ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആക്രമണത്തിനിരയായതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. ആള്‍ക്കൂട്ടത്തിനിടെ ഒരാള്‍ വീഴുന്ന ദൃശ്യത്തിനൊപ്പം നല്‍കിയിരിക്കുന്ന വിവരണത്തിലാണ് ബെഞ്ചമിന്‍ നെതന്യാഹു ആക്രമിക്കപ്പെട്ടതായി അവകാശവാദം. കോട്ട് ധരിച്ചു നടന്നുവരുന്നയാള്‍ താഴെ വീഴുന്നതും തുടര്‍ന്ന് പൊലീസ് അദ്ദേഹത്തെ എഴുന്നേല്‍ക്കാന്‍ സഹായിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ദൃശ്യങ്ങളിലുള്ളത് ബെഞ്ചമിന്‍ നെതന്യാഹുവല്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.
പ്രചരിക്കുന്ന വീഡിയോയിലെ ചില കീഫ്രെയിമുകള്‍ റിവേഴ്സ് ഇമേജ് സെര്‍ച്ച് ഉപയോഗിച്ച് പരിശോധിച്ചതോടെ എക്സില്‍ പങ്കുവെച്ച വീഡിയോ ലഭിച്ചു. 2025 സെപ്തംബര്‍ 20 ന് പങ്കുവെച്ച വീഡിയോയില്‍ ഇതിന്റെ ദൈര്‍ഘ്യമേറിയ പതിപ്പ് കാണാം.
വീഡിയോയ്ക്കൊപ്പം ഹിബ്രു ഭാഷയില്‍ നല്‍കിയ വിവരണത്തില്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെക്കുറിച്ച് പരാമര്‍ശമില്ല. കഫാർ സാബയിൽ ലികുഡ് പാർട്ടിയുടെ ആഘോഷ പരിപാടിയുടെ പ്രവേശന കവാടം നൂറുകണക്കിന് പ്രതിഷേധക്കാർ തടഞ്ഞതിന് പിന്നാലെ സംഭവസ്ഥലത്തെത്തിയ നെസ്സെറ്റ് അംഗം എലി ദലാലിന് വഴിയൊരുക്കാന്‍ പൊലീസ് ശ്രമിക്കുന്നതിനിടെ അദ്ദേഹം താഴെ വീഴുന്നു എന്നാണ് വീഡിയോയ്ക്കൊപ്പം നല്‍കിയിരിക്കുന്ന വിവരണം.
ഈ വിവരണത്തിലെ സൂചനകള്‍ ഉപയോഗിച്ച് നടത്തിയ കീവേഡ് പരിശോധനയില്‍ ഗെറ്റി ഇമേജ്സ അടക്കം വിവിധ സൈറ്റുകളില്‍ സമാന ചിത്രം കണ്ടെത്തി. സമൂഹമാധ്യമ കുറിപ്പില്‍ ലഭിച്ച അതേ പശ്ചാത്തലമാണ് ഇതിനൊപ്പം നല്‍കിയ അടിക്കുറിപ്പിലും വിവരിക്കുന്നത്.
കൂടുതല്‍ വ്യക്തമായ ഈ ചിത്രത്തില്‍നിന്ന് വീഡിയോയിലുള്ളത് ബെഞ്ചമിന്‍ നെതന്യാഹുവല്ലെന്ന് സ്ഥിരീകരിക്കാനായി. എലി ദലാള്‍ ഇസ്രയേലി നെസറ്റിലെ ലികുഡ് പാര്‍ട്ടി എംകെ (മെംബര്‍ ഓഫ് നെസറ്റ്) ആണ്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സംഭവവുമായി ബന്ധപ്പെട്ട മറ്റ് മാധ്യമറിപ്പോര്‍ട്ടുകളും ലഭിച്ചു.
ഇതോടെ പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും വീഡിയോയിലുള്ളത് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അല്ലെന്നും വ്യക്തമായി.