ഏഷ്യാനെറ്റ് ന്യൂസിന്റെ പേരില്‍ പ്രചരിച്ച വ്യാജ വാര്‍ത്താകാര്‍ഡ് പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ SFI നടത്തിയ സമരങ്ങളെ പരിഹസിച്ചുകൊണ്ടാണ് വ്യാജ കാര്‍ഡ്. പെന്‍ഷന്‍ മുടങ്ങിയതിന് ഭിക്ഷയാചിച്ച് വാര്‍ത്തകളില്‍ ഇടംപിടിച്ച മറിയക്കുട്ടി എന്ന വൃദ്ധയുടെ ചിത്രം ഉള്‍പ്പെടെയാണ് കാര്‍ഡ് തയ്യാറാക്കിയിരിക്കുന്നത്. തന്റെ പെന്‍ഷന്‍ തുകയുടെ വിഹിതം SFI അംഗങ്ങള്‍ക്ക് അടിവസ്ത്രം വാങ്ങാന്‍ നല്കുമെന്ന് മറിയക്കുട്ടി പറഞ്ഞുവെന്നാണ് പരിഹാസരൂപേണയുള്ള പ്രചരണം.
പ്രചരിക്കുന്ന വാര്‍ത്താ കാര്‍ഡ് വ്യാജമാണെന്നും ഏഷ്യാനെറ്റിന്റെ പഴയ കാര്‍ഡ് എഡിറ്റ് ചെയ്തതാണെന്നും അന്വേഷണത്തില്‍ വ്യക്തമായി.
വസ്തുത പരിശോധനയുടെ ആദ്യഘട്ടത്തില്‍ പരിശോധിച്ചത് ഉപയോഗിച്ചിരിക്കുന്ന ഫോണ്ടും ഭാഷയും ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ്. ‘ജെട്ടി’, ‘പിള്ളേര്‍ക്ക്’ തുടങ്ങിയ വാക്കുകള്‍ വാര്‍ത്താകാര്‍ഡുകളില്‍ അസാധാരണമാണെന്നത് കാര്‍ഡ് വ്യാജമാകാമെന്നതിന്റെ ആദ്യസൂചനയായി. തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ് സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച ന്യൂസ് കാര്‍ഡുകള്‍ പരിശോധിച്ചു. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന ഫോണ്ടുകളും ഡിസൈന്‍ ഘടനയും വ്യത്യസ്തമാണെന്ന് കാണാം.
എന്നാല്‍ പ്രചരിക്കുന്ന ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന മറിയക്കുട്ടിയുടെ ചിത്രവും, പശ്ചാത്തലത്തില്‍ ഉപയോഗിച്ചിരിക്കുന്ന ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രവും യഥാര്‍ത്ഥമാണെന്ന സൂചനലഭിച്ചു. മറിയക്കുട്ടി എന്ന് എഴുതിയിരിക്കുന്ന ഫോണ്ട് മറ്റു ഫോണ്ടുകളില്‍നിന്ന് വ്യത്യസ്തമാണെന്നും കാണാം. ഇതോടെ മറിയക്കുട്ടിയുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്താ കാര്‍ഡുകളില്‍ എഡിറ്റ് ചെയ്ത് പുതിയ ഉള്ളടക്കം ചേര്‍ത്തതാകാമെന്ന സൂചനലഭിച്ചു.
തുടര്‍ന്ന് മറിയക്കുട്ടിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പരിശോധിച്ചു. പെന്‍ഷന്‍ മുടങ്ങിയതിന്റെ പേരില്‍ ഇവര്‍ ഭിക്ഷയാചിച്ചതിന്റെ വാര്‍ത്തകള്‍ 2023 നവംബര്‍ ആദ്യവാരം പ്രസിദ്ധീകരിച്ചതായി കണ്ടെത്തി.
തുടര്‍ന്ന് ഈ ദിവസങ്ങളില്‍ ഏഷ്യാനെറ്റ് ന്യൂസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വാര്‍ത്താ കാര്‍ഡുകള്‍ പരിശോധിച്ചതോടെ 2023 നവംബര്‍ 10ന് ഫെയ്സ്ബുക്കില്‍ സമാനമായ കാര്‍ഡ് പങ്കുവെച്ചതായി കണ്ടെത്തി.
ഈ കാര്‍ഡും പ്രചരിക്കുന്ന കാര്‍ഡും തമ്മില്‍ താരതമ്യം ചെയ്താല്‍ ഉള്ളടക്കം എഡിറ്റ് ചെയ്ത് ചേര്‍ത്തതാണെന്ന് സ്ഥിരീകരിക്കാം. തീയതിയും പ്രധാന രണ്ട് വാചകങ്ങളും ഉള്‍പ്പെടെയാണ് എഡിറ്റ് ചെയ്ത് മാറ്റിയിരിക്കുന്നത്.
പ്രചരിക്കുന്നത് വ്യാജമായി നിര്‍മിച്ച കാര്‍ഡാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് വെബ് വിഭാഗവും ഞങ്ങളോട് സ്ഥിരീകരിച്ചു.