Malayalam

Fact Check: ഗൂഗ്ള്‍ പേ ‘പോക്കറ്റ് മണി’ തട്ടിപ്പോ? സത്യമറിയാം

ഗൂഗ്ള്‍ പേ ആപ്പില്‍ ഈയിടെ തുടങ്ങിയ ‘പോക്കറ്റ് മണി’ എന്ന ഫീച്ചര്‍ തട്ടിപ്പാണെന്നും ഇതില്‍ ക്ലിക്ക് ചെയ്താല്‍ അക്കൗണ്ടിലെ പണം നഷ്ടപ്പെടുമെന്നുമാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം.

HABEEB RAHMAN YP

ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് വ്യാപകമായി ഉപയോഗിക്കുന്ന ഗൂഗ്ള്‍ പേ യുപിഐ ആപ്പില്‍ ഈയിടെ നിലവില്‍ വന്ന ‘പോക്കറ്റ് മണി’  എന്ന ഫീച്ചര്‍ തട്ടിപ്പാണെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഗൂഗ്ള്‍ പേയുടെ ഹോം സ്ക്രീനില്‍ പോക്കറ്റ് മണി എന്ന പേരില്‍ ഒരു ഐക്കണ്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഇതില്‍ ക്ലിക്ക് ചെയ്താല്‍ അക്കൗണ്ടിലെ പണം നഷ്ടപ്പെടുമെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം.

Fact-check: 

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഈ ഫീച്ചറില്‍ ക്ലിക്ക് ചെയ്താല്‍ പണം നഷ്ടമാകില്ലെന്നും വസ്തുതാപരിശോധനയില്‍  വ്യക്തമായി. 

ഏറെ സുരക്ഷാ മുന്‍കരുതലുകളുള്ള ഓണ്‍ലൈന്‍ പണമിടപാട് ആപ്ലിക്കേഷനാണ് ഗൂഗ്ള്‍ പേ. അതുകൊണ്ടുതന്നെ ഇതിന്റെ ഹോം സ്ക്രീനില്‍ കാണുന്ന ഒരു ഫീച്ചര്‍ ഗൂഗ്ളിന്റെ ഔദ്യോഗിക ഫീച്ചറായിരിക്കാമെന്ന അനനുമാനത്തിലെത്തി. തുടര്‍ന്ന് ഇത് എന്താണെന്ന് പരിശോധിച്ചു. ഗൂഗ്ള്‍ പേ ഹെല്‍പ് സെന്ററില്‍ നല്‍കിയ വിവരമനുസരിച്ച് ഒരാളുടെ അക്കൗണ്ട് സുഹൃത്തുക്കളുമായോ ബന്ധുക്കളുമായോ പങ്കിട്ട് ഉപയോഗിക്കാവുന്ന സംവിധാനമാണിത്.

തുടര്‍ന്ന് ആപ്പിലെ ഫീച്ചര്‍ വിശദമായി പരിശോധിച്ചു. പോക്കറ്റ് മണി എന്ന പേരില്‍ നല്‍കിയിരിക്കുന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഈ സംവിധാനത്തെ പരിചയപ്പെടുത്തുന്ന ഒരു സ്ക്രീന്‍ പ്രത്യക്ഷപ്പെടുന്നു. രക്ഷിതാക്കള്‍ക്ക് കുട്ടികളുമായോ ബന്ധുക്കള്‍ തമ്മിലോ ഒക്കെ അക്കൗണ്ട് പങ്കിടാവുന്ന സംവിധാനത്തില്‍ അക്കൗണ്ട് ഉടമയുടെ പൂര്‍ണ നിയന്ത്രണത്തില്‍ മറ്റുള്ളവര്‍ക്ക് സ്വതന്ത്രമായി അക്കൗണ്ട് ഉപയോഗിക്കാം. 

മറ്റൊരാള്‍ക്കുവേണ്ടി പോക്കറ്റ് മണി പങ്കിടാനുള്ള ഓപ്ഷനും മറ്റൊരാളോട് പോക്കറ്റ് മണി ആവശ്യപ്പെടാനുള്ള ഓപ്ഷനും ഇതില്‍ കാണാം. ഇതിന്റെ പ്രവര്‍ത്തനം മനസ്സിലാക്കുന്നതിനായി ബന്ധുക്കളിലൊരാളുടെ യുപിഐ ഐഡി ഉപയോഗിച്ച്  ഇത് ആക്ടിവേറ്റ് ചെയ്തു.  

ഇതില്‍ ഉള്‍പ്പെടുത്തുന്ന വ്യക്തിയുടെ ഫോണ്‍ നമ്പര്‍ അല്ലെങ്കില്‍ യുപിഐ ഐഡി സ്ഥിരീകരിച്ച് മുന്നോട്ടുപോവുകയോ യുപിഐ ഐഡിയുടെ ക്യുആര്‍ കോഡ് സ്കാന്‍ ചെയ്ത് ആക്ടിവേറ്റ് ചെയ്യുകയോ ചെയ്യാം. തുടര്‍ന്ന് വരുന്ന സ്ക്രീനില്‍ അക്കൗണ്ട് ഉടമയുടെ പണം ഉപയോഗിക്കുന്നതിന്റെ പരിധികളും വ്യവസ്ഥകളും നിശ്ചയിക്കാം. 

മാസം തോറും ഒരു നിശ്ചിത സംഖ്യ പരമാവധിയായി സെറ്റ് ചെയ്യുന്ന തരത്തിലും ഓരോ തവണ ഉപയോഗിക്കുമ്പോഴും അക്കൗണ്ട് ഉടമയുടെ അനുമതി ആവശ്യമായ തരത്തിലും പോക്കറ്റ് മണി സംവിധാനം ഉപയോഗിക്കാം. മാസം തോറും ഒരു നിശ്ചിത തുകയും കാലാവധിയുടെ തീയതിയും തീരുമാനിച്ച് സെറ്റ് ചെയ്താല്‍ അതുവരെ പ്രതിമാസം അക്കൗണ്ട് പങ്കിടുന്ന വ്യക്തിയ്ക്ക് അക്കൗണ്ട് ഉടമയുടെ അക്കൗണ്ടില്‍നിന്ന് പ്രസ്തുത തുക വരെ പരമാവധി ചെലവഴിക്കാം. ഇതിന് ഓരോ തവണ അനുമതി ആവശ്യമില്ല.  പ്രതിമാസം കുറഞ്ഞത് 100 രൂപയും പരമാവധി 15,000 രൂപയുമാണ് പരിധി നിശ്ചയിക്കാനാവുക. 

പ്രസ്തുത തുക നിശ്ചയിച്ച ശേഷം പിന്‍ നമ്പര്‍കൂടി നല്‍കിയാലാണ് ഇത് പ്രവര്‍ത്തനസജ്ജമാവുക.  പിന്നീട് നിശ്ചയിച്ച തീയതി വരെ ഓരോ മാസവും പ്രസ്തുത തുക പങ്കിട്ട വ്യക്തിയ്ക്ക് ഓണ്‍ലൈന്‍ പണമിടപാടിലൂടെ ഉപയോഗിക്കാം. ഉപയോഗിക്കുന്ന സമയത്ത് അക്കൗണ്ട് ഉടമയ്ക്ക് ഇതുസംബന്ധിച്ച് നോട്ടിഫിക്കേഷന്‍ ലഭിക്കും. 

പ്രതിമാസതുക നിശ്ചയിക്കുന്നതിന് പകരം ഓരോ തവണ ഉപയോഗിക്കുമ്പോഴും അക്കൗണ്ട്  ഉടമയുടെ അനുമതി ആവശ്യമായ രീതിയിലും ഈ സംവിധാനം ഉപയോഗിക്കാം. ഇതിന് ആദ്യത്തെ സ്ക്രീനില്‍ നല്‍കിയിരിക്കുന്ന രണ്ടാമത്തെ ഓപ്ഷനാണ് തിര‍ഞ്ഞെടുക്കേണ്ടത്. 

ഇതില്‍ പ്രത്യേകിച്ച് തുകയോ തീയതിയോ സെറ്റ് ചെയ്യേണ്ടതില്ല. ഇന്‍വൈറ്റ് എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത് പിന്‍ നമ്പര്‍ നല്‍കിയാല്‍‌ ആരുമായാണോ പങ്കിടുന്നത്, അവര്‍ക്ക് ഇത് സ്വീകരിക്കാം. 

ഇതോടെ ഗൂഗ്ള്‍ പേ ഫീച്ചര്‍ തട്ടിപ്പല്ലെന്നും രക്ഷിതാക്കള്‍ക്ക് സ്വന്തം മക്കള്‍ക്ക് പോക്കറ്റ് മണി നല്‍കുന്ന തരത്തില്‍ ഉപയോഗപ്പെടുത്താവുന്ന ഡിജിറ്റല്‍ സംവിധാനമാണെന്നും വ്യക്തമായി. 

പ്രചാരണം വ്യാജമാണെന്ന് വ്യക്തമാക്കി കേരള പൊലീസ് മീഡിയ സെന്ററും വിശദമായ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്

Fact Check: Muslims set fire to Hindu neighbourhood in Bangladesh? No, here are the facts

Fact Check: നേപ്പാളില്‍ പ്രളയത്തിനിടെ ഡാം തകരുന്ന ദൃശ്യം? വീഡിയോയുടെ സത്യമറിയാം

Fact Check: கிரானைட் அதிபர் வீரமணி மீதான போக்சோ வழக்கில் நக்கீரன் கோபால் பேசியதாக பரவும் காணொலியின் உண்மை பின்னணி என்ன?

Fact Check: ಬೇಲ್​ನಿಂದ ಹೊರಬಂದ ಬಳಿಕ ಸ್ವತಂತ್ರ ಭಾರದ್ವಾಜ್ ಅಟ್ಟಾಹಸ ಎಂದು ಹಳೆಯ ವಿಡಿಯೊ ವೈರಲ್

Fact Check: బంగ్లాదేశ్‌లో హిందూ ఉపాధ్యాయురాలిపై అత్యాచారం, హత్య చేసిన ముస్లిం వ్యక్తి? కాదు, ఇది స్క్రిప్టెడ్ వీడియో