കേരളത്തിലെ റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച് നിരവധി ചിത്രങ്ങളും വീഡിയോകളും കാലങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതില്‍ പല റോഡുകളും ഇപ്പോള്‍ മികച്ച നിലവാരത്തിലുമാണ്. ഇത്തരത്തിലൊരു ചിത്രമാണ് കഴിഞ്ഞ ദിവസം സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടിയതുമായി ബന്ധപ്പെടുത്തി പരിഹാസരൂപേണ പ്രചരിക്കുന്നത്. കേരളത്തിലെ റോഡുകളുടെ ശോച്യാവസ്ഥ കാണിക്കുന്ന ചിത്രമെന്ന അടിക്കുറിപ്പോടെ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ പരിഹസിച്ചാണ് കുറിപ്പ്.
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പത്തുവര്‍ഷത്തിലേറെ പഴയ ചിത്രമാണ് പ്രചരിക്കുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായി.
പ്രചരിക്കുന്ന ചിത്രം റിവേഴ്സ് ഇമേജ് സെര്‍ച്ചില്‍ പരിശോധിച്ചതോടെ ഈ ചിത്രം 2014 സെപ്തംബറില്‍ ഒരു വെബ്സൈറ്റില്‍ പങ്കിട്ടതായി കണ്ടെത്തി. ദേശീയപാതയില്‍ കുണ്ടന്നൂര്‍ ജങ്ഷനില്‍നിന്നെടുത്ത ചിത്രമെന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചരിക്കുന്നത്. ഇതോടെ ചിത്രത്തിന് പത്തുവര്‍ഷത്തിലേറെ പഴക്കമുണ്ടെന്ന് വ്യക്തമായി.
തുടര്‍ന്ന് ഇത് കുണ്ടന്നൂര്‍ ജങ്ഷന്‍ തന്നെയാണോ എന്നറിയാന്‍ പരിശോധന തുടര്‍ന്നു. ഈ ചിത്രം പങ്കുവെച്ച അതേ ഐഡിയില്‍നിന്ന് ഈ വെബ്സൈറ്റില്‍ മറ്റൊരു പത്രവാര്‍ത്തയും പങ്കുവെച്ചതായി കണ്ടെത്തി. മലയാള മനോരമ പ്രസിദ്ധീകരിച്ച ചിത്രവും 2014-ലേതാണ്. ഇതില്‍ കുണ്ടന്നൂര്‍ ജങ്ഷന്റെ വൈഡ്ആംഗിള്‍ ദൃശ്യം കാണാം. ഇതില്‍ വലതുഭാഗത്തായി കുണ്ടന്നൂര്‍ - വൈറ്റില ദിശയില്‍ വാഹനങ്ങള്‍ കടന്നുപോകുന്ന ഭാഗത്ത് റോഡിന്റെ ജങ്ഷന്‍ മുതല്‍ തുടരുന്ന കുഴികള്‍ കാണാം.
ഇതോടെ പ്രചരിക്കുന്ന ചിത്രം 2014 കാലയളവിലെ കുണ്ടന്നൂര്‍ ജങ്ഷന്റെ ചിത്രമാണെന്ന് വ്യക്തമായി. തുടര്‍ന്ന് ഈ മേഖലയുടെ നിലവിലെ സ്ഥിതി അറിയാന്‍ പരിശോധന തുടര്‍ന്നു.
കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ 2022 ല്‍ മാതൃഭൂമി പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ കുണ്ടന്നൂര്‍ ജങ്ഷന്റെ ചിത്രം ഉള്‍പ്പെടുത്തിയതായി കണ്ടെത്തി. അങ്കമാലി - കുണ്ടന്നൂര്‍ ബൈപ്പാസിന് കേന്ദ്രാനുമതി ലഭിച്ചതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ നേരത്തെ കണ്ട ചിത്രത്തിലെ കുഴികളെല്ലാം അടച്ചതായി കാണാം. ഇതോടെ 2022 ലോ അതിന് മുന്‍പോ ഈ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കപ്പെട്ടതായി സൂചന ലഭിച്ചു. മാത്രമല്ല, ഇത് ദേശീയപാതയാണന്നും റിപ്പോര്‍ട്ടില്‍നിന്ന് വ്യക്തമാണ്.
തുടര്‍ന്ന് ഈ മേഖലയുടെ ഏറ്റവും പുതിയ ദൃശ്യത്തിനായി ഗൂഗ്ള്‍ സ്ട്രീറ്റ് വ്യൂ പരിശോധിച്ചു. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് ഈ ജങ്ഷനില്‍ ഇപ്പോള്‍ മേല്‍പ്പാലം നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. ജങ്ഷനിലെ ഇരുവശങ്ങളിലെയും റോഡുകള്‍ സര്‍വീസ് റോഡുകളാക്കി മാറ്റിയിട്ടുമുണ്ട്.
പ്രചരിക്കുന്ന ചിത്രത്തില്‍ വലതുഭാഗത്തായി കാണുന്ന പെട്രോള്‍ പമ്പ് ഈ ഗൂഗ്ള്‍ മാപ്പ് ചിത്രത്തിലും കാണാം.
തുടര്‍ന്ന് പ്രചാരണത്തില്‍ കൂടുതല്‍ ആധികാരികമായ വിവരങ്ങള്‍ക്കായി കുണ്ടന്നൂര്‍ ജങ്ഷനില്‍ 30 വര്‍ഷത്തിലേറെയായി മില്‍മ ബൂത്ത് നടത്തുന്ന സനീഷിനെ ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ പ്രതികരണം:
“ഈ ചിത്രത്തിന് കുറഞ്ഞത് പത്തുവര്‍ഷമെങ്കിലും പഴക്കം കാണും. കുണ്ടന്നൂര്‍ ജങ്ഷന്‍ ഏറെ നാള്‍ ഇങ്ങനെ ശോചനീയാവസ്ഥയില്‍ തന്നെയായിരുന്നു. എന്നാല്‍ ഏകദേശം കോവിഡിനൊക്കെ മുന്‍പായി ഈ ഭാഗം ടാര്‍ ചെയ്ത് ശരിയാക്കി. പിന്നീടാണ് ദേശീയപാത വികസനം വരുന്നത്. ഇതിന്റെ ഭാഗമായി മേല്‍പ്പാലത്തിന്റെ നിര്‍മാണവും ഇപ്പോള്‍ പൂര്‍ത്തിയായി. പ്രചരിക്കുന്ന ചിത്രത്തിലെ അവസ്ഥയൊന്നും ഇപ്പോള്‍ ഇല്ല. എന്നാല്‍ ദേശീയപാത മേല്‍പ്പാലത്തില്‍നിന്ന് വെള്ളമിറങ്ങി സര്‍വീസ് റോഡില്‍ വെള്ളം കയറുന്നതിനാല്‍ ഈ ഭാഗത്ത് ഗതാഗതക്കുരുക്കുണ്ടാവാറുണ്ട്.”
ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി. കേരളത്തിലെ റോഡിന്റെ ശോച്യാവസ്ഥയെന്ന തരത്തില്‍ പ്രചരിക്കുന്ന ചിത്രം കുണ്ടന്നൂര്‍ ജങ്ഷന്റെ പത്തുവര്‍ഷത്തിലേറെ പഴയ ചിത്രമാണെന്നും ഇത് ദേശീയപാതയാണെന്നും നിലവില്‍ ഈ അവസ്ഥയില്ലെന്നും അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.