Malayalam

Fact Check: അണക്കെട്ട് തുറന്ന് ഇന്ത്യ പാക്കിസ്ഥാനില്‍ മിന്നല്‍പ്രളയം സൃഷ്ടിച്ചോ? വീഡിയോയുടെ സത്യമറിയാം

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ മുന്നറിയിപ്പില്ലാതെ ഇന്ത്യ ഉറി ഡാം തുറന്നുവെന്നും പാക്കിസ്ഥാനിലെ വിവിധയിടങ്ങളില്‍ വെള്ളം കയറിയെന്നും റിപ്പോര്‍ട്ടുകള്‍ വന്ന പശ്ചാത്തലത്തിലാണ് പാക്കിസ്ഥാനിലുണ്ടായ മിന്നല്‍ പ്രളയത്തന്റേതെന്ന തരത്തില്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

HABEEB RAHMAN YP

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ മുന്നറിയിപ്പ് നല്‍കാതെ ഇന്ത്യ ഉറി ഡാം തുറന്നതോടെ പാക്കിസ്ഥാനില്‍ വിവിധയിടങ്ങളില്‍ വെള്ളം കയറിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.   ഈ പശ്ചാത്തലത്തിലാണ് വെള്ളം തുറന്നുവിട്ടതിന് പിന്നാലെ പാക്കിസ്ഥാനിലുണ്ടയാ മിന്നല്‍പ്രളയത്തിന്റേതെന്ന തരത്തില്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കുത്തിയൊലിച്ച് വരുന്ന  വെള്ളത്തില്‍നിന്ന് സാധനങ്ങള്‍ മാറ്റുന്ന ചിലരെയും വെള്ളത്തിനടിയിലാകുന്ന വാഹനങ്ങളെയും ദൃശ്യങ്ങളില്‍ കാണാം. 

Fact-check: 

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പഹല്‍ഗാം ആക്രമണത്തിന് മുന്‍പത്തെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്നും വസ്തുത പരിശോധനയില്‍ കണ്ടെത്തി. 

പ്രചരിക്കുന്ന ദൃശ്യങ്ങളിലെ ചില കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയില്‍ Afghanistan Weather Info എന്ന  ഫെയ്സ്ബുക്ക് പേജില്‍ 2025 ഏപ്രില്‍ 16ന് ഈ വീഡിയോ പങ്കുവെച്ചതായി കണ്ടെത്തി. ഏപ്രില്‍ 16ന് പാക്കിസ്ഥാനിലുണ്ടായ കനത്ത മഴയിലും ആലിപ്പഴവര്‍ഷത്തിലും നിരവധി നാശനഷ്ടങ്ങളുണ്ടായെന്ന വിവരണത്തോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 

ഇതോടെ വീഡിയോ പഴയതാണെന്നും പഹല്‍ഗാം ഭീകരാക്രമണത്തിന് മുന്‍പത്തേതാണെന്നും വ്യക്തമായി. വീഡിയോയ്ക്കൊപ്പം നല്‍കിയ വിവരങ്ങളിലെ സ്ഥിരീകരണത്തിനായി കീവേഡുകള്‍ ഉപയോഗിച്ച് ഇതുസംബന്ധിച്ച മാധ്യമറിപ്പോര്‍ട്ടുകള്‍ പരിശോധിച്ചു. ഇതോടെ വിവിധ പാക് ടെലിവിഷന്‍ ചാനലുകളുടെ യൂട്യൂബ് അക്കൗണ്ടുകളില്‍ വാര്‍ത്താ റിപ്പോര്‍‍ട്ടുകളായി ഈ വീഡിയോ നല്‍കിയതായി കണ്ടെത്തി. Hum News എന്ന യൂട്യൂബ് ചാനലില്‍ 2025 ഏപ്രില്‍ 17ന് നല്‍കിയ വാര്‍ത്താ റിപ്പോര്‍ട്ടില്‍ ഇതേ ദൃശ്യങ്ങള്‍ കാണാം. 

പാക്കിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയിലും പഞ്ചാബ് മേഖലയിലുമുണ്ടായ കനത്ത മഴയിലും ആലിപ്പഴ വര്‍ഷത്തിലും മിന്നല്‍പ്രളയമുണ്ടായതായും വ്യാപാരമേഖലയിലടക്കം കനത്ത നാശനഷ്ടങ്ങളുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ സൂചനകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ Aaj TV ഉള്‍പ്പെടെ മറ്റ് ചില മാധ്യമങ്ങളും വാര്‍ത്ത നല്‍കിയതായി കണ്ടെത്തി. പ്രചരിക്കുന്ന ദൃശ്യങ്ങളിലെ ചില ഭാഗങ്ങളും റിപ്പോര്‍ട്ടില്‍ കാണാം. 

ഇതോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ ഏപ്രില്‍ 16 ന് പാക്കിസ്ഥാനിലെ ചിലയിടങ്ങളില്‍ കനത്ത മഴമൂലമുണ്ടായ മിന്നല്‍പ്രളയത്തിന്റെ ദൃശ്യങ്ങളാണെന്ന് വ്യക്തമായി. ഏപ്രില്‍ 22നാണ് പഹല്‍ഗാമില്‍ ഭീകരാക്രമണമുണ്ടായത്. ഇതിന് പിന്നാലെ ഏപ്രില്‍ 27ന് രാത്രിയാണ് ഉറി ഡാം തുറന്നുവിടുന്നത്. ഈ സംഭവങ്ങളുമായി പ്രചരിക്കുന്ന ദൃശ്യങ്ങള്‍ക്ക് ബന്ധമില്ലെന്ന് ഇതോടെ സ്ഥിരീകരിച്ചു. 

അതേസമയം ഏപ്രില്‍ ‍27ന് ഉറി ഡാം തുറന്നതിന് പിന്നാലെ ഝലം നദിയില്‍ ജലനിരപ്പുയര്‍ന്നതിനാല്‍ പാക്കിസ്ഥാനിലെ വിവിധയിടങ്ങളില്‍ വെള്ളം കയറിയതായും കൃഷിനാശമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.  

Fact Check: Pro-Palestine march in Kerala? No, video shows protest against toll booth

Fact Check: ഓണം ബംപറടിച്ച സ്ത്രീയുടെ ചിത്രം? സത്യമറിയാം

Fact Check: கரூர் கூட்ட நெரிசலில் பாதிக்கப்பட்டவர்களை பனையூருக்கு அழைத்தாரா விஜய்?

Fact Check: Christian church vandalised in India? No, video is from Pakistan

Fact Check: ಕಾಂತಾರ ಚಾಪ್ಟರ್ 1 ಸಿನಿಮಾ ನೋಡಿ ರಶ್ಮಿಕಾ ರಿಯಾಕ್ಷನ್ ಎಂದು 2022ರ ವೀಡಿಯೊ ವೈರಲ್