Malayalam

Fact Check: ഇത് പാക്കിസ്ഥാനില്‍‍ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങളോ? വീഡിയോയുടെ വാസ്തവം

HABEEB RAHMAN YP

2019ലെ പുല്‍വാമ ആക്രമണത്തിന് മറുപടിയായി ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാനില്‍ ആക്രമണം നടത്തിയതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. 23 പാക് സൈനികര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി അവകാശപ്പെടുന്ന പോസ്റ്റിനൊപ്പം ഒരു വീഡിയോയും പങ്കുവെച്ചതായി കാണാം. കത്തിയമര്‍ന്ന ഏതാനും വാഹനങ്ങളാണ് ദൃശ്യങ്ങളില്‍

Fact-check: 

പ്രചാരണം അടിസ്ഥാനരഹിതമാണെന്നും വീഡിയോയ്ക്ക് ഇന്ത്യന്‍ സൈന്യവുമായി യാതൊരു ബന്ധവുമില്ലെന്നും വസ്തുത പരിശോധനയില്‍ വ്യക്തമായി. 

പ്രചരിക്കുന്ന വീഡിയോയുടെ ദൈര്‍ഘ്യം പത്ത് സെക്കന്റില്‍ താഴെ മാത്രമാണ്. ഇതില്‍നിന്ന് മറ്റ് വിവരങ്ങളോ സൂചനകളോ ലഭ്യമാകാത്ത സാഹചര്യത്തില്‍ റിവേഴ്സ് ഇമേജ് സെര്‍ച്ച് ഉപയോഗിച്ച് വീഡിയോയിലെ ഏതാനും കീഫ്രെയിമുകള്‍ പരിശോധിച്ചു. ഇതോടെ നിരവധി മാധ്യമറിപ്പോര്‍ട്ടുകളില്‍ ഈ വീഡിയോയില്‍നിന്നുള്ള ചിത്രങ്ങള്‍ ഉപയോഗിച്ചതായി കണ്ടെത്തി.

ഫ്രീപ്രസ് ജേണല്‍ 2024 ഓഗസ്റ്റ് 26 ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ഇത് പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിലുണ്ടായ ഭീകരാക്രമണമാണ്. മുസഖേലിലെ അന്തര്‍ പ്രവിശ്യാ ദേശീയപാതയില്‍ ആയുധധാരികളായ സംഘം ബസ്സില്‍നിന്ന് യാത്രക്കാരെ ഇറക്കിയശേഷം വെടിവെച്ച് കൊലപ്പെടുത്തിയതായി മുസഖേല്‍ അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ അറിയിച്ചതായി ദി ഡോണ്‍ ന്യൂസ്പേപ്പറിനെ ഉദ്ധരിച്ച് ഫ്രീപ്രസ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തതായും റിപ്പോര്‍ട്ടിലുണ്ട്. 

News Nine എന്ന യൂട്യൂബ് ചാനലിലും ഇതേ വിവരങ്ങള്‍ സഹിതം ഈ ദൃശ്യങ്ങള്‍‌ പങ്കുവെച്ചതായി കാണാം. ബസ്സിലുണ്ടായിരുന്ന സിവിലിയന്മാരായ യാത്രക്കാരാണ് കൊല്ലപ്പെട്ടതെന്ന് ഈ റിപ്പോര്‍ട്ടും സ്ഥിരീകരിക്കുന്നു. ഉത്തരവാദിത്തം BLA ഏറ്റെടുത്തതായും കാണാം. 

തുടര്‍ന്ന് ഈ സൂചനകള്‍ ഉപയോഗിച്ച് നടത്തിയ കീവേഡ് പരിശോധനയില്‍ അന്താരാഷ്ട്ര മാധ്യമങ്ങളടക്കം ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതായി കണ്ടെത്തി. അല്‍ജസീറ നല്‍കിയ വിശദമായ വാര്‍ത്തയില്‍ ബസ്സില്‍നിന്ന് യാത്രക്കാരെ ഇറക്കിയശേഷം അവരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കുകയും തുടര്‍ന്ന് കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

അസോഷ്യേറ്റ് പ്രസ്സും, ടൈംസ് ഓഫ് ഇന്ത്യയും ഉള്‍പ്പെടെ വിവിധ മാധ്യമങ്ങളും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതായി കാണാം.

ഇതേദിവസം തന്നെ പാക്കിസ്ഥാനിലെ വിവിധ പ്രദേശങ്ങളിലായി ഭീകരാക്രമണങ്ങളില്‍ ‍എഴുപതോളം പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്

ഇതോടെ ആക്രമണത്തില്‍ ഇന്ത്യന്‍ സൈന്യത്തിന് പങ്കില്ലെന്നും ദൃശ്യങ്ങളില്‍ കാണുന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ബസ് യാത്രികരായ സിവിലിയന്മാരാണെന്നും സ്ഥിരീകരിച്ചു. പ്രചാരണം അടിസ്ഥാനരഹിതമാണെന്നും വ്യക്തം. 

Fact Check: Man assaulting woman in viral video is not Pakistani immigrant from New York

Fact Check: സീതാറാം യെച്ചൂരിയുടെ മരണവാര്‍ത്ത ദേശാഭിമാനി അവഗണിച്ചോ?

Fact Check: மறைந்த சீதாராம் யெச்சூரியின் உடலுக்கு எய்ம்ஸ் மருத்துவர்கள் வணக்கம் செலுத்தினரா?

ఫ్యాక్ట్ చెక్: ఐకానిక్ ఫోటోను ఎమర్జెన్సీ తర్వాత ఇందిరా గాంధీకి సీతారాం ఏచూరి క్షమాపణలు చెబుతున్నట్లుగా తప్పుగా షేర్ చేశారు.

Fact Check: ಅಂಗಡಿಯನ್ನು ಧ್ವಂಸಗೊಳಿಸುತ್ತಿದ್ದವರಿಗೆ ಆರ್ಮಿಯವರು ಗನ್ ಪಾಯಿಂಟ್ ತೋರಿದ ವೀಡಿಯೊ ಭಾರತದ್ದಲ್ಲ