Malayalam

Fact Check: കേരള പൊലീസിലേക്ക് PSC നിയമനം മുസ്ലിം ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമോ?

കേരള പോലീസ് സേനയിലേക്ക് മുസ്ലിം വിഭാഗത്തില്‍നിന്ന് മാത്രമായി PSC റിക്രൂട്ട്മെന്റ് നടത്തുന്നുവെന്ന അവകാശവാദത്തോടെയാണ് സന്ദേശം പ്രചരിക്കുന്നത്.

HABEEB RAHMAN YP

കേരള പൊലീസിലേക്കുള്ള PSC നിയമനത്തില്‍ മതപരമായ വിവേചനമെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. മുസ്ലിം വിഭാഗത്തിന് മാത്രമായി PSC റിക്രൂട്ട്മെന്റ് നടത്തുന്നുവെന്ന അവകാശവാദത്തോടെയാണ് സന്ദേശം പ്രചരിക്കുന്നത്. പത്താംക്ലാസ് യോഗ്യതയില്‍ പ്രതിമാസം 31,100 രൂപ മുതല്‍ 66,800 രൂപവരെ ശമ്പളത്തിലാണ് നിയമനമെന്നുംം അവസാന തിയതി 2024 ഓഗസ്റ്റ് 14 ആണെന്നും സന്ദേശത്തിനൊപ്പം നല്‍കിയിരിക്കുന്ന കാര്‍ഡില്‍ കാണാം. 

Fact-check: 

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും PSC വിജ്ഞാപനം  സംവരണ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണെന്നും സൗത്ത് ചെക്ക് അന്വേഷണത്തില്‍ വ്യക്തമായി. 

പ്രചരിക്കുന്ന സന്ദേശത്തിനൊപ്പം നല്‍കിയിരിക്കുന്ന ചിത്രത്തില്‍ കേരള പൊലീസിലെ കോണ്‍സ്റ്റബ്ള്‍ തസ്തികയിലേക്കുള്ള വിജ്ഞാപനമാണെന്നും അതിന്റെ കാറ്റഗറി നമ്പറും നല്‍കിയിട്ടുണ്ട്. ഈ സൂചനകള്‍ ഉപയോഗിച്ച് 212/2024 എന്ന PSC വിജ്ഞാപനം ഔദ്യോഗിക വെബ്സൈറ്റില്‍ പരിശോധിച്ചതോടെ വിജ്ഞാപനത്തിന്റെ യഥാര്‍ത്ഥ പതിപ്പ് ലഭ്യമായി.

ജൂലൈ 15ന് പുറത്തിറക്കിയ ഇത് NCA വിജ്ഞാപനമാണ്. NCA എന്നാല്‍ No Candidate Available എന്നര്‍ത്ഥം. സംവരണ തസ്തികയിലേക്ക് റാങ്ക് പട്ടികയില്‍ വേണ്ടത്ര  സംവരണ വിഭാഗക്കാര്‍ ഉള്‍പ്പെടാത്ത സാഹചര്യത്തിലാണ് ഈ വിഭാഗത്തിനായി മാത്രം പ്രത്യേക വിജ്ഞാപനം പുറത്തിറക്കുന്നത്. ഇത് മുസ്ലിം വിഭാഗത്തിന് മാത്രമല്ല, പട്ടികജാതി/പട്ടികവര്‍ഗ വിഭാഗം ഉള്‍പ്പെടെ എല്ലാ പിന്നാക്ക സംവരണ വിഭാഗങ്ങള്‍ക്കും ബാധകമാണെന്നും ഔദ്യോഗിക വെബ്സൈറ്റില്‍ നല്‍കിയ വിവരങ്ങള്‍ വ്യക്തമാക്കുന്നു. 

തുടര്‍ന്ന് PSC ആസ്ഥാനത്ത് സ്ഥിരീകരണത്തിനായി ബന്ധപ്പെട്ടതോടെ അവരും ഇക്കാര്യം വ്യക്തമാക്കി. കേരള പൊലീസിലെ ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ - റെഗുലര്‍ വിഭാഗത്തിലേക്കുള്ള പൊതു വിജ്ഞാപനം 77 ഒഴിവുകളുമായി 2021 ല്‍ പുറത്തുവന്നതാണെന്നും നിലവിലെ വിജ്ഞാപനം ഒഴിഞ്ഞുകിടക്കുന്ന സംവരണ തസ്തികകളിലേക്ക് മാത്രമുള്ളതാണെന്നും അവര്‍ അറിയിച്ചു. 2021 ല്‍ പുറത്തിറക്കിയ പൊതുവിജ്ഞാപനവും PSC വെബ്സൈറ്റില്‍നിന്ന് ലഭ്യമായി.

PSC നിയമനങ്ങളില്‍ നിയമാനുസൃതമായ സംവരണക്രമം പിന്തുടരുക മാത്രമാണ് ചെയ്യുന്നതെന്നും മതപരമായ വിവേചനം കാണിക്കുന്നില്ലെന്നും ഇതോടെ വ്യക്തമായി. മാത്രവുമല്ല, പ്രസ്തുത തസ്തികയിലേക്ക് ഇതുവരെ നടത്തിയ നിയമനങ്ങളുടെ സംവരണവിഭാഗങ്ങള്‍ തിരിച്ചുള്ള കണക്കുകളും PSC വെബ്സൈറ്റില്‍ ലഭ്യമാണ്.

ഇതുപ്രകാരം എല്ലാ പിന്നാക്ക വിഭാഗങ്ങള്‍ക്കും അര്‍ഹമായ സംവരണക്രമം പാലിച്ചുകൊണ്ടാണ് നിയമന നടപടിക്രമങ്ങള്‍ എന്ന് വ്യക്തമായി. 

ഇതോടെ പ്രചരിക്കുന്ന സന്ദേശം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തം.

Fact Check: Massive protest with saffron flags to save Aravalli? Viral clip is AI-generated

Fact Check: തിരുവനന്തപുരത്ത് 50 കോടിയുടെ ഫയല്‍ ഒപ്പുവെച്ച് വി.വി. രാജേഷ്? പ്രചാരണത്തിന്റെ സത്യമറിയാം

Fact Check: கருணாநிதியை குறிப்பிட்டு உதயநிதி ஸ்டாலின் "Rowdy Time" எனப் பதிவிட்டாரா?

Fact Check: ಚಿಕ್ಕಮಗಳೂರಿನ ಆಸ್ಪತ್ರೆಯಲ್ಲಿ ಮಹಿಳೆಗೆ ದೆವ್ವ ಹಿಡಿದಿದ್ದು ನಿಜವೇ?, ವೈರಲ್ ವೀಡಿಯೊದ ಸತ್ಯಾಂಶ ಇಲ್ಲಿದೆ

Fact Check: మంచులో ధ్యానం చేస్తున్న నాగ సాధువులు? లేదు, నిజం ఇక్కడ తెలుసుకోండి...