Malayalam

Fact Check: ഇത് ഇറാന്‍ പ്രസിഡന്റിന്റെ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ തുര്‍ക്കിയെയുടെ ഹെലികോപ്റ്ററോ?

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ടതിന് പിന്നാലെ തിരച്ചിലിനായി തുര്‍ക്കിയെ അയച്ച രാത്രിക്കാഴ്ചയുള്ള ഹെലികോപ്റ്ററിന്റെ ദൃശ്യങ്ങളെന്ന വിവരണത്തോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

HABEEB RAHMAN YP

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസി 2024 മെയ് 19ന് അസര്‍ബൈജാന്‍ അതിര്‍ത്തിയിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് മരണപ്പെട്ടത്. മോശം കാലാവസ്ഥയെത്തുടര്‍ന്നായിരുന്നു അപകടമെന്നാണ് റിപ്പോര്‍ട്ടുകള്‍. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ പോലും കണ്ടെത്താനായത്. എന്നാല്‍ തിരച്ചിലില്‍ നിര്‍ണായകമായത് തുര്‍ക്കിയെയുടെ രാത്രിക്കാഴ്ചയുള്ള ഹെലികോപ്റ്ററാണെന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. രാത്രിയില്‍തന്നെ അപകടത്തില്‍പെട്ട ഹെലികോപ്റ്റര്‍ കണ്ടെത്താനായത് ഇതിന്റെ സഹായത്തോടെയാണെന്നാണ് അവകാശവാദം

Fact-check: 

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും തുര്‍ക്കിയെയുടെ ഹെലികോപ്റ്ററിന്റെ ദൃശ്യങ്ങളല്ല വീഡിയോയിലുള്ളതെന്നും സൗത്ത് ചെക്ക് അന്വേഷണത്തില്‍ വ്യക്തമായി. 

33 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഒരു ഹെലികോപ്റ്ററിന് പുറത്തെയും അകത്തെയും ഏതാനും ഷോട്ടുകള്‍ കാണാം. ഹെല്‍മറ്റ് ധരിച്ച പൈലറ്റിനെയും ഒരു ഷോട്ടില്‍ കാണാനാവുന്നുണ്ട്. ഈ വീഡിയോയിലെ ഏതാനും കീഫ്രെയിമുകള്‍ എടുത്ത് നടത്തിയ പരിശോധനയില്‍ ദൈര്‍ഘ്യമേറിയ പതിപ്പ് യൂട്യൂബില്‍ കണ്ടെത്തി. AiirSource Military എന്ന യൂട്യൂബ് ചാനലില്‍ 2013 മാര്‍ച്ച് 20നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

എട്ടുമിനുറ്റിലധികം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ 4:17 മുതലാണ് പ്രചരിക്കുന്ന ദൃശ്യങ്ങള്‍ കാണാനാവുന്നത്. ഇതോടെ വീഡിയോ പഴയതാണെന്ന സൂചന ലഭിച്ചു. വീഡിയോയുടെ ഉറവിടം കണ്ടെത്താനായി പിന്നീടുള്ള ശ്രമം. വീഡിയോയ്ക്കൊപ്പം നല്‍‍കിയിരിക്കുന്ന വിവരണത്തില്‍ 82nd Combat Aviation Brigade എന്ന് കാണാം. രാത്രികാല ഹെലികോപ്റ്റര്‍ പരിശീലനത്തിന്റെ വീഡിയോയാണെന്നും അമേരിക്കന്‍ സൈന്യത്തിന്റെ ഭാഗമാണിതെന്നും വിവരണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഈ സൂചന ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഡിഫന്‍സ് വിഷ്വല്‍ ഇന്‍ഫര്‍മേഷന്‍ ഡിസ്ട്രിബ്യൂഷന്‍ സര്‍വീസ് (DVIDS) എന്ന വെബ്സൈറ്റില്‍ ഇതേ വീഡിയോ കണ്ടെത്തി. അമേരിക്കന്‍ നാവിക സേനയുടെ ഭാഗമായ 82nd Combat Aviation Brigade 2012 ഏപ്രില്‍ 13 ന് അഫ്ഗാനിസ്ഥാന്‍ പ്രവിശ്യയില്‍ നടത്തിയ രാത്രികാല പരിശീലനത്തിന്റെ വീഡിയോ ആണ് ഇതെന്ന് വെബ്സൈറ്റില്‍  വ്യക്തമാക്കുന്നു.

യു എസ് മറൈന്‍ കോര്‍പ്സിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ഇതേ വിവരണത്തോടെ വീഡിയോയുടെ പൂര്‍ണ പതിപ്പ് നല്‍കിയതായി കാണാം.

ഇതോടെ പ്രചരിക്കുന്ന വീഡിയോ 2012 ലേതാണെന്നും അമേരിക്കന്‍ നാവികസേനയുടെ പരിശീലനത്തിന്റെ ദൃശ്യങ്ങളാണെന്നും വ്യക്തമായി. 

തുടര്‍ന്ന് ഇറാന്‍ പ്രസിഡന്റിന്റെ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ തുര്‍ക്കിയെ ഹെലികോപ്റ്ററിനെക്കുറിച്ചും അന്വേഷിച്ചു. ഇത് ഹെലികോപ്റ്റര്‍ അല്ലെന്നും പൈലറ്റില്ലാതെ പ്രവര്‍ത്തിക്കുന്ന ഡ്രോണ്‍ ആണെന്നും വ്യക്തമായി. അകിന്‍സിയെന്ന ഈ ഡ്രോണിനെക്കുറിച്ച് മലയാള മാധ്യമങ്ങള്‍ അടക്കം  വാര്‍ത്ത നല്‍കിയതായും കണ്ടെത്തി.

നിരവധി ദേശീയ മാധ്യമങ്ങളും ഈ ഡ്രോണിനെക്കുറിച്ച് വാര്‍ത്ത നല്‍കിയതായി കണ്ടെത്തി. താപനിലയിലെ വ്യത്യാസം തിരിച്ചറിഞ്ഞ് അപകടസ്ഥലം കണ്ടെത്താന്‍ അകിന്‍സിയ്ക്ക് സാധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്താരാഷ്ട്രമാധ്യമങ്ങളും ഇതുസംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ നല്‍കിയതായി കണ്ടെത്തി. 

ഇതോടെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി. അപകടത്തില്‍ പെട്ട ഇറാന്‍ പ്രസിഡന്റിന്റെ ഹെലികോപ്റ്റര്‍ കണ്ടെത്താന്‍ തുര്‍ക്കിയെയുടെ ഡ്രോണ്‍ സഹായിച്ചുവെങ്കിലും പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ളത് അതല്ല. മാത്രവുമല്ല, മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത് 2024 മെയ് 20 തിങ്കളാഴ്ച രാവിലെയാണ്. ഇതോടെ പ്രചാരണം പൂര്‍ണമായും അടിസ്ഥാനരഹിതമാണന്ന് വ്യക്തമായി. 

Fact Check: Pro-Palestine march in Kerala? No, video shows protest against toll booth

Fact Check: ഓണം ബംപറടിച്ച സ്ത്രീയുടെ ചിത്രം? സത്യമറിയാം

Fact Check: யோகி ஆதித்யநாத்தை ஆதரித்து தீப்பந்தத்துடன் பேரணி நடத்தினரா பொதுமக்கள்? உண்மை என்ன

Fact Check: Christian church vandalised in India? No, video is from Pakistan

Fact Check: ಕಾಂತಾರ ಚಾಪ್ಟರ್ 1 ಸಿನಿಮಾ ನೋಡಿ ರಶ್ಮಿಕಾ ರಿಯಾಕ್ಷನ್ ಎಂದು 2022ರ ವೀಡಿಯೊ ವೈರಲ್