Malayalam

Fact Check: മുസ്‍ലിം ലീഗ് വിജയാഘോഷത്തിനിടെ അശ്ലീല ആംഗ്യവുമായി കുട്ടികള്‍? വീഡിയോയുടെ സത്യമറിയാം

മുസ്‍ലിം ലീഗിന്റെ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ ചെറിയ കുട്ടികള്‍ അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുന്ന ദൃശ്യമെന്ന തരത്തിലാണ് പച്ചവസ്ത്രമണിഞ്ഞ ഏതാനും കുട്ടികളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

HABEEB RAHMAN YP

മുസ്‍ലിം ലീഗിന്റെ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ ചെറിയ കുട്ടികള്‍ അശ്ലീല ആംഗ്യം കാണിച്ചുവെന്ന തരത്തില്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.  പച്ചവസ്ത്രമണിഞ്ഞ ഏതാനും ആണ്‍കുട്ടികള്‍ ഒരു വാഹനത്തില്‍നിന്ന് അശ്ലീല ആംഗ്യം കാണിക്കുന്ന വീഡിയോയാണ് പ്ര‍ചരിക്കുന്നത്.  മുസ്‍ലിം ലീഗിന്റെ വളര്‍ന്നുവരുന്ന തലമുറയെന്ന പേരില്‍‌ വിമര്‍ശനത്തോടെയാണ് നിരവധി പേര്‍ വീഡിയോ പങ്കിട്ടിരിക്കുന്നത്.

Fact-check: 

പ്രചാരണം വ്യാജമാണെന്നും വീഡിയോ കേരളത്തില്‍നിന്നുള്ളതല്ലെന്നും ലീഗുമായി ബന്ധമില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി. 

പ്രചരിക്കുന്ന വീഡിയോ സൂക്ഷ്മമായി നിരീക്ഷിച്ചതോടെ കുട്ടികളുടെ പച്ച ടീഷര്‍ട്ടിന് പിന്നിലായി ഒരു ലോഗോ ശ്രദ്ധയില്‍പെട്ടു. ഇത് മുസ്‍ലിം ലീഗുമായി ബന്ധപ്പെട്ട ലോഗോ അല്ലെന്ന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ റിവേഴ്സ്  ഇമേജ് പരിശോധനയില്‍ ചിത്രം 2026 ഏപ്രിലില്‍ വിവിധ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പങ്കിട്ടതായി കണ്ടെത്തി. 

ദി ബീഹാര്‍ ബ്രാന്‍ഡ് എന്ന എക്സ് പേജില്‍നിന്ന് 2026 ഏപ്രില്‍ 25ന് വീഡിയോ പങ്കിട്ടതായി കാണാം. ബീഹാറിലെ കുട്ടികളുടേതെന്ന തരത്തില്‍ പ്രചരിക്കുന്ന വ്യാജ വീഡിയോയാണിതെന്നും വീഡിയോ യഥാര്‍ത്ഥത്തില്‍ ഒഡീഷയിലേതാണെന്നുമാണ് ഈ ട്വീറ്റില്‍ പറയുന്നത്. 

റിവേഴ്സ് ഇമേജ് സെര്‍ച്ചിലെ മറ്റ് ചില ഫലങ്ങളില്‍ റോയല്‍ ഗ്രീന്‍സ്, ദിവ്യ ശങ്കര്‍ എന്നീ ഹാഷ്ടാഗുകള്‍ ശ്രദ്ധയില്‍പെട്ടു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ ഇവ ഒഡീഷയിലെ രണ്ട് മ്യൂസിക് ബാന്‍ഡുകളാണെന്നും ഇവയുടെ ഡിജെ സംഗീത മത്സര പരിപാടിയിലെ ദൃശ്യങ്ങളാണിതെന്നും സൂചന ലഭിച്ചു. ഇത്തരമൊരു അടിക്കുറിപ്പോടെ യൂട്യൂബില്‍ പങ്കിട്ട വീഡിയോയില്‍ പ്രചരിക്കുന്ന വീഡിയോയുടെ മറ്റൊരു ആംഗിളിലെ ദൃശ്യങ്ങള്‍‍ കാണാം. 2026 ഏപ്രില്‍ 22 നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 

ഈ കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ കൂടുതല്‍ പരിശോധനയില്‍ സംഭവവുമായി ബന്ധപ്പെട്ട് ചില ഓണ്‍ലൈന്‍ വാര്‍ത്താ ചാനലുകള്‍ നല്‍കിയ റിപ്പോര്‍ട്ടുകളും ലഭിച്ചു. പരിപാടിയ്ക്കിടെ കുട്ടികള്‍ അശ്ലീല ആംഗ്യം കാണിച്ചുവെന്ന തരത്തില്‍ ഭാരത് 24x7 എന്ന ചാനലില്‍ ഇതിന്റെ വ്യക്തതയാര്‍ന്ന ദൃശ്യങ്ങള്‍ കാണാം. 

ഒഡീഷയിലെ കേന്ദ്രപരയിലെ ബാലിയ മാര്‍ക്കറ്റിന് സമീപം സംഘടിപ്പിച്ച ഡിജെ മത്സര പരിപാടിയ്ക്കിടെ കുട്ടികള്‍ അശ്ലീല ആംഗ്യം കാണിച്ചുവെന്നും ഇത് വലിയ വിമര്‍ശനത്തിന് വഴിയൊരുക്കിയെന്നുമാണ് വാര്‍ത്ത. അഭയകുമാര്‍ ദാസ് എന്നയാളാണ് വീഡിയോ പകര്‍ത്തിയതെന്നും ഇതിലുണ്ട്. 


അദ്ദേഹത്തിന്റെ വീഡിയോയിലും റോയല്‍ ഗ്രീന്‍ വേഴ്സസ് ദിവ്യ ശങ്കര്‍ എന്ന് കാണാം. ഇതോടെ വീഡിയോ ഒഡീഷയിലെ സംഗീതപരിപാടിയുടേതാണെന്നും കേരള തിരഞ്ഞെടുപ്പുമായോ മുസ്‍ലിം ലീഗുമായോ ബന്ധമില്ലെന്നും വ്യക്തമായി. 

Fact Check: Video shows Ukraine’s recent strike on Russia’s Kuibyshev oil refinery? No, here are the facts

Fact Check: കൊല്‍ക്കത്തയില്‍ വിമാനത്താവളത്തിനായി മുസ്ലിം പള്ളി പൊളിക്കുന്ന ദൃശ്യങ്ങള്‍? വീഡിയോയുടെ സത്യമറിയാം

Fact Check: இரு கைகளும் இல்லாத பெண் ஜிம்னாஸ்டிக்ஸ் செய்யும் வைரல் காணொலி உண்மையா?

Fact Check: ದೆಹಲಿಯಲ್ಲಿ ಮಳೆಯ ನಡುವೆಯೂ ಮುಖ್ಯ ಚುನಾವಣಾ ಆಯುಕ್ತರ ವಿರುದ್ಧ ಪ್ರತಿಭಟನೆ? ಇಲ್ಲ, ಇದು ಹಳೆಯ ವಿಡಿಯೊ

Fact Check: ఢిల్లీలో సీఈసీ జ్ఞానేశ్ కుమార్‌కు వ్యతిరేకంగా నిరసనా? కాదు, పాత వీడియో వైరల్