Malayalam

Fact Check: ഡല്‍ഹി തിരഞ്ഞെടുപ്പില്‍ മുസ്ലിംകള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളാവശ്യപ്പെട്ട് കെജ്‍രിവാളിന്റെ കത്ത്? സത്യമറിയാം

മുസ്ലിംകള്‍ക്ക് പോളിങ് ബൂത്തിലെത്താന്‍ പ്രത്യേക വാഹനസൗകര്യവും അധികസമയവും അനുവദിക്കണമെന്നും തിരിച്ചറിയല്‍ പരിശോധന ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് അരവിന്ദ് കെജ്‍രിവാള്‍ അയച്ച കത്തെന്ന തരത്തിലാണ് ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

HABEEB RAHMAN YP

ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി കടുത്ത പരാജയം നേരിട്ടതിന് പിന്നാലെ അരവിന്ദ് കെജ്‍രിവാള്‍ തിരഞ്ഞെടുപ്പിന് തലേദിവസം തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് അയച്ച കത്ത് എന്നതരത്തില്‍ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. പ്രദേശത്തെ ന്യൂനപക്ഷമായ മുസ്ലിംകള്‍ക്ക് പോളിങ് ബൂത്തിലെത്താന്‍ പ്രത്യേക വാഹനസൗകര്യവും അധികസമയവും അനുവദിക്കണമെന്നും തിരിച്ചറിയല്‍ പരിശോധന ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക്  അയച്ച കത്തെന്ന തരത്തിലാണ് ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്

Fact-check: 

പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പ്രചരിക്കുന്ന കത്തിന്റെ ചിത്രം വ്യാജമാണെന്നും അന്വേഷണത്തില്‍ വ്യക്തമായി. 

കത്തിന്റെ ചിത്രം പരിശോധിച്ചതോടെ ഇതില്‍ പറയുന്ന കാര്യങ്ങള്‍ അസാധാരണമായി തോന്നി. ഇത്തരമൊരു കത്ത് പുറത്തുവന്നിരുന്നെങ്കില്‍ അത് വലിയ മാധ്യമവാര്‍ത്തയാകുമായിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകളൊന്നും കണ്ടെത്താനായില്ല. കെജ്‍രിവാള്‍, കത്ത് തുടങ്ങിയ കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കത്ത് സംബന്ധിച്ച വാര്‍ത്ത മാത്രമാണ് കാണാനായത്. മാത്രവുമല്ല, ആം ആദ്മി പാര്‍ട്ടിയുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിലും ഇത്തരമൊരു കത്ത് കാണാനായില്ല. ഇതോടെ പ്രചരിക്കുന്ന കത്തിന്റെ ചിത്രം വ്യാജമാകാമെന്ന സൂചന ലഭിച്ചു. 

തുടര്‍ന്ന് പ്രചരിക്കുന്ന കത്തിന്റെ ചിത്രം വ്യക്തമായി പരിശോധിച്ചു. ഇതില്‍ തിയതി നല്‍കിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. അതേസമയം കത്തിന് നമ്പര്‍ നല്‍കിയിട്ടുണ്ട്. NCO/25/10 എന്ന നമ്പറിലാണ് കത്ത്. ആം ആദ്മി പാര്‍ട്ടിയുടെ എക്സ് പേജില്‍ നടത്തിയ പരിശോധനയില്‍ ഈ നമ്പറിലുള്ള യഥാര്‍ത്ഥ കത്ത് കണ്ടെത്തി. 2025 ജനുവരി 19ന് പങ്കുവെച്ചിരിക്കുന്ന യഥാര്‍ത്ഥ കത്ത് പ്രധാനമന്ത്രിയ്ക്കാണ് എഴുതിയിരിക്കുന്നത്. ഹിന്ദിയില്‍ തയ്യാറാക്കിയ കത്തില്‍ ശുചീകരണ തൊഴിലാളികള്‍ക്കടക്കം വീട് നിര്‍മിക്കുന്നതിന് കുറഞ്ഞ നിരക്കില്‍ ഭൂമി ലഭ്യമാക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നത്. 

ഇതോടെ ഈ കത്തിന്റെ ഉള്ളടക്കം എഡിറ്റ് ചെയ്താണ് പ്രചരിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നതെന്ന് വ്യക്തമായി. യഥാര്‍ത്ഥ കത്തിന് മുകളിലെ തിയതി മാറ്റി ഹിന്ദിയിലുള്ള ഉള്ളടക്കത്തിന് പകരം ഇംഗ്ലീഷില്‍ പുതിയ ഉള്ളടക്കം ചേര്‍ത്താണ് വ്യാജ കത്തുണ്ടാക്കിയത്.

പ്രചരിക്കുന്ന കത്തിലുപയോഗിച്ചിരിക്കുന്ന ഒപ്പും വ്യാജമാണെന്ന് കാണാം. കെജ്‍രിവാളിന്റെ എല്ലാ കത്തുകളിലും വലതുവശത്താണ് ഒപ്പുവെച്ചിരിക്കുന്നത്. കൂടാതെ, സമൂഹമാധ്യമങ്ങളില്‍  പങ്കുവെച്ച ചിത്രങ്ങളിലെല്ലാം ഒപ്പ് മറച്ചതായും കാണാം.  

ഇതോടെ പ്രചാരണം വ്യാജമാണന്ന് വ്യക്തമായി. 

Fact Check: Viral video shows collapse of Satya Niketan PG hostel? No, it is from Karawal Nagar

Fact Check: നേപ്പാളില്‍ പ്രളയത്തിനിടെ ഡാം തകരുന്ന ദൃശ്യം? വീഡിയോയുടെ സത്യമറിയാം

Fact Check: முதல்வர் விஜய் பாணியில் விநாயகர் சிலை செய்யப்பட்டதாகப் பரவும் படம்: உண்மை என்ன?

Fact Check: ನೇಪಾಳದಲ್ಲಿ ಪ್ರವಾಹ ನಂತರ ಮುಸ್ಲಿಮರಿಂದ ಕುರಾನ್ ಪಠಿಸಿ ಪ್ರಾರ್ಥನೆ ಮಾಡಲಾಗುತ್ತಿದೆಯೇ? ಸುಳ್ಳು, ಸತ್ಯ ಇಲ್ಲಿದೆ

Fact Check: ‘బాంబు పరీక్ష’లో మదర్సా టీచర్, కుటుంబం మృతి? కాదు, వీడియోలో కనిపించింది సిలిండర్ పేలుడు