Malayalam

Fact Check: ആപ്പിളില്‍ വിഷം കുത്തിവെച്ച് ആപ്പിള്‍ ജിഹാദ്? വീഡിയോയുടെ സത്യമറിയാം

സ്റ്റിക്കറൊട്ടിച്ച ആപ്പിളുകളിലെ സ്റ്റിക്കര്‍ നീക്കം ചെയ്യുമ്പോള്‍ ചെറിയ സുഷിരങ്ങള്‍ കാണുന്ന വീഡിയോയ്ക്കൊപ്പം നല്‍കിയിരിക്കുന്ന വിവരണത്തില്‍ ഇത് വിഷം കുത്തിവെച്ച പാടുകളാണെന്നും അത് മറയ്ക്കാനാണ് സ്റ്റിക്കറൊട്ടിച്ചതെന്നുമാണ് അവകാശവാദം.

HABEEB RAHMAN YP

ആപ്പിളില്‍ വിഷം കുത്തിവെച്ച് ആപ്പിള്‍ ജിഹാദ് നടത്തുന്നുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. വിഷം കുത്തിവെച്ച അടയാളങ്ങള്‍ സ്റ്റിക്കര്‍ പതിച്ച് മറച്ചാണ് ഇത് ചെയ്യുന്നതെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന  വീഡിയോയില്‍  ആപ്പിളിലെ സ്റ്റിക്കര്‍ പറിച്ചുമാറ്റുന്ന ഭാഗത്ത് ചില ചെറിയ സുഷിരങ്ങള്‍ കാണാം. ആപ്പിളുകളെല്ലാം പരിശോധനയ്ക്ക് അയക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും ആവശ്യപ്പെടുന്ന സന്ദേശത്തോടൊപ്പമാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്

Fact-check: 

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വിഷം കുത്തിവെച്ച ആപ്പിളല്ല ദൃശ്യങ്ങളിലുള്ളതെന്നും വീഡിയോയ്ക്ക് സാമുദായിക മാനങ്ങളില്ലെന്നും വസ്തുത പരിശോധനയില്‍ വ്യക്തമായി. 

പ്രചരിക്കുന്ന വീഡിയോയിലെ ചില കീഫ്രെയിമുകള്‍ റിവേഴ്സ് ഇമേജ് സെര്‍ച്ച് ചെയ്തതോടെ വീഡിയോ നേരത്തെയും വിവിധ ഭാഷകളില്‍ സമാന വിവരണത്തോടെയും അവകാശവാദത്തോടെയും പ്രചരിച്ചിരുന്നതായി കണ്ടെത്തി. ഈ സാഹചര്യത്തില്‍ ആപ്പിള്‍ വ്യാപാരികളുമായാണ് ആദ്യം സംസാരിച്ചത്. കോഴിക്കോട് പാളയത്തെ പഴം പച്ചക്കറി മാര്‍ക്കറ്റിലെ ആപ്പിള്‍ വ്യാപാരികളില്‍ ചിലരുടെ പ്രതികരണം: 

ആപ്പിളില്‍ ചെറിയ സുഷിരങ്ങള്‍ കാണുന്നത് സ്വാഭാവികമാണ്. ഇത് കീടങ്ങള്‍ മൂലമുണ്ടാകുന്നതാണ്. ആപ്പിളില്‍ മാത്രമല്ല, പേരക്ക പോലെ പുറംതോടില്ലാത്ത വിവിധ പഴവര്‍ഗങ്ങളില്‍ ഇത് കാണാനാവും. ഇതാരും മനപൂര്‍വം കുത്തിവെയ്ക്കുന്നതല്ല. മറിച്ച് കീടങ്ങളുടെ ആക്രമണമാണ്. കീടങ്ങള്‍ ഒരു തരത്തിലും ബാധിക്കാത്ത ആപ്പിള്‍ കീടനാശിനി തളിച്ചതായിരിക്കും. അങ്ങനെ നോക്കുമ്പോള്‍ ഇത്തരം ആപ്പിളാണ് നല്ലത്. വീഡിയോയില്‍ ഈ സുഷിരം മറയ്ക്കാന്‍ സ്റ്റിക്കര്‍ പതിച്ചെന്ന് മാത്രം. ഇവിടെ അങ്ങനെ ചെയ്യാറില്ല.

തുടര്‍ന്ന് കാലിക്കറ്റ്  സര്‍വകലാശാല സസ്യശാസ്ത്ര വിഭാഗം അധ്യാപകരുമായി ബന്ധപ്പെട്ടു. വീഡിയോയിലെ ആപ്പിള്‍ Codling Moth എന്നറിയപ്പെടുന്ന ഒരുതരം കീടത്തിന്റെ ആക്രമണത്തിന് വിധേയമായതാകാം എന്ന് അവര്‍ അഭിപ്രായപ്പെട്ടു. 

വീഡിയോയില്‍ കാണുന്നത് ഇത് തീരെ ചെറിയ സുഷിരമാണ്. പഴങ്ങളുടെ പുറത്ത് ഇത്തരം സുഷിരങ്ങള്‍ സൃഷ്ടിക്കുന്നത് കോഡ്ലിങ് മോത്ത് എന്നറിയപ്പെടുന്ന ഒരുതരം കീടമാണ്. ഇത് അത്രമേല്‍ അപകടകാരിയല്ല. എന്നാല്‍ ഇത്തരം കീടങ്ങളെ ചെറുക്കാന്‍ ഉപയോഗിക്കുന്ന കീടനാശിനികള്‍ പലപ്പോഴും കീടങ്ങളെക്കാള്‍ ആരോഗ്യത്തിന് ഹാനികരമായേക്കാം. അകത്തേക്ക് കുത്തിവെയ്ക്കുന്ന ഒരു കീടനാശിനിയും ആപ്പിള്‍ പോലുള്ള പഴങ്ങളില്‍ ഉപയോഗിക്കാറില്ല. മാത്രവുമല്ല, സൂചിയുടെ സുഷിരമല്ല വീഡിയോയില്‍ കാണുന്നത്.”
 

തുടര്‍ന്ന് വയനാട്ടിലെ കര്‍ഷകസംഘടനയുടെ പ്രതിനിധിയുമായി സംസാരിച്ചു. കീടങ്ങളുടെ ആക്രമണം മൂലമുണ്ടായ സുഷിരമാണ് ആപ്പിളില്‍ കാണുന്നതെന്ന് അദ്ദേഹവും വ്യക്തമാക്കി. മാത്രവുമല്ല, ആപ്പിളില്‍ വിഷം കുത്തിവെച്ചതായി മാധ്യമറിപ്പോര്‍ട്ടുകളൊന്നും കണ്ടെത്താനുമായില്ല. 

ഇതോടെ പ്രചാരണം വ്യാജമാണെന്നും പ്രചരിക്കുന്ന  വീഡിയോയ്ക്ക് സാമുദായിക തലങ്ങളൊന്നും ഇല്ലെന്നും സ്ഥിരീകരിച്ചു. 

Fact Check: Pro-Palestine march in Kerala? No, video shows protest against toll booth

Fact Check: ഓണം ബംപറടിച്ച സ്ത്രീയുടെ ചിത്രം? സത്യമറിയാം

Fact Check: யோகி ஆதித்யநாத்தை ஆதரித்து தீப்பந்தத்துடன் பேரணி நடத்தினரா பொதுமக்கள்? உண்மை என்ன

Fact Check: Christian church vandalised in India? No, video is from Pakistan

Fact Check: ಕಾಂತಾರ ಚಾಪ್ಟರ್ 1 ಸಿನಿಮಾ ನೋಡಿ ರಶ್ಮಿಕಾ ರಿಯಾಕ್ಷನ್ ಎಂದು 2022ರ ವೀಡಿಯೊ ವೈರಲ್