Malayalam

Fact Check: തിരുവോണം ബംപര്‍ ലോട്ടറിയടിച്ചത് കോഴിക്കോട് സ്വദേശിക്കോ?

കോഴിക്കോട് പേരാമ്പ്ര സ്വദേശിയുടെയും നരിക്കുനി മൂര്‍ഖന്‍കുണ്ട് സ്വദേശിയുടെയും പേരുകളില്‍ ലോട്ടറിയടിച്ചുവെന്ന വാര്‍ത്താകാര്‍ഡും റിപ്പോര്‍ട്ടുമാണ് ചിത്രസഹിതം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

HABEEB RAHMAN YP

കേരള സര്‍ക്കാറിന്റെ തിരുവോണം ബംപര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് പൂര്‍ത്തിയായതോടെ നിരവധി പ്രചാരണങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. ഒന്നാംസമ്മാനമായ 25 കോടി ലഭിച്ചുവെന്ന അവകാശവാദത്തോടെ  കോഴിക്കോട് സ്വദേശികളായ രണ്ടുപേരുടെ ചിത്രസഹിതം വ്യത്യസ്ത സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കോഴിക്കോട് പേരാമ്പ്ര സ്വദേശിയുടെ  പേരിലുള്ള സന്ദേശത്തില്‍ അദ്ദേഹത്തിന്റെ ചിത്രത്തിനൊപ്പം വിശദമായ റിപ്പോര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ നരിക്കുനി മൂര്‍ഖന്‍കുണ്ട് സ്വദേശിയുടെ ചിത്രം ഒരു വാര്‍ത്താ കാര്‍ഡ് രൂപത്തിലാണ് പ്രചരിക്കുന്നത്

മറ്റ് പലരുടെയും  ചിത്രങ്ങള്‍ ഉപയോഗിച്ച് ഇത്തരം വാര്‍ത്താ കാര്‍ഡുകള്‍ നിരവധി പേര്‍ പങ്കിടുന്നതായും കണ്ടെത്തി.

Fact-check: 

പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സന്ദേശങ്ങള്‍ വ്യാജമോ എഡിറ്റ് ചെയ്ത് നിര്‍മിച്ചതോ ആണെന്നും വസ്തുത പരിശോധനയില്‍ കണ്ടെത്തി. 

കോഴിക്കോട് പേരാമ്പ്ര സ്വദേശിയുടെ പേരില്‍ പ്രചരിക്കുന്ന ചിത്രത്തിലെ ടിക്കറ്റാണ് ആദ്യം പരിശോധിച്ചത്. ടിക്കറ്റ് നമ്പര്‍ മൂന്നിടങ്ങളില്‍ നല്‍കിയിട്ടുണ്ടെങ്കിലും ടിക്കറ്റിന്റെ വലതുവശത്ത് നല്‍കിയിരിക്കുന്ന നമ്പറും ടിക്കറ്റിലെ QR കോഡിനൊപ്പം നല്‍കിയിരിക്കുന്ന നമ്പറും വ്യത്യസ്തമാണന്ന് കണ്ടെത്തി. മാത്രവുമല്ല, ഇത് എഡിറ്റ് ചെയ്ത് ചേര്‍ത്തതാണെന്ന സൂചനയും ലഭിച്ചു. 

ചിത്രത്തിലുള്ള ടിക്കറ്റിന്റെ യഥാര്‍ത്ഥ നമ്പര്‍ TD 581430 ആണ്. എന്നാല്‍ ടിക്കറ്റിലെ QR കോഡിന് സമീപവും ഇടതുവശത്തുമായി TD 434222 എന്ന നമ്പര്‍ എഡിറ്റ് ചെയ്ത് ചേര്‍ക്കുകയാണ് ചെയ്തിരിക്കുന്നത്. 

തുടര്‍ന്ന് കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വെബ്സൈറ്റില്‍നിന്ന് ഓണം ബംപര്‍ ലോട്ടറിയുടെ സമ്മാനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചു. TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. പ്രചരിക്കുന്ന ടിക്കറ്റിലെ യഥാര്‍ത്ഥ നമ്പറായ TD 581430 ന് സമ്മാനങ്ങളൊന്നുമില്ലെന്നും സ്ഥിരീകരിച്ചു. 

‌‌‌

കോഴിക്കോട് നരിക്കുനി മൂര്‍ഖന്‍കുണ്ട് സ്വദേശിയുടെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്താ കാര്‍ഡാണ് പിന്നീട് പരിശോധിച്ചത്. ലോഗോയോ മറ്റ് വിവരങ്ങളോ ഇല്ലാതെ പങ്കുവെച്ചിരിക്കുന്ന ഈ വാര്‍ത്താ കാര്‍ഡിലെ വിവരങ്ങള്‍  ഉപയോഗിച്ച് നടത്തിയ കീവേഡ് പരിശോധനയില്‍ 24 ന്യൂസിന്റെ സ്ക്രീന്‍ഷോട്ട് ഉപയോഗിച്ച് ലോഗോ സഹിതമാണ് ഇത് പ്രചരിച്ച് തുടങ്ങിയതെന്ന് വ്യക്തമാക്കി. ഇത്തരമൊരു വാര്‍ത്താ കാര്‍ഡ് നല്‍കിയിട്ടില്ലെന്ന് 24 ന്യൂസ് ഫെയ്സ്ബുക്ക് പേജില്‍ സ്ഥിരീകരിച്ചതായും കണ്ടെത്തി.

പിന്നീട് തിരുവോണം ബംപറിന്റെ യഥാര്‍ത്ഥ വിജയിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പരിശോധിച്ചു. യഥാര്‍ത്ഥ ബംപര്‍വിജയി കര്‍ണാടക സ്വദേശി അല്‍ത്താഫാണെന്ന വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസാണ് ആദ്യം പുറത്തുവിട്ടത്.

കര്‍ണാടക പാണ്ഡ്യപുര സ്വദേശിയായ അല്‍ത്താഫ് വയനാട്ടിലെ ബന്ധുവീട്ടിലെത്തിയപ്പോഴാണ് ടിക്കറ്റെടുത്തത്. ടിക്കറ്റുമായി അദ്ദേഹം കഴിഞ്ഞ ദിവസംതന്നെ കല്പറ്റയിലെ ബാങ്കിലെത്തിയതായും വാര്‍ത്തകളുണ്ട്

ഇതോടെ പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി. 

Fact Check: Shootout near Jagatpura, Jaipur? No, video is from Lebanon

Fact Check: റോഡരികില്‍‌ പെണ്‍കുട്ടിയ്ക്ക് കാവലായി തെരുവുനായ? വീഡിയോയുടെ വാസ്തവം

Fact Check: பள்ளி புத்தகத்தில் கிறிஸ்தவ அடையாளம் இருப்பதாக பகிரப்படும் செய்தி? திமுக ஆட்சியில் நடைபெற்றதா

Fact Check: ಭೂಗತ ಹೈಡ್ರಾಲಿಕ್ ಕಸದ ತೊಟ್ಟಿಯ ವೀಡಿಯೊ ಟರ್ಕಿಯದ್ದು, ಬೆಳಗಾವಿಯದ್ದಲ್ಲ

Fact Check: కేసీఆర్ ప్రచారం చేస్తే పది ఓట్లు పడేది, ఒకటే పడుతుంది అన్న వ్యక్తి? లేదు, వైరల్ వీడియో ఎడిట్ చేయబడింది