Malayalam

Fact Check: ഓട്ടോറിക്ഷ പെര്‍മിറ്റ് പുതുക്കാന്‍ 4300 രൂപയോ? നിരക്ക് വര്‍ധനയിലെ വാസ്തവമറിയാം

ഓട്ടോറിക്ഷയുടെ പെര്‍മിറ്റ് പുതുക്കാനുള്ള ഫീ കേരളസര്‍ക്കാര്‍ പത്തിരട്ടി വര്‍ധിപ്പിച്ച് 4300 രൂപയാക്കിയെന്നും ഇത് ഏപ്രില്‍ 1ന് നിലവില്‍ വന്നുവെന്നുമാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം.

HABEEB RAHMAN YP

ഓട്ടോറിക്ഷകളുടെ പെര്‍മിറ്റ് പുതുക്കാനുള്ള ഫീ കേരള സര്‍ക്കാര്‍ പത്തിരട്ടി വര്‍ധിപ്പിച്ചതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. 400 രൂപയായിരുന്നത് 4300 രൂപയാക്കി വര്‍ധിപ്പിച്ചുവെന്നാണ് അവകാശവാദം. എല്‍ഡിഎഫിന്റെ ജനദ്രോഹനടപടിയെന്ന വിവരണത്തോടെ നിരവധി പേരാണ് സന്ദേശം സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നത്. (Archive 1, Archive 2)

Fact-check: 

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പതിനഞ്ച് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക് മാത്രം നടപ്പാക്കിയ വര്‍ധന കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണെന്നും സൗത്ത് ചെക്ക് അന്വേഷണത്തില്‍ വ്യക്തമായി. 

പ്രചരിക്കുന്ന ചില പോസ്റ്റുകളില്‍ ഏത് ഫീയാണ് വര്‍ധിപ്പിച്ചതെന്നതില്‍ വ്യക്തതയില്ല. വാഹനങ്ങള്‍ക്ക് നിശ്ചിത ഇടവേളകളില്‍ പെര്‍മിറ്റ്, ഫിറ്റ്നസ്, രജിസ്ട്രേഷന്‍ ഉള്‍പ്പെടെ പുതുക്കേണ്ടതുണ്ട്. അതേസമയം ചില പോസ്റ്റുകളില്‍ പെര്‍മിറ്റ് പുതുക്കലുമായി ബന്ധപ്പെട്ടാണ് വര്‍ധന എന്ന പരാമര്‍ശം കാണാം. 

ഇതിന്റെ അടിസ്ഥാനത്തില്‍ കേരള മോട്ടോര്‍വാഹന വകുപ്പിന്റെ വെബ്സൈറ്റാണ് വിവരങ്ങള്‍ക്കായി ആദ്യം പരിശോധിച്ചത്. ഇതില്‍ വിവിധ സേവനങ്ങളുടെ ഫീ ഘടന വിശദമായി നല്‍കിയിട്ടുണ്ട്. ഇതില്‍ ഓട്ടോറിക്ഷകളുടെ പെര്‍മിറ്റ് സംബന്ധിച്ച നിരക്കാണ് ആദ്യം പരിശോധിച്ചത്.  കോണ്‍ട്രാക്ട് ക്യാരേജ് / സിറ്റി പെര്‍മിറ്റ് ലഭിക്കുന്നതിന് ഏറ്റവും പുതിയ നിരക്കായി നല്‍കിയിരിക്കുന്നത് 300 രൂപയും സര്‍വീസ് ചാര്‍ജായി 60 രൂപയുമാണ്.

തുടര്‍ന്ന് മറ്റ് ഫീസുകളുടെ വിശദാംശങ്ങളും പരിശോധിച്ചു. ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് രണ്ടുവര്‍ഷത്തിലൊരിക്കലും എട്ടുവര്‍ഷത്തിലധികം പഴക്കമുള്ള വാഹനമാണെങ്കില്‍ ഓരോ വര്‍ഷവും ഫിറ്റ്നസ് പുതുക്കേണ്ടതുണ്ട്. ഇതിന്റെ നിരക്കുകള്‍ സംബന്ധിച്ച വിവരങ്ങളും മോട്ടോര്‍വാഹന വകുപ്പിന്റെ വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

നല്‍കിയിരിക്കുന്ന വിവരപ്രകാരം ഫിറ്റ്നസ് പുതുക്കുന്നതിന് ഫീ 400 രൂപയും സര്‍വീസ് ചാര്‍ജ് 60 രൂപയുമാണെന്ന് കാണാം. കേന്ദ്രഗവണ്മെന്റിന്റെ പരിവാഹന്‍ വെബ്സൈറ്റിലും ഈ വിവരങ്ങള്‍ ലഭ്യമാണെന്നും ഇതേ തുകയാണ്  നല്‍കിയിരിക്കുന്നതെന്നും കണ്ടെത്തി.

പ്രചരിക്കുന്ന പോസ്റ്റുകളിലെ 4300 രൂപയെന്ന അവകാശവാദത്തെക്കുറിച്ച് വിശദമായി പരിശോധിച്ചതോടെ ഇത് പഴയ വാഹനങ്ങള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട നയത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ 2021 ല്‍ കൊണ്ടുവന്ന മോട്ടാര്‍വാഹന നിയമഭേദഗതി പ്രകാരം 15 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ക്ക് മാത്രം ബാധകമായ നിരക്കാണെന്ന് വ്യക്തമായി. ഇതുമായി ബന്ധപ്പെട്ട് പുതുക്കിയ നിരക്കുകള്‍ ഉള്‍പ്പെടുത്തി 2021 ഒക്ടോബറില്‍ പുറത്തിറക്കിയ വിജ്ഞാപനവും ലഭ്യമായി.

ഈ വിജ്ഞാപന പ്രകാരം പതിനഞ്ച് വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങളുടെ  രജിസ്ട്രേഷന്‍, ഫിറ്റ്നസ് എന്നിവ പുതുക്കുന്നതിനുള്ള നിരക്കാണ് പരിഷ്ക്കരിച്ചിരിക്കുന്നത്. ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് പുതുക്കാന്‍ പരിശോധനയ്ക്ക് 800 രൂപയും സര്‍ട്ടിഫിക്കറ്റിന് 3500 രൂപയുമടക്കം 4300 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. 2022 ഏപ്രില്‍ 1 മുതലാണ് ഈ വിജ്ഞാപനം പ്രാബല്യത്തിലുള്ളത്. 

ഇതുസംബന്ധിച്ച് വിവിധ മാധ്യമറിപ്പോര്‍ട്ടുകളും ലഭ്യമായി. 24 ന്യൂസ് പങ്കുവെച്ച വീഡിയോയില്‍ ഇതിന്റെ വിവിധ വശങ്ങള്‍ വിശദീകരിക്കുന്നുണ്ട്.

തുടര്‍ന്ന് സാധാരണഗതിയില്‍ പെര്‍മിറ്റ് - ഫിറ്റ്നസ് എന്നിവ പുതുക്കുന്നതിനുള്ള ഫീയുമായി ബന്ധപ്പെട്ട വ്യക്തതയ്ക്കായി കോഴിക്കോട് നോര്‍ത്ത് സോണ്‍ ഡെപ്യൂ‍ട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ആര്‍. രാജീവുമായി ബന്ധപ്പെട്ടു. പെര്‍മിറ്റ് പുതുക്കുന്നതിനോ ഫിറ്റ്നസ് പുതുക്കുന്നതിനോ നിലവില്‍ പുതിയതായി വര്‍ധനയൊന്നും വന്നിട്ടില്ലെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. 

ഇതോടെ പ്രചരിക്കുന്ന സന്ദേശം പതിനഞ്ച് വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ക്ക് മാത്രം ബാധകമായതാണെന്നും  കേന്ദ്രസര്‍ക്കാര്‍ നയത്തിന്റെ അടിസ്ഥാനത്തിലുള്ളതാണെന്നും വ്യക്തമായി. ‌

Fact Check: Potholes on Kerala road caught on camera? No, viral image is old

Fact Check: ഇത് റഷ്യയിലുണ്ടായ സുനാമി ദൃശ്യങ്ങളോ? വീഡിയോയുടെ സത്യമറിയാം

Fact Check: ஏவுகணை ஏவக்கூடிய ட்ரோன் தயாரித்துள்ள இந்தியா? வைரல் காணொலியின் உண்மை பின்னணி

Fact Check: ರಷ್ಯಾದ ಕಮ್ಚಟ್ಕಾದಲ್ಲಿ ಭೂಕಂಪ, ಸುನಾಮಿ ಎಚ್ಚರಿಕೆ ಎಂದು ಹಳೆಯ ವೀಡಿಯೊ ವೈರಲ್

Fact Check: హైదరాబాద్‌లో ఇంట్లోకి చొరబడి పూజారిపై దాడి? లేదు, నిజం ఇక్కడ తెలుసుకోండి