തെരുവില്‍ അന്തിയുറങ്ങുന്ന പെണ്‍കുട്ടിയ്ക്ക് കാവലായി നില്‍ക്കുന്ന നായയുടേതെന്ന തരത്തില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഉറങ്ങുന്ന പെണ്‍കുട്ടിയുടെ സമീപത്തേക്ക് ഒരാള്‍ നടന്നടുക്കുന്നതോടെ എഴുന്നേറ്റുനിന്ന് കുരയ്ക്കുന്ന നായയെ ദൃശ്യങ്ങളില്‍ കാണാം. സിസിടിവി ദൃശ്യത്തിന് സമാനമായ വീഡിയോയാണ് പ്രചരിക്കുന്നത്.
പ്രചാരണം വ്യാജമാണെന്നും ദൃശ്യങ്ങള്‍ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ചതാണെന്നും അന്വേഷണത്തില്‍ വ്യക്തമായി.
പ്രചരിക്കുന്ന വീഡിയോ സൂക്ഷ്മമായി പരിശോധിച്ചതോടെ ചില അപാകതകള്‍ ശ്രദ്ധയില്‍പെട്ടു. വീഡിയോയില്‍ കാണുന്നത് തുടര്‍ച്ചയായ ദൃശ്യങ്ങളാണെങ്കിലും സിസിടിവി ക്യാമറയിലേതെന്ന തരത്തില്‍ മുകളില്‍ നല്‍കിയിരിക്കുന്ന സമയത്തിലെ സെക്കന്റുകള്‍ മാറുന്നത് ക്രമത്തിലല്ല. കൂടാതെ കുട്ടിയ്ക്ക് സമീപം റോഡില്‍ കിടക്കുന്ന വെള്ളക്കുപ്പിയുടെ ആകൃതിയില്‍ അസ്വാഭാവികത കാണാം. റോഡില്‍ വരുന്ന കാറിന്റെ ലൈറ്റുകള്‍ ഉണങ്ങിയ റോഡില്‍ പ്രതിഫലിക്കുന്നതും അസ്വാഭാവികമാണ്.
നായ എഴുന്നേറ്റ് നിന്ന് കുരയ്ക്കുമ്പോള്‍ കുട്ടിയുടെ മേല്‍ കാല്‍ വെയ്ക്കുന്നതിലും കുട്ടിയുടെ കൈയ്യിന്റെ ആകൃതിയിലുമെല്ലാം അസ്വാഭാവികതകള്‍ പ്രകടമാണ്. മാത്രവുമല്ല, ഈ സമയത്തൊന്നും കുട്ടി ഇത് അറിയുന്നുപോലുമില്ല. ഇതോടെ വീഡിയോ വ്യാജമാകാമെന്ന സൂചന ലഭിച്ചു.
തുടര്‍ന്ന് WasitAI എന്ന വെബ്സൈറ്റ് ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ദൃശ്യങ്ങള്‍ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ചതാകാനുള്ള സാധ്യതയാണ് കണ്ടെത്തിയത്.
ഇതോടെ അവകാശവാദം വ്യാജമാണെന്നും വീഡിയോ എഐ നിര്‍മിതമാണെന്നും സ്ഥിരീകരിച്ചു.