ഓണത്തിന് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അരി നല്‍കുന്നതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. ഇത്തവണ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 25 കിലോഗ്രാം അരി നല്‍കുന്നുവെന്ന തരത്തിലാണ് പ്രചാരണം. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ഒരു ചിത്രം ഉള്‍പ്പെടെയാണ് പ്രചാരണം. ഈ ചിത്രത്തില്‍ ഏതാനും കുട്ടികള്‍ വലിയ ചാക്കില്‍ അരി വാങ്ങുന്നത് കാണാം. ഇതിനെ പരിഹസിച്ചും ചിലര്‍ സന്ദേശം പങ്കുവെച്ചിട്ടുണ്ട്.
എഐ നിര്‍മിത ചിത്രമാണ് മന്ത്രി സമൂഹമാധ്യമത്തില്‍ പങ്കുവെച്ചതെന്നും സ്കൂളില്‍ ഇത്തവണ നാലുകിലോ അരിയാണ് നല്‍കുന്നതെന്നും അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.
ചിത്രത്തില്‍ പലരും ചൂണ്ടിക്കാട്ടിയതുപോലെ ചില അസ്വാഭാവികതകള്‍ ശ്രദ്ധയില്‍പെട്ടു.
ഭാരമേറിയ ചാക്കിലെ അരി സുഗമമായി വാങ്ങുന്ന ചെറിയ കുട്ടികളുടെ ചിത്രത്തിലെ അസ്വാഭാവികതയാണ് ഇതിലാദ്യത്തേത്. സൂക്ഷ്മമായി പരിശോധിച്ചതോടെ കുട്ടികളില്‍ പലരുടെയും കണ്ണ്, കൈവിരല്‍ തുടങ്ങിയവയില്‍ നിര്‍മിതബുദ്ധി ഉപയോഗിച്ച് തയ്യാറാക്കുന്ന ചിത്രങ്ങളില്‍ കാണുന്ന ചില പ്രശ്നങ്ങളും കണ്ടെത്താനായി. എഐ നിര്‍മിത ചിത്രമാണെന്ന സൂചന ലഭിച്ചതോടെ ഇത് സ്ഥിരീകരിക്കാനായി ചില വെബ്സൈറ്റുകളില്‍ പരിശോധിച്ചു.
വാസ്ഇറ്റ്എഐ എന്ന വെബ്സൈറ്റ് വഴി നടത്തിയ പരിശോധനയില്‍ ചിത്രം എഐ നിര്‍മിതമാണെന്ന സൂചനയാണ് ലഭിച്ചത്.
തുടര്‍ന്ന് ഹൈവ് മോഡറേഷന്‍ എന്ന സൈറ്റ് ഉപയോഗിച്ചും ഇതേ പരിശോധന ആവര്‍ത്തിച്ചു. 99 ശതമാനം എഐ ചിത്രമാകാനുള്ള സാധ്യതയാണ് ഇതില്‍ ലഭിച്ച ഫലം.
ഇതോടെ ചിത്രം എഐ നിര്‍മിതമാണെന്ന് ഉറപ്പിക്കാനായി. തുടര്‍ന്ന് പ്രസ്തുത ചിത്രത്തിന്റെ യഥാര്‍ത്ഥ പതിപ്പ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചതായി കണ്ടെത്തി.
ഇന്‍സ്റ്റഗ്രാമിലെ ചിത്രത്തിനൊപ്പം നല്‍കിയിരിക്കുന്ന കുറിപ്പില്‍ ഓണത്തിന് സ്കൂളുകളില്‍ അരി നല്‍കുന്നതുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങള്‍ മന്ത്രി പങ്കുവെച്ചിട്ടുണ്ട്. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർത്ഥികൾക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്നും പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള 24,77,337 കുട്ടികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുകയെന്നും മന്ത്രി വ്യക്തമാക്കുന്നു.ഇതോടെ പ്രതീകാത്മക ചിത്രമായാണ് കുട്ടികള്‍ അരി വാങ്ങുന്ന എഐ ചിത്രം നല്‍കിയിരിക്കുന്നതെന്ന് വ്യക്തമായി.
മാത്രമല്ല, മന്ത്രിയുടെ കുറിപ്പിന്റെ ഭാഗങ്ങള്‍ ഒഴിവാക്കിയാണ് 25 കിലോ അരിയെന്ന പേരില്‍ ചിത്രം മാത്രം പ്രചരിപ്പിക്കുന്നതെന്നും വ്യക്തമായി.