കേരളപ്പിറവി സമ്മാനമായി KSRTC വാങ്ങിയ വോള്‍വോ ബസ്സുകളുമായി ബന്ധപ്പെട്ട് വിവാദം. വോള്‍വോയുടെ ഏറ്റവും പുതിയ 9600 SLX ബസ്സുകള്‍ ആദ്യമായി വാങ്ങുന്നത് കേരളമാണെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍ അവകാശപ്പെട്ടു. എന്നാല്‍ മന്ത്രിയുടെ അവകാശവാദം തെറ്റാണെന്നും കര്‍ണാടക നേരത്തെ തന്ന ഈ മോഡല്‍ ബസ്സുകള്‍ വാങ്ങിയിട്ടുണ്ടെന്നുമാണ് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയുടെ വാദം.
കേരളമല്ല ആദ്യമായി ഈ മോഡല്‍ ബസ്സ് വാങ്ങുന്നതെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഈ ശ്രേണിയിലെ ഏറ്റവും പുതിയ മോഡലാണ് കേരളം വാങ്ങിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
മന്ത്രി ഗണേഷ് കുമാര്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റില്‍ ബസ്സിന്റെ മോഡലായി പറയുന്നത് Volvo 9600 SLX ആണ്. ജ്യോതികുമാര്‍ ചാമക്കാലയുടെ അവകാശവാദമനുസരിച്ച് ഈ മോഡല്‍ നേരത്തെ കര്‍ണാടക വാങ്ങിയിട്ടുണ്ട്. ഇക്കാര്യമാണ് ആദ്യം സ്ഥിരീകരിച്ചത്. വോള്‍വോയുടെ വെബ്സൈറ്റില്‍ തന്നെ നല്‍കിയ വിവരമനുസരിച്ച് വോള്‍വോ 9600 ശ്രേണിയിലെ സ്ലീപ്പര്‍ ബസ്സുകളാണ് 2023 ഫെബ്രുവരിയില്‍ കര്‍ണാടക വാങ്ങിയത്. ജ്യോതികുമാര്‍ പങ്കുവെച്ച ചിത്രത്തിലെ അതേ ബസ്സിന്റെ ചിത്രം ഈ റിപ്പോര്‍ട്ടിലും കാണാം.
എന്നാല്‍ ഇതില്‍ വോള്‍വോ 9600 മോഡല്‍ എന്ന് മാത്രമാണ് പറയുന്നതെന്നും SLX എന്ന് ഉപയോഗിച്ചിട്ടില്ലെന്നും കാണാം. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഈ ശ്രേണിയിലെ ഏറ്റവും പുതിയ മോഡലാണ് 9600 SLX എന്ന് കണ്ടെത്തി. പുതിയ മോഡല്‍ പുറത്തിക്കിയിരിക്കുന്നത് 2025 സെപ്തംബറിലാണ്. ഇതിന് ശേഷം നിരവധി സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഈ വാഹനം സ്വന്തമാക്കിയതിന്റെ വിവരങ്ങളും വോള്‍വോ ഇന്ത്യയുടെ സമൂഹമാധ്യമ പേജുകളിലുണ്ട്.
ഇതോടെ കര്‍ണാടക 2023 ല്‍ വാങ്ങിയ ബസ്സിന്റെ ശ്രേണിയിലെ ഏറ്റവും പുതിയ പതിപ്പായ 9600 SLX മോഡലാണ് കേരളം വാങ്ങിയിരിക്കുന്നതെന്ന് വ്യക്തമായി. 9600 മോഡലില്‍ സീറ്റര്‍, സ്ലിപ്പര്‍ ബസ്സുകള്‍ ലഭ്യമാണ്. എന്നാല്‍ 9600 SLX സ്ലീപ്പര്‍ കോച്ചുകള്‍ക്കു മാത്രമായി പുറത്തറിക്കിയ മോഡലാണ്.
ഇതോടെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി. ഇതേ ശ്രേണിയിലെ സ്ലിപ്പര്‍ മോഡല്‍ ബസ്സ് കര്‍ണാടക 2023 ല്‍ വാങ്ങിയിട്ടുണ്ടെങ്കിലും 2025 സെപ്തംബറില്‍ പുറത്തിറക്കിയ SLX മോഡല്‍ ആദ്യമായി വാങ്ങുന്ന റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ കേരളമാണെന്നും സ്ഥിരീകരിച്ചു.