ജി-7 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഗണിച്ചതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. ഫോട്ടോ സെഷനില്‍ പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തിയില്ലെന്ന തരത്തില്‍ പ്രചരിക്കുന്ന കുറിപ്പിനൊപ്പം ജി-7 രാഷ്ട്രനേതാക്കളുടെ ഒരു ഗ്രൂപ്പ് ഫോട്ടോയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയില്‍ പങ്കെടുത്തതായും ഗ്രൂപ്പ് ഫോട്ടോയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയതായും അന്വേഷണത്തില്‍ വ്യക്തമായി.
പ്രചരിക്കുന്ന ചിത്രം റിവേഴ്സ് ഇമേജ് സെര്‍ച്ചില്‍ പരിശോധിച്ചതോടെ ANI പ്രസിദ്ധീകരിച്ച ഒരു വാര്‍ത്താ റിപ്പോര്‍ട്ടില്‍ ഈ ചിത്രം കണ്ടെത്തി.
റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ചതോടെ ഉച്ചകോടിയിലെ ആദ്യ ദിനത്തിലെ ചിത്രമാണിതെന്ന് വ്യക്തമായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുള്‍പ്പെടെ ജി-7 ഇതര രാഷ്ട്രനേതാക്കളുടെ അഭിസംബോധന തൊട്ടടുത്ത ദിവസം നടക്കാനിരിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഇതനുസരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എക്സ് അക്കൗണ്ട് പരിശോധിച്ചു. അദ്ദേഹം കാനഡയിലെത്തിയ സമയത്തെ ചിത്രം ജൂണ്‍ 17ന് എക്സില്‍ പങ്കുവെച്ചതായി കണ്ടെത്തി.
സുപ്രധാന ആഗോള വിഷയങ്ങളില്‍ വിവിധ ലോകനേതാക്കളുമായി ഉച്ചകോടിയുടെ ഭാഗമായി ചര്‍ച്ച നടത്തുമെന്ന് പ്രധാനമന്ത്രി ട്വീറ്റില്‍ വ്യക്തമാക്കുന്നുണ്ട്. തുടര്‍ന്ന് വിവിധ നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ഗ്രൂപ്പ് ഫോട്ടോ അദ്ദേഹം തൊട്ടടുത്ത ദിവസം എക്സില്‍ പങ്കുവെച്ചതായും കണ്ടെത്തി.
പ്രചരിക്കുന്ന ചിത്രത്തിന്റെ അതേ പശ്ചാത്തലത്തില്‍ എടുത്തിരിക്കുന്ന ചിത്രത്തില്‍ രണ്ട് നിരയിലായി നിരവധിപേരെ കാണാം. ജി-7 ഇതര രാഷ്ട്രങ്ങളുടെ നേതാക്കള്‍ക്കൊപ്പമുള്ള ചിത്രമാണിതെന്ന് വ്യക്തമായി.
ഇന്ത്യ ടുഡേ ഉള്‍പ്പെടെ വിവിധ മാധ്യമങ്ങളും ഈ ചിത്രമടക്കം റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തതുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയവും വെബ്സൈറ്റില്‍ വാര്‍ത്താക്കുറിപ്പ് പ്രസിദ്ധീകരിച്ചതായി കണ്ടെത്തി.
ഇതോടെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഉച്ചകോടിയിലോ ഫോട്ടോ സെഷനിലോ പ്രധാനമന്ത്രി നരേന്ദ്രമോദി അവഗണിക്കപ്പെട്ടിട്ടില്ലെന്നും സ്ഥിരീകരിച്ചു.