിയായി രേവന്ദ് റെഡ്ഡി ചുമതലയേറ്റെടുത്തത് 2023 ഡിസംബര്‍ ഏഴിനാണ്. വൈറല്‍ വീഡിയോ 2023 സെപ്റ്റംബര്‍ 17ലെ ഇലക്ഷന്‍ പ്രചാരണത്തില്‍ നിന്നുള്ളതുമാണ്. ഇതില്‍ നിന്ന് തന്നെ മുഖ്യമന്ത്രി രേവന്ദ് റെഡ്ഡിയെ സോണിയ ഗാന്ധിയുടെ സ്റ്റാഫ് അപമാനിച്ചുവെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.

Fact Check: Muslim youth attacks Hindu schoolgirl in Bangladesh? No, here are the facts.

Fact Check: കൊല്‍ക്കത്തയില്‍ വിമാനത്താവളത്തിനായി മുസ്ലിം പള്ളി പൊളിക്കുന്ന ദൃശ്യങ്ങള്‍? വീഡിയോയുടെ സത്യമറിയാം

Fact Check: சேலம் சங்ககிரி அருகே மரத்திலிருந்து அதிசய ஊற்று போல் நீர் பீறிட்டு வந்ததா? வைரல் காணொலியின் உண்மை என்ன

Fact Check: ಢಾಕಾದಲ್ಲಿ ಮುಸ್ಲಿಂ ವ್ಯಕ್ತಿಯಿಂದ ಹಿಂದೂ ಯುವತಿಗೆ ಚೂರಿಯಿಂದ ಇರಿಯಲಾಗಿದೆಯೇ? ಸುಳ್ಳು, ಸತ್ಯ ಇಲ್ಲಿದೆ

Fact Check: భారత స్వదేశీ బుల్లెట్ రైలు వీడియో? కాదు, ఇది తైవాన్‌కు చెందినది