Fact Check: ഗുജറാത്തില്‍ ക്ഷേത്രത്തിന് മുന്നില്‍ ഭിക്ഷയാചിച്ച ദലിത് ബാലനെ സവര്‍ണര്‍ മര്‍ദിച്ചോ? വീഡിയോയുടെ സത്യമറിയാം

ഗുജറാത്തില്‍ ക്ഷേത്രത്തിന് മുന്നില്‍ ഭിക്ഷയാചിച്ച താഴ്ന്ന ജാതിക്കാരനായ ബാലനെ സവര്‍ണര്‍ ക്ഷേത്രത്തിനകത്ത് പ്രവേശിച്ചുവെന്നാരോപിച്ച് ക്രൂരമായി മര്‍ദിച്ചുവെന്നും കൊലപ്പെടുത്തിെയെന്നുമാണ് സമൂഹമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ സഹിതം പ്രചാരണം.
Fact Check:  ഗുജറാത്തില്‍  ക്ഷേത്രത്തിന് മുന്നില്‍ ഭിക്ഷയാചിച്ച ദലിത് ബാലനെ സവര്‍ണര്‍ മര്‍ദിച്ചോ? വീഡിയോയുടെ സത്യമറിയാം
Published on
2 min read

ഗുജറാത്തില്‍ ക്ഷേത്രത്തിന് മുന്നില്‍ ഭിക്ഷയാചിച്ച ദലിത് ബാലനെ മര്‍ദിക്കുന്ന ദൃശ്യങ്ങളെന്ന വിവരണത്തോടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ക്ഷേത്രത്തില്‍ കയറിയെന്നാരോപിച്ച് സവര്‍ണ ഹിന്ദുക്കള്‍ ബാലനെ മര്‍ദിച്ച് കൊലപ്പെടുത്തിയതെന്ന അവകാശവാദത്തോടെ പങ്കുവെച്ച വീഡിയോയില്‍ ആള്‍ക്കൂട്ടം ഒരു കുട്ടിയെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങളും കാണാം.

Fact-check: 

പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പ്രചരിക്കുന്ന വീഡിയോ ഇന്ത്യയിലേതല്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. 

പ്രചരിക്കുന്ന വീഡിയോയിലെ ചില കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ദൃശ്യങ്ങള്‍ ചില ബംഗ്ലാദേശി മാധ്യമങ്ങളില്‍ ഈയിടെ പ്രസിദ്ധീകരിച്ചതായി കണ്ടെത്തി.  എകുഷെ ടിവി എന്ന വാര്‍ത്താമാധ്യമത്തിന്റെ യൂട്യൂബ് ചാനലില്‍ 2025 മാര്‍ച്ച് 19ന് പ്രചരിക്കുന്ന വീഡിയോ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് ‌പങ്കുവെച്ചതായി കണ്ടെത്തി.

വീഡിയോയ്ക്കൊപ്പം ബാംഗ്ല ഭാഷയില്‍ നല്‍കിയിരിക്കുന്ന വിവരണം പരിശോധിച്ചതോടെ ഇത് ബംഗ്ലാദേശിലെ ധാക്കയ്ക്കടുത്ത് ഖില്‍ഖേത് എന്ന സ്ഥലത്ത് നടന്ന സംഭവമാണെന്ന സൂചന ലഭിച്ചു. ബലാത്സംഗക്കുറ്റമാരോപിച്ച് യുവാവിനെ ജനക്കൂട്ടം ക്രൂരമായി മര്‍ദിച്ചുവെന്നും തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ പൊലീസ് വാഹനവും ജനങ്ങള്‍ ആക്രമിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  

ഈ സൂചനകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ധാക്ക ട്രിബ്യൂണ്‍ എന്ന മറ്റൊരു ചാനലിന്റെ യൂട്യൂബ് പേജിലും സമാന ദൃശ്യങ്ങളോടെ ഈ വാര്‍ത്ത കണ്ടെത്തി.

തുടര്‍ന്ന് ബാംഗ്ല ഭാഷയില്‍ ചില കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍  ജമുന ടിവി ഉള്‍പ്പെടെ ബംഗ്ലാദേശിലെ മുഖ്യധാരാമാധ്യമങ്ങളിലെല്ലാം ഈ റിപ്പോര്‍ട്ട് കണ്ടെത്താനായി

ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പ്രചരിക്കുന്ന വീഡിയോയ്ക്ക് ഇന്ത്യയുമായി ബന്ധമില്ലെന്നും വ്യക്തമായി. ഗുജറാത്തിലെ ക്ഷേത്രത്തിന് മുന്നില്‍ ഭിക്ഷയാചിച്ച ബാലനെ ആള്‍ക്കൂട്ടം മര്‍ദിക്കുന്ന ദൃശ്യങ്ങളെന്ന അവകാശവാദം വസ്തുതാവിരുദ്ധമാണെന്ന് സ്ഥിരീകരിച്ചു. 

Related Stories

No stories found.
logo
South Check
southcheck.in