Malayalam

Fact Check: ലെബനനിലെ ക്രൈസ്തവ ദേവാലയത്തില്‍ മുസ്ലിം ആക്രമണം? ചിത്രത്തിന്റെ വാസ്തവം

ക്രിസ്മസിന്റെ പശ്ചാത്തലത്തില്‍ മുസ്ലിംകള്‍ ലെബനനിലെ ക്രൈസ്തവ ദേവാലയം ആക്രമിച്ചെന്ന തരത്തില്‍ പ്രചരിക്കുന്ന ചിത്രത്തില്‍ പള്ളിയ്ക്കകത്തെ തകര്‍ന്ന രൂപങ്ങളും കെട്ടിടാവശിഷ്ടങ്ങളും കാണാം.

HABEEB RAHMAN YP

ലെബനനില്‍ ക്രൈസ്തവ ദേവാലയത്തിന് നേരെ മുസ്ലിംകളുടെ ആക്രമണമെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. ക്രിസ്മസിന്റെ പശ്ചാത്തലത്തില്‍ പ്രചരിക്കുന്ന ചിത്രത്തില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ തകര്‍ന്നുകിടക്കുന്ന കെട്ടിടാവശിഷ്ടങ്ങളും രൂപങ്ങളും ഇതിനരികെ നില്‍ക്കുന്ന ഒരാളെയും കാണാം. ലെബനനിലെ ക്രൈസ്തവ ദേവാലയത്തില്‍ സമാധാനത്തിന്റെ മാടപ്രാവുകള്‍ അവതരിപ്പിച്ച കലാപരിപാടി എന്ന വിവരണമടക്കം ക്രിസ്മസിനോടനുബന്ധിച്ച് മുസ്ലിംകള്‍ നടത്തിയ ആക്രമണമെന്ന ധ്വനിയോടെയാണ് പ്രചാരണം.

Fact-check: 

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ചിത്രത്തിന് പത്ത് വര്‍ഷത്തിലധികം പഴക്കമുണ്ടെന്നും വസ്തുത പരിശോധനയില്‍ വ്യക്തമായി. 

പ്രചരിക്കുന്ന ചിത്രം റിവേഴ്സ് ഇമേജ് സെര്‍ച്ച് ഉപയോഗിച്ച് പരിശോധിച്ചതോടെ ഈ ചിത്രം നിരവധി മാധ്യമറിപ്പോര്‍ട്ടുകളില്‍ കണ്ടെത്താനായി. വിശദമായ പരിശോധനയില്‍ ഇത് ഇറാഖില്‍ 2014 ല്‍ നടന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണത്തില്‍ തകര്‍ന്ന ക്രൈസ്തവ ദേവാലയത്തിന്റെ ചിത്രമാണെന്ന് കണ്ടെത്തി. ഇതിനെ സാധൂകരിക്കുന്ന ചില റിപ്പോര്‍ട്ടുകളും ലഭിച്ചു. 

ക്രക്സ് ഓണ്‍ലൈന്‍ എന്ന വെബ്സൈറ്റില്‍ 2018 ല്‍ പ്രസിദ്ധീകരിച്ച ഈ ലേഖനത്തില്‍ പ്രചരിക്കുന്ന ചിത്രം കാണാം. ഇറാഖിലെ നിന്‍വേ പ്രവിശ്യയില്‍ കരംലസ്, ക്വറഖോശ് ഗ്രാമങ്ങള്‍ ISIS ഭീകരവാദികള്‍ 2014ല്‍ ആക്രമിക്കുകയും വീടുകളും ദേവാലയങ്ങളും കൊള്ളയടിക്കുകയും ചെയ്തു. ഇതിന് പിന്നാലെ 2016ല്‍ ഈ പ്രദേശങ്ങളെ ISISന്റെ പിടിയില്‍നിന്ന് മോചിപ്പിച്ചുവെങ്കിലും ഗ്രാമങ്ങളുടെ പുനര്‍നിര്‍മാണം വെല്ലുവിളികള്‍ നിറഞ്ഞതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രാമങ്ങളുടെ മോചനത്തിന് പിന്നാലെ ഒരു പുരോഹിതന്‍ കംരലസിലെ തകര്‍ന്ന ദേവാലയത്തിനകത്ത് നില്‍ക്കുന്ന ചിത്രമെന്ന അടിക്കുറിപ്പോടെയാണ് ചിത്രം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

സമാനമായ അടിക്കുറിപ്പോടെ മറ്റ് ചില റിപ്പോര്‍ട്ടുകളിലും ഈ ചിത്രം കണ്ടെത്താനായി. ISIS തകര്‍ത്ത രണ്ട് ക്രൈസതവ ദേവാലയങ്ങള്‍ മുസ്ലിം ഭൂരിപക്ഷ രാഷ്ട്രമായ യുഎഇ പുനര്‍നിര്‍മിക്കാന്‍ തയ്യാറായെന്ന വാര്‍ത്ത ക്രിസ്ത്യന്‍പോസ്റ്റ് എന്ന വെബ്സൈറ്റില്‍ 2019 ഒക്ടോബറില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിലും സമാന അടിക്കുറിപ്പോടെ പ്രചരിക്കുന്ന ചിത്രം നല്‍കിയതായി കാണാം. 

ഇറാന്റെ പിന്തുണയോടെ നടക്കുന്ന ആക്രമണങ്ങളില്‍ അന്താരാഷ്ട്ര മത സ്വാതന്ത്ര്യ ഫോറത്തിന് കീഴില്‍ നടന്ന ചര്‍ച്ചകള്‍ സംബന്ധിച്ച് നാഷണല്‍ കാത്തലിക് റിപ്പോര്‍ട്ടര്‍ എന്ന വെബ്സൈറ്റില്‍ 2019 സെപ്തംബറില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലും ഈ ചിത്രം ഉപയോഗിച്ചിട്ടുണ്ട്.  കരംലെസിലെ ദേവാലയം 2018ല്‍ ഒരു പുരോഹിതന്‍ സന്ദര്‍ശിക്കുന്നുവെന്ന അടിക്കുറിപ്പോടെ തന്നെയാണ് ചിത്രം നല്‍കിയിരിക്കുന്നത്.

പത്രങ്ങളിലടക്കം മറ്റ് പല മാധ്യമങ്ങളിലും സമാന അടിക്കുറിപ്പോടെ ചിത്രം പ്രസിദ്ധീകരിച്ചതായി കണ്ടെത്തി. ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി. 

ലെബനനില്‍ ക്രിസ്മസിനോടനുബന്ധിച്ച് ക്രൈസ്തവ ദേവാലയത്തില്‍ മുസ്ലിംകള്‍ നടത്തിയ ആക്രമണമെന്ന തരത്തില്‍ പ്രചരിക്കുന്ന ചിത്രം പത്തുവര്‍ഷങ്ങള്‍ക്ക് മുന്‍പ് 2014ല്‍ ഇറാഖില്‍ ISIS ഭീകരര്‍ ക്രിസ്ത്യന്‍ ദേവാലയങ്ങളും ഗ്രാമങ്ങളും കൈയ്യേറിയതുമായി ബന്ധപ്പെട്ടതാണ്. ഇതിന് ശേഷം ഗ്രാമങ്ങളും ദേവാലയങ്ങളും ISIS ല്‍നിന്ന് മോചിപ്പിച്ചതിന് ശേഷം ഒരു പുരോഹിതന്‍ തകര്‍ന്ന പള്ളി സന്ദര്‍ശിക്കുന്ന ചിത്രമാണ് തെറ്റായ അടിക്കുറിപ്പോടെ പ്രചരിക്കുന്നതെന്നും സ്ഥിരീകരിച്ചു. 

Fact Check: Hindus vandalise Mother Mary statue during Christmas? No, here are the facts

Fact Check: തിരുവനന്തപുരത്ത് 50 കോടിയുടെ ഫയല്‍ ഒപ്പുവെച്ച് വി.വി. രാജേഷ്? പ്രചാരണത്തിന്റെ സത്യമറിയാം

Fact Check: நாம் தமிழர் கட்சியினர் நடத்திய போராட்டத்தினால் அரசு போக்குவரத்து கழகம் என்ற பெயர் தமிழ்நாடு அரசு போக்குவரத்து கழகம் என்று மாற்றப்பட்டுள்ளதா? உண்மை அறிக

Fact Check: ಇಸ್ರೇಲಿ ಪ್ರಧಾನಿ ನೆತನ್ಯಾಹು ಮುಂದೆ ಅರಬ್ ಬಿಲಿಯನೇರ್ ತೈಲ ದೊರೆಗಳ ಸ್ಥಿತಿ ಎಂದು ಕೋವಿಡ್ ಸಮಯದ ವೀಡಿಯೊ ವೈರಲ್

Fact Check: జగపతి బాబుతో జయసుధ కుమారుడు? కాదు, అతడు WWE రెజ్లర్ జెయింట్ జంజీర్