Malayalam

Fact Check: ഹജ്ജ് യാത്രികര്‍ക്ക് നിരക്കിളവും ശബരിമല തീര്‍ത്ഥാടകര്‍ക്ക് അധികനിരക്കും? KSRTC നിരക്കിലെ വാസ്തവം

ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ടിക്കറ്റ് നിരക്കില്‍ 30% ഇളവും ശബരിമല തീര്‍ത്ഥാടകര്‍ക്ക് 35% അധികനിരക്കും KSRTC ഈടാക്കുന്നുവെന്ന അവകാശവാദത്തോടെയാണ് ഒരു പത്രവാര്‍ത്തയും KSRTC ബസ്സിലൊട്ടിച്ച സ്റ്റിക്കറിന്റെ ചിത്രവുമടക്കം സമൂഹമാധ്യമങ്ങളില്‍ പ്രചാരണം.

HABEEB RAHMAN YP

KSRTC ബസ്സുകളില്‍ പ്രത്യേക മതവിഭാഗങ്ങള്‍ക്ക് നിരക്കിളവ് നല്‍കുന്നതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് 30% ഇളവ് നല്‍കുന്നുവെന്ന് സൂചിപ്പിക്കുന്ന ചിത്രവും ശബരിമല തീര്‍ത്ഥാടകര്‍ക്ക് 35% അധികനിരക്കെന്ന പത്രവാര്‍ത്തയും ഉള്‍പ്പെടയാണ്  പ്രചാരണം. സര്‍ക്കാര്‍ മതപരമായ വിവേചനം കാണിക്കുകയാണെന്ന ആരോപണത്തോടെയാണ് ചിത്രം പ്രചരിപ്പിക്കുന്നത്.

Fact-check: 

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും രണ്ട് ചിത്രങ്ങളും പഴയതാണെന്നും അന്വേഷണത്തില്‍ വ്യക്തമായി. ‌

KSRTC ബസ്സിന് മുന്നില്‍ 30% നിരക്കിളവ് സൂചിപ്പിക്കുന്ന സ്റ്റിക്കര്‍ പതിച്ച ചിത്രമാണ് ആദ്യം പരിശോധിച്ചത്. കെഎസ്ആര്‍ടിസി, 30 ശതമാനം തുടങ്ങിയ കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ തെരച്ചിലില്‍ ചില മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭ്യമായി. KSRTC പുതുതായി ഏറ്റെടുത്ത റൂട്ടുകളില്‍ 140 കിലോമീറ്ററിലധികം ദൈര്‍ഘ്യമുള്ളവയില്‍ 30 ശതമാനം നിരക്ക് ഇളവ് നല്‍കുന്നതായി വാര്‍ത്ത മിക്ക മുഖ്യധാരാ മാധ്യമങ്ങളിലും 2023 ഏപ്രില്‍ 13-14 തിയതികളിലായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

സ്വകാര്യ ബസ്സുകളുടെ അനധികൃത സര്‍വീസ് തടയാനും യാത്രക്കാരെ ആകര്‍ഷിക്കാനും വേണ്ടിയാണ് നിരക്കിളവ് നടപ്പാക്കുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്വകാര്യബസ്സുകള്‍ കുത്തകയാക്കിയ റൂട്ടുകള്‍ KSRTC ഏറ്റെടുത്തതിന് പിന്നാലെ സ്വകാര്യ ബസ്സുകള്‍ കോടതി ഉത്തരവിന്‍റെ പിന്‍ബലത്തോടെ സര്‍വീസ് തുടരുകയും ഇത് KSRTCയ്ക്ക് വന്‍ സാമ്പത്തിക പ്രതിസന്ധി സൃഷടിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. 223 സൂപ്പര്‍ക്ലാസ് സര്‍വീസുകള്‍ക്കാണ് ഇളവ്. 

The Hindu വും ഇതേ വാര്‍ത്ത ഏപ്രില്‍ 14ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ഔദ്യോഗിക സ്ഥിരീകരണത്തിനായി KSRTC യുടെ വെരിഫൈഡ് ഫെയ്സ്ബുക്ക് പേജ് പരിശോധിച്ചു. 2023 ഏപ്രില്‍ 13ന് ഇക്കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് നല്കിയ പോസ്റ്റ് ലഭിച്ചു.

ഇതോടെ 30 ശതമാനം നിരക്കിളവ് KSRTC നല്‍കിയിരിക്കുന്നത് 140 കിലോമീറ്ററിലധികം ദൈര്‍ഘ്യമുള്ള പുതുതായി ആരംഭിച്ച 223 സര്‍വീസുകള്‍ക്കാണെന്ന് വ്യക്തമായി. പ്രചരിക്കുന്ന ചിത്രത്തില്‍നിന്ന് ബസ്സ് മലപ്പുറം, പെരിന്തല്‍മണ്ണ, മണ്ണാര്‍ക്കാട് വഴി പാലക്കാട്ടേക്ക് പോകുന്നതാണെന്ന് വ്യക്തമാണ്. 140 കിലോമീറ്ററിലധികം ദൈര്‍ഘ്യം വരുന്ന 223 ടേക്ക് ഓവര്‍ സര്‍വീസുകളില്‍ ഒന്നായിരിക്കാം ഇത്. 

ഇതുകൂടാതെ പ്രത്യേക മതവിഭാഗങ്ങള്‍ക്കായി യാതൊരു ഇളവും നല്‍കുന്നില്ലെന്ന് KSRTC അധികൃതരും വ്യക്തമാക്കി. 

തുടര്‍ന്ന് ചിത്രത്തില്‍ നല്‍കിയിരിക്കുന്ന പത്രവാര്‍ത്ത പരിശോധിച്ചു. പ്രസക്തമായ കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ സമാനമായ നിരവധി റിപ്പോര്‍ട്ടുകള്‍ 2022 ല്‍ പ്രസിദ്ധീകരിച്ചതായി കണ്ടെത്തി. എന്നാല്‍ ഇത്തരത്തില്‍ പുതിയ വാര്‍ത്തയൊന്നും കണ്ടെത്താനുമായില്ല.

KSRTC യുടെ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ടതോടെ പ്രചാരണം തെറ്റാണെന്നും ഉത്സവകാല പ്രത്യേക നിരക്കുകള്‍ നിയമവിധേയമാണെന്നും അധികൃതര്‍  വ്യക്തമാക്കി.  ഉത്സവകാല നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട ഉത്തരവുകളും പരിശോധിച്ചു. മോട്ടോര്‍വാഹനവകുപ്പിന്‍റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച 2020ലെ ഗസറ്റ് വിജ്ഞാപനത്തില്‍ ഉത്സവകാലത്ത് 30 ശതമാനം വരെ അധിക നിരക്ക് ഈടാക്കാന്‍ അനുമതിയുണ്ടെന്ന് വ്യക്തം. 

മാത്രവുമല്ല, ഉത്സവകാല നിരക്കുകള്‍ക്ക് വിധേയമായ വിവിധ മതസ്ഥരുടെ വ്യത്യസ്ത ഉത്സവങ്ങളുടെ/ദേവാലയങ്ങളുടെ വിവരങ്ങളും വിജ്ഞാപനത്തില്‍ കാണാം. നല്‍കിയിരിക്കുന്ന 53 ദേവാലയങ്ങളുടെ/ ഉത്സവങ്ങളുടെ പട്ടികയില്‍ ശബരിമല മകരവിളക്കിനും മണ്ഡലപൂജയ്ക്കും യഥാക്രമം 25-ഉം 55-ഉം ദിവസങ്ങളില്‍ ഉത്സവകാല നിരക്ക് ഈടാക്കാമെന്ന് വ്യക്തമാക്കുന്നു. 

ഇതോടെ KSRTC ഈടാക്കുന്ന അധികനിരക്ക് ഉത്സവകാല പ്രത്യേകനിരക്കാണെന്നും ഇത് നിയമവിധേയമാണെന്നും ശബരിമല ഭക്തരുടെ മേല്‍ മാത്രം അടിച്ചേല്‍പ്പിക്കുന്നതല്ലെന്നും വ്യക്തമായി. 

Fact Check: Kerala girls' school flooded during 2025 monsoon? No, video is from Delhi

Fact Check: ഇത് റഷ്യയിലുണ്ടായ സുനാമി ദൃശ്യങ്ങളോ? വീഡിയോയുടെ സത്യമറിയാം

Fact Check: ஏவுகணை ஏவக்கூடிய ட்ரோன் தயாரித்துள்ள இந்தியா? வைரல் காணொலியின் உண்மை பின்னணி

Fact Check: ರಷ್ಯಾದಲ್ಲಿ ಸುನಾಮಿ ಅಬ್ಬರಕ್ಕೆ ದಡಕ್ಕೆ ಬಂದು ಬಿದ್ದ ಬಿಳಿ ಡಾಲ್ಫಿನ್? ಇಲ್ಲ, ವಿಡಿಯೋ 2023 ರದ್ದು

Fact Check: హైదరాబాద్‌లో ఇంట్లోకి చొరబడి పూజారిపై దాడి? లేదు, నిజం ఇక్కడ తెలుసుకోండి