Malayalam

Fact Check: മുസ്‍ലിം ലീഗ് വയനാട്ടില്‍ നിര്‍മിച്ച് നല്‍കിയ വീടുകളുടെ ഗൃഹപ്രവേശത്തിന് പണപ്പിരിവ്? പ്രചാരണത്തിന്റെ സത്യമറിയാം

മുസ്‍ലിം ലീഗ് വയനാട്ടിലെ ദുരിതബാധിതര്‍ക്ക് നിര്‍മിച്ച് നല്‍കിയ വീടിന്റെ ഗൃഹപ്രവേശത്തിന് ഒരു വീടിന് 12000 രൂപ വീതം മുസ്‍ലിം ലീഗ് പണപ്പിരിവ് നടത്തിയതായാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം.

HABEEB RAHMAN YP

വയനാട്ടിലെ ചൂരല്‍മല ദുരന്തബാധിതര്‍ക്കായി മുസ്‍ലിം ലീഗ്  നിര്‍മിച്ച് നല്‍കിയ വീടുകളുടെ ഗൃഹപ്രവേശന പരിപാടിയ്ക്ക് വേണ്ടി വീടൊന്നിന് 12000 രൂപ വീതം മുസ്‍ലിം ലീഗ് സമാഹരിച്ചതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. ഒരു വാട്സാപ്പ് ഗ്രൂപ്പിന്റെ സ്ക്രീന്‍ഷോട്ട് സഹിതം പ്രചരിക്കുന്ന സന്ദേശത്തില്‍ ഗൃഹപ്രവേശന ചടങ്ങ് നടത്താന്‍ ലീഗിന്റെ നേതൃത്വത്തില്‍ 51 വീട്ടുകാരില്‍നിന്ന് 12000 രൂപ വീതം സമാഹരിക്കുന്നതായാണ് പറയുന്നത്. 

Fact-check: 

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഗുണഭോക്താക്കള്‍ സ്വന്തം നിലയ്ക്കാണ് പരിപോടി നടത്തിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

വീടും വീട്ടുപകരണങ്ങളും ഒരു മാസത്തേക്ക് ഭക്ഷ്യസാധനങ്ങളും സൗജന്യമായി ഗുണഭോക്താക്കള്‍ക്ക് നല്‍കിയ പാര്‍ട്ടി ഗൃഹപ്രവേശന സമയത്ത് ഗുണഭോക്താക്കളില്‍നിന്ന് പണംപിരിക്കുന്നുവെന്നതിലെ അസ്വാഭാവികതയാണ് പ്രചാരണം വ്യജമാകാമെന്ന സൂചന നല്‍കിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‍ലിം ലീഗിന്റെ ഫെയ്സ്ബുക്ക് പേജില്‍ ഒരു വീഡിയോ പങ്കിട്ടതായി കണ്ടെത്തി. ഈ സന്ദേശം വ്യാജമാണെന്നും ഗുണഭോക്താക്കള്‍ സ്വന്തം നിലയ്ക്ക് ഗൃഹപ്രവേശം ഒരുമിച്ച് നടത്താന്‍വേണ്ടിയാണ് പണപ്പിരിവ് നടത്താന്‍ തീരുമാനമെടുത്തതെന്നും ഗുണഭോക്താക്കളില്‍ ചിലര്‍ ബിഗ്‍ടിവി എന്ന ചാനലിനോട് പ്രതികരിക്കുന്ന വീഡിയോയാണ് പങ്കിട്ടിരിക്കുന്നത്. 

ചാനലിന് പ്രതീകരണം നല്കുന്നവര്‍ സംസാരിക്കുന്നത് പദ്ധതിപ്രദേശത്ത് നിരവധി പേര്‍ക്കിടയില്‍ വെച്ചാണ്. പ്രതികരിക്കുന്ന എല്ലാവരും പറയുന്നത് ഈ ഗുണഭോക്താക്കളുടെ കൂട്ടായ്മ ഗൃഹപ്രവേശ പരിപാടി ഒരുമിച്ച് നടത്താന്‍ തീരുമാനിച്ചുവെന്നും ഓരോ വീടുകള്‍ പ്രത്യേകം  ചടങ്ങുകള്‍ നടത്തുന്നതിലെ ചെലവ് കുറയ്ക്കാന്‍ വേണ്ടിയാണ് തുക സമാഹരിക്കുന്നതെന്നുമാണ്. 


തുടര്‍ന്ന് ബിഗ് ടിവി പങ്കുവെച്ച ഈ വാര്‍ത്തയുടെ റിപ്പോര്‍ട്ടും പരിശോധിച്ചു. പണം സമാഹരിക്കുന്നതിലോ ഗൃഹപ്രവേശ ചടങ്ങ് നടത്തുന്നതിലോ മുസ്‍ലിം ലീഗ് പാര്‍ട്ടിക്ക് പങ്കില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

മുസ്‍ലിം ലീഗിന്റെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി വയനാട്ടില്‍ വീട് ലഭിച്ച ഗുണഭോക്താക്കളില്‍ ഒരാളുമായി സംസാരിച്ചു. അദ്ദേഹത്തിന്റെ പ്രതികരണം: 


“എല്ലാവരും  ഗൃഹപ്രവേശം വെവ്വേറെ നടത്തുന്നതിനെക്കാള്‍ ചെലവ് ലാഭിക്കാമെന്ന് എല്ലാവരും തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിപാടി ഒരുമിച്ച് നടത്താനായി പണപ്പിരിവ് നടത്തിയത്.  ഇത് ഇവിടെ ഗുണഭോക്താക്കളുടെ മാത്രം തീരുമാനമാണ്. ഗൃഹപ്രവേശന ചടങ്ങില്‍ മുസ‍്ലിം ലീഗ് യാതൊരു തരത്തിലും ഇടപെട്ടിട്ടില്ല. പ്രചാരണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണ്.”

തുടര്‍ന്ന് മുസ്‍ലിം ലീഗിന്റെ ഫേസ്ബുക്ക് പേജില്‍ നടത്തിയ പരിശോധനയില്‍ ഗൃഹപ്രവേശന ചടങ്ങില്‍ ലീഗ് പ്രവര്‍ത്തകര്‍ പങ്കെടുക്കരുതെന്നും പ്രസ്തുത ദിവസം മേഖലയില്‍ അനാവശ്യ സന്ദര്‍ശനം നടത്തരുതെന്നും വ്യക്തമാക്കി പങ്കുവെച്ച പോസ്റ്റ് ലഭിച്ചു.  ഗുണഭോക്താക്കള്‍ അവരുടെ കുടുംബങ്ങള്‍ക്കൊത്ത് നടത്തുന്ന പരിപാടിയിലെ സ്വകാര്യത മാനിക്കണമെന്ന് പാര്‍ട്ടി വ്യക്തമാക്കുന്നു. 

ഇതോടെ പ്രചാരണം വ്യാജമാണെന്നും ഗുണഭോക്താക്കളുടെ ഗൃഹപ്രവേശന ചടങ്ങ് നടത്തുന്നതില്‍ മുസ്‍ലിം ലീഗിന് പങ്കില്ലെന്നും വ്യക്തമായി. 

Fact Check: Video shows Ukraine’s recent strike on Russia’s Kuibyshev oil refinery? No, here are the facts

Fact Check: കൊല്‍ക്കത്തയില്‍ വിമാനത്താവളത്തിനായി മുസ്ലിം പള്ളി പൊളിക്കുന്ന ദൃശ്യങ്ങള്‍? വീഡിയോയുടെ സത്യമറിയാം

Fact Check: இரு கைகளும் இல்லாத பெண் ஜிம்னாஸ்டிக்ஸ் செய்யும் வைரல் காணொலி உண்மையா?

Fact Check: ದೆಹಲಿಯಲ್ಲಿ ಮಳೆಯ ನಡುವೆಯೂ ಮುಖ್ಯ ಚುನಾವಣಾ ಆಯುಕ್ತರ ವಿರುದ್ಧ ಪ್ರತಿಭಟನೆ? ಇಲ್ಲ, ಇದು ಹಳೆಯ ವಿಡಿಯೊ

Fact Check: ఢిల్లీలో సీఈసీ జ్ఞానేశ్ కుమార్‌కు వ్యతిరేకంగా నిరసనా? కాదు, పాత వీడియో వైరల్