മണ്ഡലകാലം ആരംഭിച്ചതോടെ ശബരിമലയിലെ സൗകര്യങ്ങളുടെ അപര്യാപ്തതയും ചര്‍ച്ചയാവുകയാണ്. നിരവധി തീര്‍ത്ഥാടകരാണ് മണ്ഡലകാലത്തിന്റെ ആദ്യദിനങ്ങളില്‍ തന്നെ ശബരിമലയിലെത്തിയത്. മുതിര്‍ന്നവരും കുട്ടികളുമടക്കം വലിയ ജനസഞ്ചയം ശബരിമലയിലെത്തിത്തുടങ്ങിയതോടെ നിയന്ത്രണാതീതമായ തിരക്കും വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് ശബരിമലയിലെ അസൗകര്യങ്ങളുടെ നേര്‍ച്ചിത്രമെന്ന നിലയില്‍ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ശബരിമലയിലെ ചവറ്റുകൊട്ടയ്ക്കരികെ കിടന്നുറങ്ങുന്ന കൊച്ചു മാളികപ്പുറത്തിന്റെ ചിത്രമാണ് പ്രചരിക്കുന്നത്.
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പ്രചരിക്കുന്ന ചിത്രം പഴയതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
ചിത്രം റിവേഴ്സ് ഇമേജ് പരിശോധനയ്ക്ക് വിധേയമാക്കിയതോടെ ചിത്രം പഴയതാണെന്ന് കണ്ടെത്തി. 2018 നവംബറില്‍ എക്സില്‍ പങ്കുവെച്ച ചിത്രത്തിനൊപ്പം ശബരിമലയിലെ ലിംഗസമത്വവുമായി ബന്ധപ്പെട്ട് പൊലീസിനെ വിമര്‍ശിക്കുന്ന തരത്തില്‍ വിവരണവും കാണാം. ഇതോടെ ചിത്രം 2018ലെ ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ന്നുവന്ന സമയത്തേതാണെന്ന് വ്യക്തമായി.
തുടര്‍ന്ന് ഫെയ്സ്ബുക്കില്‍ നടത്തിയ പരിശോധനയില്‍ ഫെയ്സ്ബുക്കിലും ഇതേ സമയത്ത് ഈ ചിത്രം പ്രചരിച്ചിരുന്നതായി കണ്ടെത്തി. വിശ്വസംവാദ് കേന്ദ്രയുടെ പേജില്‍ ശബരിമലയിലെ അടിസ്ഥാനസൗകര്യങ്ങളിലെ അപര്യാപ്തത സംബന്ധിച്ച ദീര്‍ഘമായ കുറിപ്പിനൊപ്പം ഇതേ ചിത്രം 2018 നവംബര്‍ 18ന് പങ്കുവെച്ചതായി കാണാം.
ഇതോടെ ചിത്രം ഏഴുവര്‍ഷം പഴയതാണെന്നും നിലവിലെ മണ്ഡലകാലവുമായി ബന്ധപ്പെട്ടതല്ലെന്നും വ്യക്തമായി. അതേസമയം ശബരിമലയില്‍ മണ്ഡലകാലം തുടങ്ങിയതോടെ അടിസ്ഥാനസൗകര്യങ്ങളിലെ അപര്യാപ്തത വലിയതോതില്‍ ചര്‍ച്ചയായിട്ടുണ്ട്.