Malayalam

Fact Check: വഖഫ് ബില്‍ ചര്‍ച്ചയ്ക്കിടെ രാഹുല്‍ഗാന്ധി ലോക്സഭയില്‍ ഉറങ്ങിയോ? ചിത്രത്തിന്റെ സത്യമറിയാം

2025 ഏപ്രില്‍ 2-ന് ലോക്സഭയില്‍ നടന്ന വഖഫ് നിയമഭേദഗതിയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ രാഹുല്‍ഗാന്ധി സഭയിലിരുന്ന് ഉറങ്ങുന്ന ദൃശ്യമെന്ന വിവരണത്തോടെയാണ് വീഡിയോ സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

HABEEB RAHMAN YP

വിവാദങ്ങള്‍ക്കിടെ വഖഫ് നിയമഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ചര്‍ച്ചചെയ്യുകയും തുടര്‍ന്ന് രാഷ്ട്രപതി ഒപ്പുവെച്ച് നിയമമാവുകയും ചെയ്തു. 2025 ഏപ്രില്‍ 2-നായിരുന്നു ലോക്സഭയില്‍ ബില്ലിന്മേലുള്ള ആദ്യ ചര്‍ച്ച. ഈ സമയത്ത് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി സഭയില്‍ ഉറങ്ങുകയായിരുന്നുവെന്ന അവകാശവാദത്തോടെയാണ് ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. രാഹുല്‍ ഗാന്ധി ഉറങ്ങുന്നതെന്ന് തോന്നിപ്പിക്കുംവിധം അദ്ദേഹം താഴേക്ക് മുഖംതിരിച്ച് ഇരിക്കുന്ന തരത്തില്‍ വീഡിയോയിലെ സ്ക്രീന്‍ഷോട്ടാണ് പ്രചരിക്കുന്നത്.  

Fact-check: 

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ദൃശ്യം 2025  ഏപ്രില്‍ 2ന നടന്ന  വഖഫ് ചര്‍ച്ചയുടെ സമയത്തേതല്ലെന്നും വസ്തുത പരിശോധനയില്‍ കണ്ടെത്തി. 

വഖഫ് നിയമഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ഏപ്രില്‍ 2-നാണ് ലോക്സഭയില്‍ ചര്‍ച്ച നടന്നത്. ചര്‍ച്ചയുടെ പൂര്‍ണ ദൃശ്യങ്ങള്‍ പാര്‍ലമെന്റിന്റെ ഔദ്യോഗിക പ്ലാറ്റ്ഫോമായ സന്‍സദ് ടിവിയില്‍ ലഭ്യമാണ്. ഏപ്രില്‍ 2-ന് ഉച്ചയ്ക്ക് 12-നാണ് പ്രസ്തുത ചര്‍ച്ച ലോക്സഭയില്‍ ആരംഭിച്ചത്. സഭാ നടപടിക്രമങ്ങള്‍ക്കുശേഷം 12.15 ഓടെ പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജുവിനെ അവതരണത്തിനായി സ്പീക്കര്‍ ക്ഷണിക്കുന്നു.  തുടര്‍ന്ന് കെ സി വേണുഗോപാല്‍ എംപി മറ്റൊരു വിഷയത്തില്‍ നടത്തിയ പ്രതികരണത്തിന് ശേഷമാണ് റിജിജു നിയമഭേദഗതി ബില്‍ അവതരിപ്പിക്കുന്നത്. ഒരു മണിക്കൂറോളം ദൈര്‍ഘ്യമുള്ള ഈ ഭാഗവും സന്‍സദ് ടിവി യൂട്യൂബ് ചാനലില്‍ ലഭ്യമാണ്.

ഈ ദൃശ്യങ്ങള്‍ പൂര്‍ണമായി പരിശോധിച്ചെങ്കിലും റിജിജു ബില്‍ സഭയിലവതരിപ്പിക്കുന്നതിന്റെ അവസാന നിമിഷം വരെ രാഹുല്‍ഗാന്ധി സഭയിലെത്തിയിട്ടില്ലെന്ന് വ്യക്തമാണ്. 

പിന്നീട് സംസാരിച്ചത്. അസമില്‍നിന്നുള്ള കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയ് ആണ്. ഈ സമയത്തെ ദൃശ്യങ്ങളിലാണ് രാഹുല്‍ ഗാന്ധിയെ കാണാനാവുന്നത്. ഈ ദൃശ്യങ്ങളില്‍ രാഹുല്‍ ഗാന്ധിയുടെ പിന്‍നിരയിലുള്ളത് വനിതാ എംപിയാണെന്നും പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ ഇത് മറ്റൊരാളാണെന്നും കാണാം.

തുടര്‍ന്ന് പ്രചരിക്കുന്ന ചിത്രത്തിന്റ സാഹചര്യമറിയുന്നതിനായി കീവേഡ് പരിശോധനകള്‍ നടത്തി. സഭയില്‍ സുപ്രധാന ചര്‍ച്ചകള്‍ നടക്കവെ രാഹുല്‍ ഗാന്ധി ഉറങ്ങിയെന്നാരോപിച്ച് ഭരണപക്ഷത്തെ ചില എംപിമാര്‍ നടത്തിയ പ്രതികരണവും അനുബന്ധ വാര്‍ത്തകളും ലഭ്യമായി. എന്നാല്‍ ഈ സംഭവം 2024 ഓഗസ്റ്റിലാണ് നടന്നത്. 2024 ഓഗസ്റ്റില്‍ ചേര്‍ന്ന ലോക്സഭ സമ്മേളനത്തില്‍ നേരത്തെ വഖഫ് ബില്‍ ചര്‍ച്ച ചെയ്തിരുന്നു. പിന്നീട് സംയുക്ത പാര്‍ലമെന്ററി സമിതിയ്ക്ക് വിട്ടശേഷമാണ് 2025 ഏപ്രിലില്‍ ബില്‍ വീണ്ടും പരിഗണിച്ചത്. 2024 ഓഗസ്റ്റ് 8 ന് സന്‍സദ് ടിവി യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ കിരണ്‍ റിജിജു വഖഫ് ബില്ലുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നല്‍കുന്നതിന്റെ വീഡിയോയില്‍ പ്രചരിക്കുന്ന ഭാഗം കാണാം. 

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രാഹുല്‍ ഗാന്ധി സഭയില്‍ ഉറങ്ങിയെന്ന് സ്ഥിരീകരിക്കുന്ന മാധ്യമറിപ്പോര്‍ട്ടുകളൊന്നും കണ്ടെത്താനായില്ല. എങ്കിലും പ്രചരിക്കുന്ന ദൃശ്യങ്ങള്‍ക്ക് 2025 ഏപ്രിലില്‍ നടന്ന വഖഫ് ബില്‍ ചര്‍ച്ചയുമായി ബന്ധമില്ലെന്ന് ഉറപ്പിക്കാം. 

Fact Check: Women taking shelter during Japan earthquake caught on tape? No, here’s the truth

Fact Check: മില്‍മ വാര്‍ഷികത്തോടനുബന്ധിച്ച് ക്യാഷ് പ്രൈസ്? വാട്സാപ്പില്‍ പ്രചരിക്കുന്ന ലിങ്കിന്റെ വാസ്തവം

Fact Check: உதயநிதி ஸ்டாலின் ‘GenZ DMK’ குழுவினருக்கு மது விருந்து அளித்ததாக வைரலாகும் புகைப்படம்? உண்மை என்ன

Fact Check: ‘ಉಚಿತ ಗುಂಡಿ ಭಾಗ್ಯ' ಎಂದು ವೈರಲ್ ಆಗಿರುವ ವೀಡಿಯೊ ಕರ್ನಾಟಕದ್ದಲ್ಲ, ಇದು ಗುಜರಾತ್‌ನಲ್ಲಿ ನಡೆದ ಘಟನೆ

Fact Check: శ్రీరాముడిపై అనుచిత వ్యాఖ్యలు చేశాడని భీమ్ ఆర్మీ నేతను పోలీసులు కొట్టారా? కాదు, సంబంధం లేని పాత వీడియో వైరల్