KSRTC യുടെ ഏറ്റവും പുതിയ സര്‍വീസുകളിലൊന്നായ തിരുവനന്തപുരം - ബംഗലൂരു സ്ലീപ്പര്‍ സര്‍വീസ് നിര്‍ത്തലാക്കിയതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. ലാഭകരമായിരുന്ന സര്‍വീസ് കൂട്ടത്തോടെ നിര്‍ത്തിയത് KSRTC ബസ്സുകള്‍ തിരുവനന്തപുരത്തിന് പുറത്തേക്ക് കടത്താനുള്ള നീക്കമാണെന്നുപോലും ആരോപിച്ചാണ് പോസ്റ്റുകള്‍. തെരഞ്ഞെടുപ്പ് സമയത്ത് സംസ്ഥാന സര്‍ക്കാറിന് തിരിച്ചടിയാണ് നടപടിയെന്നും ചിലര്‍ പോസ്റ്റിനൊപ്പം രേഖപ്പെടുത്തുന്നു.
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും തിരുവനന്തപുരം - ബംഗലൂരു സ്ലീപ്പര്‍ സര്‍വീസ് നിലവില്‍ ലഭ്യമാണെന്നും അന്വേഷണത്തില്‍ വ്യക്തമായി.
വസ്തുത പരിശോധനയുടെ ഭാഗമായി ആദ്യം പരിശോധിച്ചത് KSRTC യുടെ ഔദ്യോഗിക ബുക്കിങ് വെബ്സൈറ്റാണ്. കെ-സ്വിഫ്റ്റിന്റെ പേരിലുള്ള പുതിയ വെബ്സൈറ്റില്‍ KSRTC യുടെയും സ്വിഫ്റ്റിന്റേയും എല്ലാ സര്‍വീസുകളുടെ ടിക്കറ്റ് ബുക്കിങും ലഭ്യമാണ്. ഇതില്‍ 2024 മാര്‍ച്ച് 11 ന് തിരുവനന്തപുരത്തുനിന്ന് ബംഗലൂരുവിലേക്കുള്ള സര്‍വീസുകള്‍ പരിശോധിച്ചു. വെബ്സൈറ്റ് പ്രകാരം രണ്ട് സ്ലീപ്പര്‍ സര്‍വീസുകള്‍ ഉള്‍പ്പെടെ നാല് സര്‍വീസുകളുടെ ബുക്കിങ് ലഭ്യമാണ്.
വൈകീട്ട് 5.30 ന് തിരുവനന്തപുരം ഡിപ്പോയുടെയും വൈകീട്ട് 7 മണിക്ക് കണിയാപുരം ഡിപ്പോയുടെയും സ്വിഫ്റ്റ്-ഗരുഡ സ്ലീപ്പര്‍ ബസ്സുകള്‍ വ്യത്യസ്ത റൂട്ടുകളില്‍ ബംഗലൂരുവിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. ഇതുകൂടാതെ രണ്ട് മള്‍ട്ടി-ആക്സില്‍ ബസ് സര്‍വീസുകളും ലഭ്യമാണെന്ന് വെബ്സൈറ്റ് വ്യക്തമാക്കുന്നു.
തുടര്‍ന്ന് KSRTC യുടെ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ടു. പ്രചാരണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അവരുടെ മറുപടി ഇങ്ങനെ:
“KSRTC തിരുവനന്തപുരം - ബംഗലൂരു സ്ലീപ്പര്‍ സര്‍വീസ് നിര്‍ത്തലാക്കിയെന്ന പ്രചാരണം തീര്‍ത്തും അടിസ്ഥാനരഹിതമാണ്. പ്രതിദിനം രണ്ട് സ്ലീപ്പര്‍ സര്‍വീസുകള്‍ ഈ റൂട്ടില്‍ നടത്തുന്നുണ്ട്. ഈയിടെ ഇതിലൊരു ബസ്സിന് ബംഗലൂരുവില്‍വെച്ച് തകരാറ് സംഭവിച്ച സമയത്ത് ഏതാനും സര്‍വീസുകള്‍ മുടങ്ങിയിരുന്നു. സ്ലീപ്പര്‍ ബസ്സുകളുടെ എണ്ണം കുറവായതിനാല്‍ വാഹനം ബ്രേക്ക്ഡൗണ്‍ ആകുന്ന സമയത്ത് പകരം വാഹനം ലഭ്യമാക്കാന്‍ പ്രയാസമായതിനാലാണ് സര്‍വീസുകള്‍ മുടങ്ങിയത്. സ്ലീപ്പര്‍ ബുക്ക് ചെയ്തവരെ സാധാരണ ബസ്സുകളില്‍ കൊണ്ടുപോകാനാവില്ലല്ലോ, അതുകൊണ്ടാണ് മറ്റ് ബസ്സുകള്‍ ഉപയോഗിച്ച് സര്‍വീസ് നടത്താതിരുന്നത്. വാഹനത്തിന്റെ അറ്റകുറ്റപണി പൂര്‍ത്തിയാക്കി സര്‍വീസ് പുനരാരംഭിച്ചിട്ടുണ്ട്. ഇതല്ലാതെ, സര്‍വീസ് നിര്‍ത്തലാക്കിയെന്ന തരത്തിലുള്ള ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണ്.”
ഇതോടെ പ്രചരിക്കുന്ന സന്ദേശം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി.