Malayalam

Fact Check: കേരളത്തില്‍ ഏപ്രില്‍ 1 മുതല്‍ വിലക്കയറ്റമോ? പ്രചരിക്കുന്ന വാര്‍ത്താ കാര്‍ഡുകളുടെ വാസ്തവമറിയാം

HABEEB RAHMAN YP

ഏപ്രില്‍ 1 മുതല്‍ കേരളത്തില്‍ വിലക്കയറ്റമെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. സെസ്, നികുതി എന്നിവ കാരണം വിവിധ മേഖലകളില്‍ വരാനിരിക്കുന്ന വിലക്കയറ്റത്തെ സൂചിപ്പിക്കുന്ന അഞ്ച് വാര്‍ത്താകാര്‍ഡുകള്‍ ചേര്‍ത്ത് നിര്‍മിച്ച കൊളാഷ് ചിത്രമടക്കം പങ്കുവെച്ചാണ് പ്രചാരണം

ഇന്ധന സെസ്, കെട്ടിടനികുതി, വാഹനനികുതി. റോഡ് സുരക്ഷ സെസ്, മദ്യസെസ് എന്നിവയെക്കുറിച്ചുള്ള കാര്‍ഡുകളാണ് കൊളാഷ് രൂപത്തില്‍ പങ്കുവെച്ചിരിക്കുന്നത്.

Fact-check: 

പ്രചരിക്കുന്ന സന്ദേശം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സൗത്ത് ചെക്ക് അന്വേഷണത്തില്‍ വ്യക്തമായി. 

സെസ്, നികുതി എന്നിവ സാമ്പത്തികവര്‍ഷത്തിന്റെ തുടക്കം മുതലാണ് പ്രാബല്യത്തില്‍ വരുന്നത് - അതായത് ഏപ്രില്‍ 1 മുതല്‍. അതത് സാമ്പത്തികവര്‍ഷത്തെ ബജറ്റിനനുസരിച്ചാണ് ഓരോ വര്‍ഷവും ഏപ്രില്‍ 1 മുതല്‍ വിവിധ ഉല്പന്നങ്ങളുടെയും സേവനങ്ങളുടെയും വിലയിലും നികുതി, സെസ് എന്നിവയിലുമെല്ലാം മാറ്റം വരുന്നത്. ഇത് പൂര്‍ണമായും പ്രസ്തുത സാമ്പത്തികവര്‍ഷത്തെ ബജറ്റിനനുസരിച്ചാണ് നടപ്പാക്കുക.  ഏപ്രില്‍ 1 മുതല്‍ വിലവര്‍ധന ഉണ്ടാകണമെങ്കില്‍ അക്കാര്യം പ്രസ്തുത സാമ്പത്തികവര്‍ഷത്തെ ബജറ്റില്‍ വ്യക്തമാക്കണമെന്ന് ചുരുക്കം. 

കേരളത്തില്‍ 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചത് 2024 ഫെബ്രുവരി അഞ്ചിനാണ്. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റില്‍ ഇന്ധനസെസോ മദ്യസെസോ റോഡ് സുരക്ഷാ സെസോ ഉള്‍പ്പെട്ടിട്ടില്ലെന്നതാണ് വസ്തുത പരിശോധനയിലേക്ക് നയിച്ചത്. പ്രചരിക്കുന്ന ചിത്രത്തിലെ വാര്‍ത്താകാര്‍ഡുകള്‍ പരിശോധിച്ചതോടെ ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്ന 2023 മാര്‍ച്ച് 31 എന്ന തിയതി ശ്രദ്ധയില്‍പെട്ടു. 

ഇതോടെ പ്രചരിക്കുന്ന ചിത്രത്തിലെ വാര്‍ത്താകാര്‍ഡുകള്‍ കഴിഞ്ഞ വര്‍ഷത്തെ ബജറ്റിനെക്കുറിച്ചുള്ളതാകാമെന്ന സൂചന ലഭിച്ചു. മനോരമ ന്യൂസിന്റെ ഫെയ്സ്ബുക്ക് പേജില്‍ പരിശോധിച്ചതോടെ 2023 മാര്‍ച്ച് 31 ന് ഈ അഞ്ചു കാര്‍ഡുകളും (1, 2, 3, 4, 5) പങ്കുവെച്ചതായി കണ്ടെത്തി. 

തുടര്‍ന്ന് 2023-24 സാമ്പത്തികവര്‍ഷത്തെ സംസ്ഥാന ബജറ്റ് ധനവകുപ്പിന്റെ വെബ്സൈറ്റില്‍നിന്നും ശേഖരിച്ചു. മേല്‍പ്പറഞ്ഞ സെസ്, നികുതി വിവരങ്ങളെല്ലാം ഈ ബജറ്റിലുണ്ടെന്ന് സ്ഥിരീകരിച്ചു. 

2023-24 സംസ്ഥാന ബജറ്റില്‍ ഇന്ധന- റോഡ് സുരക്ഷാ സെസ് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് നിരവധി മാധ്യമവാര്‍ത്തകളും ലഭ്യമായി. ഇതോടെ പ്രചരിക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റിന്റെ ഉള്ളടക്കം പൂര്‍ണമായും കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ബജറ്റുമായി ബന്ധപ്പെട്ടതാണെന്ന് വ്യക്തമായി. 

വസ്തുത പരിശോധനയുടെ അവസാനഘട്ടത്തില്‍ നടപ്പുസാമ്പത്തികവര്‍ഷത്തെ ബജറ്റില്‍ പ്രചരിക്കുന്ന തരത്തിലുള്ള എന്തെങ്കിലും സെസോ നികുതിവര്‍ധനയോ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്നും പരിശോധിച്ചു. ധനവകുപ്പിന്റെ വെബ്സൈറ്റില്‍ ലഭ്യമായ 2024-24 സാമ്പത്തികവര്‍ഷത്തെ ബജറ്റ് വിശദമായി പരിശോധിച്ചു. 

ബജറ്റില്‍ സെസ് ഏര്‍പ്പെടുത്തുകയോ നിലവിലുള്ളത് പിന്‍വലിക്കുകയോ ചെയ്തിട്ടില്ല. കെട്ടിടനികുതി സംബന്ധിച്ചും മാറ്റങ്ങളില്ല. നികുതി വര്‍ധന നടപ്പാക്കിയിരിക്കുന്നത് കോടതി വ്യവഹാരങ്ങള്‍ക്കാണ്. ഇത് മുന്‍വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തി നടപ്പാക്കാതെപോയതാണെന്ന് പ്രത്യേകം പരാമര്‍ശിച്ചിട്ടുമുണ്ട്. മറ്റൊരു വര്‍ധന വൈദ്യുതിചാര്‍ജിലാണ്. വൈദ്യുതി സര്‍ച്ചാര്‍ജ് യൂണിറ്റിന് 15 പൈസയുടെ വര്‍ധനയാണ് ബജറ്റിലുള്ളത്. വിദേശമദ്യത്തിന്റെ എക്സൈസ് തീരുവയിലും വര്‍ധനയുണ്ട്.ഭൂമിയുടെ ന്യായവില പരിഷ്ക്കരിക്കാന്‍ നടപടി കൈക്കൊള്ളുമെന്ന പരാമര്‍ശവും ബജറ്റില്‍ കാണാം. ഇതുമായി ബന്ധപ്പെട്ട മാധ്യമറിപ്പോര്‍ട്ടുകളും ലഭ്യമായി. 

ബജറ്റിലെ പ്രധാന ഉള്ളടക്കത്തിന്റെ സംഗ്രഹം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ പോര്‍ട്ടലിലും മനോരമ ഓണ്‍ലൈനിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ വാര്‍ത്താകാര്‍ഡുകളിലെ സെസ്, നികുതി തുടങ്ങിയവയുടെ ആവര്‍ത്തനം ഇതില്‍ കണ്ടെത്താനായില്ല.

ഇതോടെ പ്രചരിക്കുന്ന സന്ദേശത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ബജറ്റിലെ സെസ്, നികുതി എന്നിവയുമായി ബന്ധപ്പെട്ടുണ്ടായ വിലക്കയറ്റം ആവര്‍ത്തിക്കുന്ന തരത്തില്‍ സൂചനകളൊന്നും നടപ്പുസാമ്പത്തികവര്‍ഷത്തെ ബജറ്റില്‍ ഇല്ലെന്നും പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വ്യക്തമായി. 

Fact Check: Old video of Sunita Williams giving tour of ISS resurfaces with false claims

Fact Check: ഫ്രാന്‍സില്‍ കൊച്ചുകു‍ഞ്ഞിനെ ആക്രമിച്ച് മുസ്ലിം കുടിയേറ്റക്കാരന്‍? വീഡിയോയുടെ വാസ്തവം

Fact Check: ಆಹಾರದಲ್ಲಿ ಮೂತ್ರ ಬೆರೆಸಿದ ಆರೋಪದ ಮೇಲೆ ಬಂಧನವಾಗಿರುವ ಮಹಿಳೆ ಮುಸ್ಲಿಂ ಅಲ್ಲ

ఫ్యాక్ట్ చెక్: హైదరాబాద్‌లోని దుర్గా విగ్రహం ధ్వంసమైన ఘటనను మతపరమైన కోణంతో ప్రచారం చేస్తున్నారు

Fact Check: சென்னை சாலைகள் வெள்ளநீரில் மூழ்கியதா? உண்மை என்ன?