അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ നിരവധി ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതില്‍ ചിലത് മറ്റ് പല ക്ഷേത്രങ്ങളുടെയും ദൃശ്യങ്ങളാണ്. അയോധ്യ ക്ഷേത്രത്തിന്റെ ദൃശ്യങ്ങളെന്ന അവകാശവാദത്തോട പ്രചരിക്കുന്ന അത്തരമൊരു ദൃശ്യമാണ് ക്ഷേത്രം ഭാരതീയരുടെ അഭിമാനമെന്ന വിവരണത്തോടെ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.
വീഡിയോയില്‍ കാണുന്ന വാട്ടര്‍മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ചതോടെ വീഡിയോ 2024 ജനുവരി 10ന് ഒരു ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചതായി കണ്ടെത്തി.
പങ്കുവെച്ച ദൃശ്യങ്ങള്‍ക്കൊപ്പം വ്യക്തമായ വിവരണങ്ങളില്ലാത്തതിനാല്‍ മറ്റ് സൂചനകള്‍ പരിശോധിച്ചു. ദൃശ്യങ്ങളുടെ അവസാനഭാഗത്ത് ബോര്‍ഡില്‍ ഗുജറാത്തി ഭാഷയില്‍ എഴുതിയ ഉള്ളടക്കം ഗൂഗ്ള്‍ ട്രാന്‍സലേറ്റിന്റെ സഹായത്തോടെ തര്‍ജമചെയ്തു.
Khodaldham എന്ന വാക്കുപയോഗിച്ച് നടത്തിയ തെരച്ചിലില്‍ ഇത് ഗുജറാത്തിലെ ഖോഡല്‍ധാം ക്ഷേത്രമാണെന്ന് മനസ്സിലായി. ഖോഡല്‍ധാം ട്രസ്റ്റിന്റെ വെബ്സൈറ്റില്‍ ക്ഷേത്രത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാം.
ക്ഷേത്രത്തിന്റെ ചരിത്രം പരിശോധിച്ചതോടെ 2011 ല്‍ ശിലാന്യാസവും 2017ല്‍ പ്രാണപ്രതിഷ്ഠയും പൂര്‍ത്തിയായ ക്ഷേത്രമാണിതെന്ന് വ്യക്തമായി.
2023 ഒക്ടോബറില്‍ ട്രസ്റ്റ് പണിത കെട്ടിടസമുച്ചയത്തിന്റ ഭൂമിപൂജയില്‍ ഗുജറാത്ത് മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. ഇതുസംബന്ധിച്ച മാധ്യമറിപ്പോര്‍ട്ടുകളും ലഭ്യമാണ്. ഖോഡല്‍ധാം ക്ഷേത്രവും അയോധ്യയും തമ്മില്‍ ആയിരം കിലോമീറ്ററോളം ദൂരമുണ്ട്. ഇതോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ക്ക് അയോധ്യയിലെ രാമക്ഷേത്രവുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായി.