Malayalam

Fact Check: മുഴുവന്‍ സീറ്റുകളിലും UDF തോല്‍ക്കുമെന്ന് മനോരമ ന്യൂസ് സര്‍വേഫലം? ചിത്രങ്ങളുടെ സത്യമറിയാം

മനോരമ ന്യൂസിന്റെ പ്രീ-പോള്‍ സര്‍വേ ഫലപ്രകാരം ലോക്സഭ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലും UDF പരാജയപ്പെടുമെന്ന തരത്തിലാണ് ടെലിവിഷന്‍ റിപ്പോര്‍ട്ടിന്റെ സ്ക്രീന്‍ഷോട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

HABEEB RAHMAN YP

ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മനോരമ ന്യൂസ് നടത്തിയ പ്രീ-പോള്‍ സര്‍വേയില്‍ 20 സീറ്റുകളിലും UDF തോല്‍ക്കുമെന്ന് പ്രവചിച്ചതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. മനോരമ ന്യൂസിന്റെ പ്രീ-പോള്‍ സര്‍വേ ഫലപ്രഖ്യാപന അവതരണത്തിന്റെ സ്ക്രീന്‍ ചിത്രങ്ങള്‍ക്കൊപ്പമാണ് പ്രചാരണം. LDF മുഴുവന്‍ സീറ്റും നേടുമെന്ന് ഫലം വന്നതായാണ് സ്ക്രീനില്‍. (Archive)

മനോരമയെ പരിഹസിച്ചും കുറ്റപ്പെടുത്തിയുമെല്ലാം നിരവധി പേര്‍ ഈ ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നുണ്ട്.  (Archive 1, Archive 2, Archive 3)

Fact-check: 

പ്രചാരണം അടിസ്ഥാനരഹിതമാണെന്നും മനോരമ ന്യൂസ് പ്രീ-പോള്‍ സര്‍വേയില്‍ ഇത്തരമൊരു ഫലപ്രവചനം ഉണ്ടായിട്ടില്ലെന്നും സൗത്ത് ചെക്ക് അന്വേഷണത്തില്‍ വ്യക്തമായി. 

പ്രഥമദൃഷ്ട്യാ യഥാര്‍ത്ഥമെന്ന് തോന്നിയേക്കാമെങ്കിലും ചിത്രത്തിലുപയോഗിച്ചിരിക്കുന്ന ഫോണ്ടുകളും നിറങ്ങളും അവയുടെ ക്രമീകരണവുമെല്ലാം യഥാര്‍ത്ഥ ഗ്രാഫിക്സില്‍നിന്ന് വ്യത്യസ്തമാണെന്ന് സൂക്ഷ്മമായ പരിശോധനയില്‍ കാണാം. മാത്രവുമല്ല, രണ്ടാമത്തെ ചിത്രത്തില്‍ ഗ്രാഫിക്സിന്റെ പ്രതിബിംബത്തില്‍ മറ്റൊരു ഉള്ളടക്കമാണ് കാണാനാവുന്നത്. 

ഈ സൂചനകളെല്ലാം ചിത്രം എഡിറ്റ് ചെയ്ത് നിര്‍മിച്ചതായേക്കാമെന്ന സൂചന നല്‍കി. എങ്കിലും ആദ്യം മനോരമ ന്യൂസ് പ്രീപോള്‍ സര്‍വേ ഫലം പരിശോധിച്ചു. മനോരമ ഓണ്‍ലൈനില്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം 13 സീറ്റില്‍ UDFന് ഉറപ്പായ വിജയവും 3 സീറ്റുകളില്‍ കടുത്ത മത്സരവുമാണ് സര്‍വേയില്‍ പ്രവചിച്ചിരിക്കുന്നത്. 

തുടര്‍ന്ന് മനോരമ ന്യൂസ് യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോകള്‍ പരിശോധിച്ചു. 2024 ഏപ്രില്‍ 12ന് പങ്കുവെച്ച പ്രീപോള്‍ സര്‍വേ അന്തിമഫലത്തിന്റെ അവതരണ വീഡിയോയിലും UDF ന് ഉറപ്പായ 13 സീറ്റുകളും ഒപ്പത്തിനൊപ്പം എത്തിയേക്കാവുന്ന 3 സീറ്റുകളും അട്ടിമറി സാധ്യതയുള്ള 3 സീറ്റുകളുമാണ് പ്രവചിച്ചതെന്ന് സ്ഥിരീകരിച്ചു.

ഇതോടെ പ്രചരിക്കുന്ന സ്ക്രീന്‍ ചിത്രങ്ങള്‍ വ്യാജമാകാമെന്നതിന്റെ വ്യക്തമായ സൂചന ലഭിച്ചു. പ്രീ-പോള്‍ സര്‍വേ ഫലത്തിന്റെ അവതരണ വീഡിയോ 29 ഭാഗങ്ങളായി രണ്ടുദിവസങ്ങളിലായാണ് പങ്കുവെച്ചിരിക്കുന്നത്. ഇതില്‍ കേന്ദ്രത്തിന്റെ നേട്ടങ്ങളെക്കുറിച്ച് പറയുന്ന 18-ാമത്തെയും പത്തനംതിട്ട മണ്ഡലത്തെക്കുറിച്ച് പറയുന്ന 19-ാമത്തെയും വീഡിയോകളില്‍നിന്നുള്ള ഭാഗങ്ങളാണ് പ്രചരിക്കുന്ന ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് കണ്ടെത്തി. 

ആദ്യ ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത് കേന്ദ്രത്തിന്റെ നേട്ടങ്ങളെക്കുറിച്ചുള്ള സര്‍വേഫലം അവതരിപ്പിക്കുന്ന ഭാഗത്തുനിന്നുള്ള സ്ക്രീന്‍ ചിത്രമാണ്. അഞ്ചുവിഭാഗങ്ങളായി തിരിച്ച് ശതമാനം രേഖപ്പെടുത്തിയ ഗ്രാഫിക്സ് മാറ്റി പകരം ‘20 സീറ്റിലും UDF തോല്‍ക്കും’ എന്ന് എഴുതിച്ചേര്‍ത്ത് തലക്കെട്ട് മാറ്റിയതാണെന്ന് കാണാം. വീഡിയോയുടെ 00:57 സെക്കന്റിലെ സ്ക്രീന്‍ഷോട്ട് ക്രോപ് ചെയ്താണ് വ്യാജ ചിത്രം നിര്‍മിച്ചിരിക്കുന്നതെന്ന് വ്യക്തം. 

രണ്ടാമത്തെ ചിത്രം നിര്‍മിച്ചിരിക്കുന്നത് പത്തനംതിട്ടയെക്കുറിച്ചുള്ള സര്‍വേഫലങ്ങള്‍ അവതരിപ്പിക്കുന്ന വീഡിയോയിലെ 5:55 സമയത്തെ സ്ക്രീന്‍ഷോട്ട് ഉപയോഗിച്ചാണ്.  

ഇതോടെ പ്രചാരണം വ്യാജമാണെന്നും മനോരമ ന്യൂസിന്റെ യഥാര്‍ത്ഥ സര്‍വേഫലം വ്യത്യസ്തമാണെന്നും വ്യക്തമായി. 

Fact Check: Pro-Palestine march in Kerala? No, video shows protest against toll booth

Fact Check: ഓണം ബംപറടിച്ച സ്ത്രീയുടെ ചിത്രം? സത്യമറിയാം

Fact Check: யோகி ஆதித்யநாத்தை ஆதரித்து தீப்பந்தத்துடன் பேரணி நடத்தினரா பொதுமக்கள்? உண்மை என்ன

Fact Check: Christian church vandalised in India? No, video is from Pakistan

Fact Check: ಕಾಂತಾರ ಚಾಪ್ಟರ್ 1 ಸಿನಿಮಾ ನೋಡಿ ರಶ್ಮಿಕಾ ರಿಯಾಕ್ಷನ್ ಎಂದು 2022ರ ವೀಡಿಯೊ ವೈರಲ್