Malayalam

സൗദിയില്‍ മദ്യശാല തുറന്നോ? വാര്‍ത്തകള്‍ക്കു പിന്നിലെ വാസ്തവമറിയാം

HABEEB RAHMAN YP

സൗദിയില്‍ മദ്യശാല തുറക്കുന്നുവെന്നും രാജ്യം മദ്യനയത്തില്‍ മാറ്റം വരുത്തുകയാണെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരണം. മദ്യ നിരോധനം വര്‍ഷങ്ങളായി നിലനില്‍ക്കുന്ന സൗദിയില്‍ പുതിയ കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ നടപ്പാക്കുകയാണെന്നും മദ്യനയത്തില്‍ അയവ് വരുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും വാദമുണ്ട്. ചില പോസ്റ്റുകളില്‍ ഇത് വിഷന്‍-2030 ന്റെ ഭാഗമാണെന്നുപോലും അവകാശവാദം കാണാം. ഇസ്ലാം മതവിശ്വാസികളല്ലാത്ത ഇതരമതസ്ഥര്‍ക്ക് മദ്യം ലഭിക്കുമെന്നാണ് വെരിഫൈഡ് പേജായ ഇ-വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

നിരവധി വ്യക്തിഗത അക്കൗണ്ടുകളില്‍നിന്നും ഇതിനെ അനുകൂലിച്ചും വിമര്‍ശിച്ചും പോസ്റ്റുകള്‍ പങ്കുവെച്ചിട്ടുണ്ട്.

Fact-check: 

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മദ്യനയം കൂടുതല്‍ കര്‍ശനമാക്കുകയാണ് സൗദി അറേബ്യ പുതിയ മാറ്റത്തിലൂടെ ചെയ്തതെന്നും വസ്തുത പരിശോധനയില്‍  വ്യക്തമായി.

വാര്‍ത്തയുടെ ഉറവിടമാണ് ആദ്യം പരിശോധിച്ചത്. മലയാളത്തില്‍ ആദ്യം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് റിപ്പോര്‍ട്ടര്‍ ടി വി യാണ്. 2023 ജനുവരി 25ന് രാവിലെ എട്ടരയോടെ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ മുസ്ലിം ഇതര മതസ്ഥരായ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കാണ് മദ്യം ലഭ്യമാക്കുകയെന്ന് വ്യക്തമാക്കുന്നുണ്ട്.

എന്നാല്‍ മിഡ്ല്‍ ഈസ്റ്റ് റിപ്പോര്‍ട്ടര്‍ എന്ന ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച ന്യൂസ് കാര്‍ഡില്‍ ഇക്കാര്യം വ്യക്തമാക്കുന്നില്ല. ഈ കാര്‍ഡാണ് വ്യാപകമായി പങ്കുവെയ്ക്കപ്പെട്ടത്. 

തുടര്‍ന്ന് വാര്‍ത്തയുടെ ഉറവിടം പരിശോധിച്ചു. റോയിറ്റേഴ്സിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തതായാണ് റിപ്പോര്‍ട്ടര്‍ വാര്‍ത്തയില്‍ നല്‍കിയിരിക്കുന്നത്. ഇതനുസരിച്ച് റോയിറ്റേഴ്സിന്റെ റിപ്പോര്‍ട്ട് പരിശോധിച്ചു. 

സമാന തലക്കെട്ടിലും ഉള്ളടക്കത്തിലും റോയിറ്റേഴ്സ് വാര്‍ത്ത നല്‍കിയിട്ടുണ്ടെങ്കിലും റിപ്പോര്‍ട്ടിന്റെ അവസാനഭാഗത്ത് വിശദമായി നല്കിയ പ്രധാനപ്പെട്ട ഒരുഭാഗം റിപ്പോര്‍ട്ടര്‍ വാര്‍ത്തയില്‍ ഒഴിവാക്കിയതായി കാണാം.

നയതന്ത്ര പരിരക്ഷയുടെ ഭാഗമായി മദ്യ ഇറക്കുമതിയുമായി ബന്ധപ്പെട്ട് പുതിയ നിയന്ത്രണങ്ങള്‍ സൗദി ഗവണ്മെന്റ്  നടപ്പാക്കുന്നതായി അധികൃതര്‍ സൗദി സര്‍ക്കാര്‍ നിയന്ത്രിത മാധ്യമത്തില്‍ സ്ഥിരീകരിച്ചു. നയതന്ത്ര ചാനലുകള്‍ വഴി അനധികൃത മദ്യ വില്പനയും ലഹരി വസ്തുക്കളുടെ വില്പനയും നടത്തുന്നത് തടയാനാണ് പുതിയ നിയന്ത്രണമെന്ന് സൗദി സെന്‍റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ കമ്യൂണിക്കേഷന്‍ അറിയിച്ചു. മുസ്ലിം ഇതര നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക്  നിശ്ചിത അളവില്‍ മാത്രം ഇവ ലഭ്യമാക്കാനാണിത്. 

റോയിറ്റേഴ്സ് റിപ്പോര്‍ട്ടിലെ ഇത്രയും ഭാഗം വ്യക്തമാക്കുന്നത് നയതന്ത്ര ഉദ്യോഗസ്ഥര്‍ വഴി നടക്കുന്ന അനധികൃത മദ്യ വില്പന തടയാനാണ് പുതിയ രീതി എന്നാണ്. മൊബൈല്‍ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്ത് ഔട്ലെറ്റ് വഴി മാത്രം നിശ്ചിത അളവില്‍ മദ്യം ലഭ്യമാക്കാനാണ് പുതിയ നടപടി.   കൂടുതല്‍ വ്യക്തതയ്ക്കായി ചില അന്താരാഷ്ട്ര മാധ്യമറിപ്പോര്‍ട്ടുകള്‍കൂടി പരിശോധിച്ചു. BBC നല്കിയ റിപ്പോര്‍ട്ടിലും ഇക്കാര്യം കാണാം. 

സൗദിയിലെ ചില പ്രാദേശിക-അന്തര്‍ദേശീയ  മാധ്യമങ്ങളും പരിശോധിച്ചു. CNN Arabic ജനുവരി 25 ന് പ്രസിദ്ധീകരിച്ച റിപ്പോര്‍‍ട്ടിന്റെ പരിഭാഷപ്പെടുത്തിയ പതിപ്പ് താഴെ കാണാം.

നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കിടയില്‍ നേരത്തെ നിലവിലുണ്ടായിരുന്ന  അനിയന്ത്രിത മദ്യ ഉപയോഗത്തിന് തടയിടാനാണ് നിയന്ത്രണമെന്ന് അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കിയതായി റിപ്പോര്‍‍‍ട്ടില്‍ പറയുന്നു. 

Arab News ജനുവരി 21 ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ സൗദിയിലെ വിദേശ എംബസികള്‍ കേന്ദ്രീകരിച്ച് വിവിധ ഉല്പന്നങ്ങളുടെ അനധികൃത ഇറക്കുമതിയ്ക്ക് 1961 ലെ വിയന്ന കണ്‍വെന്‍ഷന്‍ പ്രകാരം നിയന്ത്രണം ഏര്‍പ്പെടുത്താന്‍ വിദേശകാര്യ മന്ത്രാലയം നടപടി സ്വീകരിക്കുന്നതായി വ്യക്തമാക്കുന്നു. 

ഈ റിപ്പോര്‍ട്ടുകളിലെല്ലാം ആവര്‍ത്തിക്കുന്നത് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കിടയിലെ അനധികൃത മദ്യ ഉപഭോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നടപടിയാണ് സൗദി അറേബ്യ സ്വീകരിക്കുന്നത് എന്നാണ്. 

മലയാളത്തില്‍ മീഡിയവണ്‍ സൗദിയില്‍ നിന്ന് നല്‍കിയ റിപ്പോര്‍ട്ടിലും ഇക്കാര്യം ആവര്‍ത്തിക്കുന്നു. 

ഇതോടെ സൗദി അറേബ്യ മദ്യനയത്തില്‍ അയവ് വരുത്തുന്നുവെന്ന തരത്തിലുള്ള പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും യഥാര്‍ത്ഥത്തില്‍ നിലവിലെ വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ശനമാക്കുകയാണ് ചെയ്തതെന്നും വ്യക്തമായി. 

(സൗദിയിലെ സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ കമ്യൂണിക്കേഷനുമായി ബന്ധപ്പെട്ട് വിഷയത്തില്‍ ഔദ്യോഗിക പ്രസ്താവന ലഭിക്കാന്‍ ശ്രമിക്കുന്നുണ്ട്. ലഭ്യമാകുന്നമുറയ്ക്ക് അത് ചേര്‍ക്കുന്നതാണ്.)

Fact Check: Video of Nashik cop prohibiting bhajans near mosques during Azaan shared as recent

Fact Check: ഫ്രാന്‍സില്‍ കൊച്ചുകു‍ഞ്ഞിനെ ആക്രമിച്ച് മുസ്ലിം കുടിയേറ്റക്കാരന്‍? വീഡിയോയുടെ വാസ്തവം

Fact Check: சென்னை சாலைகள் வெள்ளநீரில் மூழ்கியதா? உண்மை என்ன?

ఫ్యాక్ట్ చెక్: హైదరాబాద్‌లోని దుర్గా విగ్రహం ధ్వంసమైన ఘటనను మతపరమైన కోణంతో ప్రచారం చేస్తున్నారు

Fact Check: ಆಹಾರದಲ್ಲಿ ಮೂತ್ರ ಬೆರೆಸಿದ ಆರೋಪದ ಮೇಲೆ ಬಂಧನವಾಗಿರುವ ಮಹಿಳೆ ಮುಸ್ಲಿಂ ಅಲ್ಲ