Malayalam

Fact Check: ശിരോവസ്ത്രം ധരിക്കാത്തതിന് ഹിന്ദു സ്ത്രീയെ ബസ്സില്‍നിന്ന് ഇറക്കിവിടുന്ന മുസ‍്‍ലിം പെണ്‍കുട്ടികള്‍? വീഡിയോയുടെ വാസ്തവം

ബസ്സില്‍ പര്‍ദ്ദയും ഹിജാബും ധരിച്ച ഒരുകൂട്ടം മുസ്‍ലിം പെണ്‍കുട്ടികള്‍ പ്രായമായ ഒരു ഹിന്ദു സ്ത്രീയോട് കയര്‍ത്തു സംസാരിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

HABEEB RAHMAN YP

കേരളത്തില്‍ ഇതരമതസ്ഥരെ ശിരോവസ്ത്രം ധരിക്കാതെ ബസ്സില്‍ യാത്രചെയ്യാന്‍ മുസ്‍ലിം വിഭാഗം അനുവദിക്കുന്നില്ലെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. ശിരോവസ്ത്രം ധരിക്കാത്തതിന്റെ പേരില്‍ പ്രായംചെന്ന ഹിന്ദു സ്ത്രീയെ ഒരുകൂട്ടം മുസ്‍ലിം പെണ്‍കുട്ടികള്‍ ബസ്സില്‍നിന്ന് ഇറക്കിവിടുന്ന ദൃശ്യങ്ങളെന്ന വിവരണത്തോടെയാണ് വീഡിയോ പ്രചരിക്കുന്നത്. സ്ത്രീയോട് കയര്‍ത്തു സംസാരിക്കുന്ന കുട്ടികളെ ദൃശ്യങ്ങളില്‍ കാണാം. 

Fact-check: 

പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ബസ് സ്റ്റോപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിന്റെ വീഡിയോയാണ് പ്രചരിക്കുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായി. 


പ്രചരിക്കുന്ന വീഡിയോയിലെ സംസാരശൈലിയില്‍നിന്ന് സംഭവം കാസര്‍കോടാണെന്ന സൂചന ലഭിച്ചു. തുടര്‍ന്ന് കീവേഡുകളുപയോഗിച്ച് നടത്തിയ പരിശോധനയില്‍ മറ്റൊരു സമാനമായ വീഡിയോ ലഭിച്ചു. സ്റ്റോപ്പില്‍ ബസ്സ് നിര്‍ത്താതെ പോകുന്നത് പതിവായതോടെ വിദ്യാര്‍ത്ഥികള്‍ ബസ്സ് തടഞ്ഞുവെന്ന വിവരണത്തോടെ റിപ്പോര്‍ട്ടര്‍ ടിവിയുടെ ഫെയ്സ്ബുക്ക് പേജില്‍ 2023 ഒക്ടോബറിലാണ്  വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ ഈ വീഡിയോയിലെ ബസ്സ് തന്നെയാണ് പ്രചരിക്കുന്ന വീഡിയോയിലേതെന്ന് വ്യക്തമായി ബസ്സിന്റെ നമ്പര്‍ പ്ലേറ്റ്, പേര് തുടങ്ങിയ സൂചനകളുപയോഗിച്ച് രണ്ട് വീഡിയോകളും തമ്മില്‍ താരതമ്യം ചെയ്തതോടെയാണ് ഇത് സ്ഥിരീകരിക്കാനായത്. 

ഇതോടെ ബസ്സ് സ്റ്റോപ്പില്‍ നിര്‍ത്താത്തതുമായി ബന്ധപ്പെട്ട് 2023 ഒക്ടോബറില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്ന് വ്യക്തമായി. റിപ്പോര്‍ട്ടര്‍ ടിവി വെബ്സൈറ്റില്‍ നല്‍കിയ വിശദമായ റിപ്പോര്‍‍ട്ടില്‍ കുമ്പളയിലെ ഖന്‍സ വനിതാ കോളജിലെ വിദ്യാര്‍ത്ഥികളാണ് വീഡിയോയിലുള്ളതെന്ന് വ്യക്തമായി. 

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മാതൃഭൂമി ഓണ്‍ലൈനിലും ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത പ്രസിദ്ധീകരിച്ചതായി കണ്ടെത്തി. 2023 ഒക്ടോബര്‍ 22 ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ബസ്സ് തടഞ്ഞത് ബസ് സ്റ്റോപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പശ്ചാത്തലത്തിലാണെന്ന് വ്യക്തമാക്കുന്നു. 

തുടര്‍ന്ന് ബസ്സിന് അകത്തു നടന്ന സംഭവങ്ങളെക്കുറിച്ച് വ്യക്തതയ്ക്കായി കുമ്പള പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. അവരുടെ  പ്രതികരണം: 

“ഇത് 2023 ല്‍ നടന്ന സംഭവമാണ്. വനിതാ കോളജിന് മുന്നില്‍ ബസ് സ്റ്റോപ്പ് വേണമെന്ന ആവശ്യം വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചിരുന്നു. സ്റ്റോപ്പ് അനുവദിച്ചതിന് ശേഷവും ബസ്സുകള്‍ നിര്‍ത്താതെ പോകുന്നത് പതിവായതോടെയാണ് അവര്‍ ബസ്സ് തടഞ്ഞത്. ഇതിന് പിന്നാലെ കുമ്പള സ്റ്റേഷനിലെ പൊലീസുകാര്‍ സംഭവസ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ബസ്സില്‍ കയറിയതിന് ശേഷം ബസ്സിലുണ്ടായിരുന്ന മുതിര്‍ന്ന സ്ത്രീ ബസ്സ് തടഞ്ഞതിനെക്കുറിച്ച് വിദ്യാര്‍ത്ഥികളെ  ഉപദേശിക്കുകയും അത് വാക്കുതര്‍ക്കത്തില്‍ കലാശിക്കുകയുമായിരുന്നു. അല്ലാതെ ഇതില്‍ മതപരമായ യാതൊന്നുമില്ല.”

കുമ്പളയിലെ ഖന്‍സ കോളജ് ഡയറക്ടറുമായും ഫോണില്‍ സംസാരിച്ചു. ബസ് സ്റ്റോപ്പുമായി ബന്ധപ്പെട്ട് രണ്ടുവര്‍ഷം മുന്‍പ് വിദ്യാര്‍ത്ഥികള്‍‌ ബസ്സ് തടഞ്ഞതുമായി ബന്ധപ്പെട്ട വീഡിയോയാണിതെന്നും അവര്‍ പ്രായമായ സ്ത്രീയോട് ഈ വിഷയമാണ് സംസാരിച്ചതെന്നും മതപരമായി യാതൊന്നുമില്ലെന്നും അദ്ദേഹവും വ്യക്തമാക്കി. 

ഇതോടെ പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിച്ചു.

Fact Check: Muslim woman tied, flogged under Sharia law? No, victim in video is Hindu

Fact Check: நடிகை திரிஷாவிற்கு திருமணம் நடைபெற உள்ளதா? உண்மை என்ன

Fact Check: ಬಿಹಾರ್​ಗೆ ಹೊರಟಿದ್ದ RDX ತುಂಬಿದ ಲಾರಿಯನ್ನ ಹಿಡಿದ ಉತ್ತರ ಪ್ರದೇಶ ಪೊಲೀಸರು? ಇಲ್ಲ, ಇದು ಹಳೇ ವೀಡಿಯೊ

Fact Check: చంద్రుడిని ఢీకొట్టిన మర్మమైన వస్తువా? నిజం ఇదే

Fact Check: Muslims in Nasik arrested for ‘I Love Muhammad’ stickers? No, here’s the truth