Malayalam

ജയിപ്പിച്ചത് RSS: കെ സുധാകരന്റെ പഴയ മനോരമ വാര്‍ത്തയുടെ വാസ്തവമറിയാം

മലയാള മനോരമയുടെ പഴയ പത്രത്തിന്റെ മുന്‍പേജില്‍ തന്നെ ജയിപ്പിച്ചത് RSS ആണെന്ന തലക്കെട്ടും KPCC പ്രസിഡന്റ് കെ സുധാകരന്റെ ചിത്രവും ഉള്‍പ്പെടുത്തിയാണ് പ്രചരണം.

HABEEB RAHMAN YP

കോണ്‍ഗ്രസ് നേതാവും കെ പി സി സി പ്രസിഡന്റുമായ കെ സുധാകരന്റെ പല പ്രസ്താവനകളും വിവാദമായിരുന്നു. ഏറ്റവുമൊടുവില്‍ കേരളസര്‍ക്കാര്‍ - ഗവര്‍ണര്‍ തര്‍ക്കവുമായി ബന്ധപ്പെട്ട് സര്‍വകലാശാല സെനറ്റ് അംഗങ്ങളെ ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്തതിനെ അനുകൂലിച്ച് അദ്ദേഹം രംഗത്തെത്തിയതും വിവാദമായിരുന്നു. അദ്ദേഹത്തിന് RSS അനുകൂല നിലപാടാണെന്ന തരത്തില്‍ വിവിധ കോണുകളില്‍നിന്ന് വിമര്‍ശനവും ഉയര്‍ന്നു. ഇതിന് പിന്നാലെയാണ് കെ സുധാകരന്‍ പണ്ടുമുതലേ RSS അനുകൂലിയാണെന്ന തരത്തില്‍ ‍സമൂഹമാധ്യമങ്ങളില്‍ പ്രചരണം. ഇതിനായി ഉപയോഗിച്ചിരിക്കുന്നത് പഴയ മലയാള മനോരമ പത്രത്തിന്റെ മുന്‍പേജാണ്. തന്നെ ജയിപ്പിച്ചത് RSS എന്ന് അദ്ദേഹം പറഞ്ഞതായാണ് ചിത്രത്തില്‍.

Fact-check: 

തലക്കെട്ടിലെ അക്ഷരത്തെറ്റാണ് ആദ്യം ശ്രദ്ധയില്‍പെട്ടത്. ‘ജയ്യിപ്പിച്ചത്’ എന്നതിലെ വലിയ തെറ്റ് പത്രത്തിന്റെ പേജ് എഡിറ്റ് ചെയ്ത് ചേര്‍ത്തതാകാമെന്നതിന്റെ ആദ്യ സൂചനയായി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇത്തരത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ശ്രദ്ധയില്‍പെട്ടു.

  1. തലക്കെട്ടിലെ അക്ഷരത്തെറ്റ്.

  2. തലക്കെട്ടില്‍ ഉപയോഗിച്ചിരിക്കുന്ന ഫോണ്ടിലെ വ്യത്യാസം.

  3. ഇംഗ്ലീഷില്‍ RSS എന്ന് എഴുതിയിരിക്കുന്നത് ഡിജിറ്റല്‍ ഫോണ്ട്.

  4. തലക്കെട്ടിന് ചുവടെ നല്കിയ വിവരണവും മറ്റ് റിപ്പോര്‍ട്ടുകളും തമ്മിലെ വ്യക്തതയിലെ വ്യത്യാസം.

തുടര്‍ന്ന് ഈ പത്രം എത് ദിവസത്തേതാണെന്ന് കണ്ടെത്താന്‍ ശ്രമിച്ചു. ഇതിനായി പത്രത്തിലെ മറ്റുവാര്‍ത്തകള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു. ഒരുമാസം വാണ മന്ത്രിസഭ, പുതിയ മുഖ്യമന്ത്രി; പരക്കെ സന്തോഷം എന്നീ തലക്കെട്ടുകളില്‍നിന്ന് 1977 ലെ ആന്റണി മന്ത്രിസഭയുമായി ബന്ധപ്പെട്ട വാര്‍ത്തകളാണെന്ന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇത് സാധൂകരിക്കുന്ന ഇന്ത്യന്‍ എക്സ്പ്രസിന്റെ റിപ്പോര്‍ട്ടും ലഭിച്ചു. 2017ല്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍  ഇന്ത്യന്‍ എക്സ്പ്രസിന്റെ പഴയ മുന്‍പേജും നല്കിയിട്ടുണ്ട്. 

ഇതോടെ 1977 ഏപ്രില്‍ 26ന് പ്രസിദ്ധീകരിച്ച മലയാളമനോരമ പത്രത്തിന്റെ മുന്‍പേജാണ് എഡിറ്റ് ചെയ്തിരിക്കുന്നതെന്ന് വ്യക്തമായി. 1977 ലെ പത്രത്തില്‍‍ ഉപയോഗിച്ച കെ സുധാകരന്റെ ചിത്രം ഇത് വ്യാജമാണന്നതിന്റെ പ്രകടമായ തെളിവായി. 

തുടര്‍ന്ന് പത്രത്തിന്റെ യഥാര്‍ത്ഥ മുന്‍പേജ് ലഭിക്കുന്നതിനായി മലയാള മനോരമ ഓഫീസുമായി ബന്ധപ്പെട്ടു. 1977 ഏപ്രില്‍ 26ന് പ്രസിദ്ധീകരിച്ച മലയാള മനോരമ പത്രത്തിന്റെ മുന്‍പേജ് അവര്‍ ഞങ്ങളുമായി പങ്കുവെച്ചു.

പ്രചരിക്കുന്ന ചിത്രത്തിലെ എഡിറ്റ് ചെയ്ത ഭാഗവും പത്രത്തിന്റെ യഥാര്‍ത്ഥ മുന്‍പേജും താരതമ്യം ചെയ്യുന്നതോടെ കെ സുധാകരന്റെ ചിത്രവും പ്രധാനതലക്കെട്ടും അതിന് താഴെ നല്കിയിരിക്കുന്ന വിവരണവും എഡിറ്റ് ചെയ്ത് ചേര്‍ത്തതാണെന്ന് മനസ്സിലാക്കാം.

ഇതോടെ കെ സുധാകരന്‍ RSS പിന്തുണയോടെ ജയിച്ചുവെന്ന് അദ്ദേഹത്തിന്റെ ചിത്രസഹിതം മലയാള മനോരമയില്‍ വന്നതായി പ്രചരിപ്പിക്കുന്ന ചിത്രം എഡിറ്റ് ചെയ്തതാണെന്ന് സ്ഥിരീകരിച്ചു. 

Fact Check: Potholes on Kerala road caught on camera? No, viral image is old

Fact Check: ഇത് റഷ്യയിലുണ്ടായ സുനാമി ദൃശ്യങ്ങളോ? വീഡിയോയുടെ സത്യമറിയാം

Fact Check: ஏவுகணை ஏவக்கூடிய ட்ரோன் தயாரித்துள்ள இந்தியா? வைரல் காணொலியின் உண்மை பின்னணி

Fact Check: ರಷ್ಯಾದ ಕಮ್ಚಟ್ಕಾದಲ್ಲಿ ಭೂಕಂಪ, ಸುನಾಮಿ ಎಚ್ಚರಿಕೆ ಎಂದು ಹಳೆಯ ವೀಡಿಯೊ ವೈರಲ್

Fact Check: హైదరాబాద్‌లో ఇంట్లోకి చొరబడి పూజారిపై దాడి? లేదు, నిజం ఇక్కడ తెలుసుకోండి