ബീഹാറില്‍ എന്‍ഡിഎ സര്‍ക്കാറിനെതിരെ ഇന്ത്യന്‍ സൈന്യം സമരത്തിനിറങ്ങിയതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. സൈനികവേഷമണണിഞ്ഞ ചിലര്‍ ഇന്ത്യന്‍ പതാകയുമേന്തി മുദ്രാവാക്യം വിളിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഏതാനും പൊലീസുകാര്‍ ഇവരോട് തര്‍ക്കിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ബീഹാറിലെ ഭരണത്തിനെതിരെ നിലവിലെ സഖ്യകക്ഷിയായ എന്‍ഡിഎ സര്‍ക്കാറിനെതിരെയാണ് സൈനികര്‍ തെരുവിലിറങ്ങിയതെന്ന അവകാശവാദത്തോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സൈനിക ഉദ്യോഗസ്ഥരല്ല പ്രതിഷേധിക്കുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
പ്രചരിക്കുന്ന വീഡിയോ സൂക്ഷ്മമായി പരിശോധിച്ചതോടെ സൈനികവേഷമണിഞ്ഞവരുടെ ബാഡ്ജില്‍ ആര്‍മി എന്നതിന് പകരം ബീഹാര്‍ 112 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് കണ്ടെത്തി.
തുടര്‍ന്ന് ഈ സൂചനകളുപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഇത് സൈനികസേവനത്തില്‍നിന്ന് വിരമിച്ച ഡ്രൈവര്‍മാരെ ഉള്‍പ്പെടുത്തി അടിയന്തര വാഹനങ്ങളുടെ സേവനത്തിനായി ബീഹാറില്‍ നിയോഗിക്കപ്പെട്ടവരാണെന്ന് കണ്ടെത്തി. വേതനവും ആനുകൂല്യങ്ങളും വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ നടത്തിയ പ്രതിഷേധത്തെക്കുറിച്ച് ANI പങ്കുവെച്ച വീഡിയോയില്‍ ഇതേ ദൃശ്യങ്ങള്‍ കാണാം. 2025 ഓഗസ്റ്റ് 25 നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
തുടര്‍ന്ന് ഈ സൂചനകളുപയോഗിച്ച് നടത്തിയ പരിശോധനയില്‍ സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ കണ്ടെത്തി. ടൈംസ് ഓഫ് ഇന്ത്യ 2025 സെപ്തംബര്‍ 9ന് ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതായി കാണാം.
നവഭാരത് ടൈംസ് ഉള്‍പ്പെടെ പ്രാദേശിക മാധ്യമങ്ങളും ദൃശ്യങ്ങള്‍ സഹിതം പ്രതിഷേധവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇതോടെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും നിലവില്‍ സൈനിക സേവനത്തിലിരിക്കുന്നവരല്ല പ്രതിഷേധിച്ചതെന്നും രാഷ്ട്രീയപരമായ കാരണങ്ങളല്ല പ്രതിഷേധത്തിന് പിന്നിലെന്നും വ്യക്തമായി.