കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയില്‍ വിസ്ഡം വിദ്യാര്‍ത്ഥി സംഘടന ലിംഗവിവേചനത്തോടെ പരിപാടി നടത്തിയെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമിടയില്‍ ഒരു കര്‍ട്ടനിട്ട് മറച്ച തരത്തില്‍ ചിത്രസഹിതമാണ് പ്രചാരണം. ഇത് കുസാറ്റില്‍ നടന്ന പരിപാടിയാണെന്നും സ്ഥാപന അധികൃതരും സര്‍ക്കാറും തീവ്ര മുസ്ലിം സംഘടനകളുടെ നിലപാടുകള്‍ക്കൊപ്പമാണെന്നുമാണ് പ്രചാരണം.
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും കുസാറ്റില്‍ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചിട്ടില്ലെന്നും വസ്തുത പരിശോധനയില്‍ വ്യക്തമായി.
പ്രചരിക്കുന്ന ചിത്രവുമായി ബന്ധപ്പെട്ട് ഇംഗ്ലീഷ് കീവേഡുകളുപയോഗിച്ച് ഫെയ്സ്ബുക്കില്‍ നടത്തിയ പരിശോധനയില്‍ കുസാറ്റിന്റെ ഔദ്യോഗിക പ്രതികരണം ലഭ്യമായി. പ്രസ്തുത വിദ്യാര്‍ത്ഥി സംഘടയുമായി ബന്ധപ്പെട്ട് കാമ്പസിനകത്തോ പുറത്തോ കുസാറ്റ് പരിപാടികളൊന്നും സംഘടിപ്പിച്ചിട്ടില്ലെന്നും പ്രചരിക്കുന്ന ചിത്രത്തിന് സ്ഥാപനവുമായി ബന്ധമില്ലെന്നും വിശദീകരിക്കുന്നതാണ് കുറിപ്പ്.
തുടര്‍ന്ന് ഔദ്യോഗിക സ്ഥിരീകരണത്തിനായി കുസാറ്റ് അധികൃതരുമായി സംസാരിച്ചു. അവരുടെ പ്രതികരണം:
“പ്രചരിക്കുന്ന ചിത്രവുമായി കുസാറ്റിന് യാതൊരു ബന്ധവുമില്ല. കുസാറ്റിന്റെ അറിവോടെയോ സഹകരണത്തോടെയോ അത്തരമൊരു പരിപാടി കാമ്പസിനകത്തോ പുറത്തോ നടന്നിട്ടില്ല. ലിംഗവിവേചനത്തിനെതിരെ നിലകൊള്ളുന്നതാണ് സ്ഥാപനത്തിന്റെ നിലപാട്. ഇത്തരം സംഘടനകളുമായോ അവരുടെ പ്രവര്‍ത്തനങ്ങളുമായോ സ്ഥാപനത്തിന് ബന്ധമില്ല.സ്ഥാപനത്തിന്റെ പേര് ദുരുപയോഗം ചെയ്തതിന് നിയമനടപടി സ്വീകരിക്കാനാണ് തീരുമാനം.”
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുസാറ്റ് നല്‍കിയ പ്രതികരണവും നിയമനടപടി സ്വീകരിക്കുന്നതും സംബന്ധിച്ച് വിവിധ മാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കിയതായി കണ്ടെത്തി.
തുടര്‍ന്ന് വിസ്ഡം വിദ്യാര്‍ത്ഥി സംഘടനയുടെ ഫെയ്സ്ബുക്ക് പേജില്‍ നല്‍കിയ കുറിപ്പും ലഭിച്ചു. പരിപാടി നടത്തിയത് കുസാറ്റ് കാമ്പസിലല്ലെന്നും പുറത്ത് മറ്റൊരു ഹാളില്‍വെച്ചാണെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു. ഒക്ടോബറില്‍ മംഗലൂരുവില്‍ നടക്കുന്ന പ്രോഫ്കോണ്‍ പരിപാടിയുടെ മുന്നോടിയായി നടത്തുന്ന യോഗങ്ങള്‍ വിവിധ കാമ്പസുകളിലെ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി നടത്തിവരുന്നുണ്ടെന്നും ഇതില്‍ സംഘടനയുടെ പേരിനൊപ്പം സ്ഥാപനത്തിന്റെ പേര് ഉപയോഗിക്കുന്നത് സ്വാഭാവികമാണെന്നും എല്ലാ വിദ്യാര്‍ത്ഥി സംഘടനകളും ഇത്തരത്തില്‍ ഉപയോഗിക്കാറുമുണ്ടെന്നാണ് അവരുടെ അവകാശവാദം.
ഇതോടെ പരിപാടി നടന്നത് കാമ്പസിലല്ലെന്നും കുസാറ്റിനോ സര്‍ക്കാറിനോ ഇതില്‍ യാതൊരു പങ്കുമില്ലെന്നും സ്ഥിരീകരിക്കാനായി.