Malayalam

ഡല്‍ഹി സര്‍ക്കാര്‍ സ്കൂളില്‍ ദേവീവേഷമണിഞ്ഞ കുട്ടിയെ ഹിജാബണിയിച്ചോ? വീഡിയോയുടെ വാസ്തവം

ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്കൂളില്‍ നടന്ന സംഭവമെന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന വീഡിയോയില്‍ ദേവീവേഷമണിഞ്ഞ കുട്ടിയെ മുസ്ലിം വേഷമണിഞ്ഞ കുട്ടികള്‍‍ ഹിജാബണിയിക്കുന്നതിന്റെയും തുടര്‍ന്ന് നമസ്ക്കരിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ കാണാം.

HABEEB RAHMAN YP

ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്കൂളില്‍ ദേവീവേഷമണിഞ്ഞ കുട്ടിയുടെ തലയില്‍ മുസ്ലിം വേഷമണിഞ്ഞ മറ്റ് കുട്ടികള്‍ ഹിജാബ് ധരിപ്പിക്കുന്നതെന്ന തരത്തില്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.  രാജ്യംഭരിക്കുന്നവര്‍ കഴിവുകെട്ടവരാണെന്നും അതുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്നും ആരോപിച്ചുകൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.   

Fact-check: 

പ്രചാര​ണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മതപരമായ ഒരു തലവും സംഭവത്തിനില്ലെന്നും വസ്തുത പരിശോധനയില്‍ വ്യക്തമായി. 

പങ്കുവെച്ചിരിക്കുന്ന വീഡിയോ സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട്  സ്കൂള്‍ വിദ്യാര്‍ഥികള്‍ നടത്തിയ പരിപാടിയുടേതാണെന്ന സൂചനയാണ് വീഡിയോയില്‍നിന്ന് ആദ്യം ലഭിച്ചത്. റിവേഴ്സ് ഇമേജ് സെര്‍ച്ച് ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഈ പ്രചാരണം ഹിന്ദി ഉള്‍പ്പെടെ ഭാഷകളില്‍ 2022 ലും നടന്നിരുന്നതായി കണ്ടെത്തി. സ്വാതന്ത്ര്യദിനത്തില്‍ ലക്നൗവിലെ ഒരു സ്കൂളില്‍ നടന്ന കുട്ടികളുടെ കലാവിഷ്കാരത്തിന്റെ ദൃശ്യങ്ങളാണിത്.  പല അക്കൗണ്ടുകളില്‍നിന്നായി  പങ്കുവെച്ച വീഡിയോകള്‍ക്കൊപ്പം നല്‍കിയ അടിക്കുറിപ്പുകളില്‍ സൂചിപ്പിച്ച സ്കൂളിന്‍റെ പേരും (ശിശു ഭാരതി വിദ്യാലയ, മാളവിയ നഗര്‍, ഐഷ്ബാഗ്, ലക്നൗ) മറ്റ് കീവേഡുകളും ഉപയോഗിച്ച് നടത്തിയ അന്വേഷണത്തില്‍ സംഭവത്തിന്റെ മറ്റൊരു ആംഗിളില്‍നിന്നുള്ള വീഡിയോ 2022 ഓഗസ്റ്റ് 15ന് പങ്കുവെച്ചതായി കണ്ടെത്തി.

രണ്ട് മിനിറ്റും 20 സെക്കന്‍റും ദൈര്‍ഘ്യമുള്ള ഈ വീഡിയോയില്‍ ഹിന്ദു, മുസ്ലിം, സിഖ്, ക്രിസ്ത്യന്‍ മതാചാരപ്രകാരമുള്ള പ്രാര്‍ഥനകളുടെ ആവിഷ്കാരമാണ് കാണാനായത്. പശ്ചാത്തലത്തിലും സദസ്സിലിരിക്കുന്ന കുട്ടികളുടെ കൈയ്യിലും ദേശീയ പതാകയും കാണാം. ഭാരതാംബയെ പ്രതിനിധീകരിച്ച് ഒരുകുട്ടിയും ഓരോ മതവിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന വ്യത്യസ്ത സംഘങ്ങളായി വിദ്യാര്‍ഥികളും ചേര്‍ന്നാണ് ഈ കലാവിഷ്കാരം അവതരിപ്പിക്കുന്നത്.

ലക്നൗ പൊലീസ് കമ്മീഷണറുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലും  2022 ഓഗസ്റ്റ് 15ന് ഈ വീഡിയോ പങ്കുവെച്ചതായി കാണാം.   

സാമുദായിക സൗഹാര്‍ദം പ്രമേയമാക്കി ചെറിയ കുട്ടികള്‍ അവതരിപ്പിച്ച നാടകത്തിന്‍റെ വീഡിയോ ചില സാമൂഹ്യവിരുദ്ധര്‍ തെറ്റായരീതിയില്‍ പ്രചരിപ്പിച്ചുവെന്നും സാമുദായിക സ്പര്‍ധ പടര്‍ത്തുന്ന ഇത്തരം ക്രിമിനല്‍ കുറ്റം ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കുന്നു. 

ഇതുമായി ബന്ധപ്പെട്ട് ലക്നൗ പൊലീസ് കമ്മീഷണറേറ്റ് പങ്കുവെച്ച കുറിപ്പും കണ്ടെത്തി.

കൂടുതല്‍ സ്ഥീരീകരണത്തിനായി നടത്തിയ അന്വേഷണത്തില്‍ പ്രസ്തുത സ്കൂള്‍ വിദ്യാര്‍ഥികളെ അവതരണം പരിശീലീപ്പിച്ച അധ്യാപികയുടേത് എന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ @Arv_Ind_Chauhan എന്ന അക്കൗണ്ടില്‍നിന്ന് പങ്കുവെച്ചതായി കണ്ടെത്തി.  

വീഡിയോയില്‍ ശിശു ഭാരതി വിദ്യാലയയിലെ അധ്യാപിക പ്രഗതി നിഗം എന്ന് സ്വയം പരിചയപ്പെടുത്തുന്ന അവര്‍ പ്രസ്തുത സംഭവത്തെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. പ്രചരിക്കുന്ന ദൃശ്യങ്ങള്‍ യഥാര്‍ഥ വീഡിയോയില്‍നിന്ന് അടര്‍ത്തിമാറ്റി പ്രചരിപ്പിക്കുന്നതാണെന്ന് അധ്യാപിക വ്യക്തമാക്കുന്നു. യഥാര്‍ത്ഥത്തില്‍ നാല് മതങ്ങളെ ഒരുമിപ്പിക്കുന്ന സന്ദേശം പകരാനാണ് നാടകം അവതരിപ്പിച്ചതെന്നും വീഡിയോ പ്രചരിപ്പിച്ചവര്‍ ഒരുമതത്തിലും വിശ്വസിക്കാത്തവരോ സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ചെയ്തതോ ആയിരിക്കാമെന്നും അവര്‍ വിശദീകരിക്കുന്നു. 

പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് ഇതേ ട്വിറ്റര്‍ അക്കൗണ്ടില്‍നിന്ന് ലക്നൗ വെസ്റ്റ് ഡി.സി.പി.യുടെ വിശദീകരണം എന്ന തലക്കെട്ടോടെ മറ്റൊരു വീഡിയോയും ലഭ്യമായി.

വീഡിയോയില്‍ സംസാരിക്കുന്നത് ഉത്തര്‍പ്രദേശ് വെസ്റ്റ് ഡി.സി.പി.ശിവസിംപി ചിന്നപ്പയാണ്. 

ഭാരതാംബയുടെ വേഷമണിഞ്ഞ കുട്ടിയുടെ തലയില്‍നിന്ന് കിരീടം മാറ്റുന്നതും തലമറച്ച് നമസ്കാരം നിര്‍വഹിക്കുന്നതും ഉള്‍പ്പെടെ ദൃശ്യങ്ങള്‍ പ്രചരിച്ചത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് സ്കൂള്‍ അധികൃതരുമായി ബന്ധപ്പെടുകയും വീഡിയോയുടെ പൂര്‍ണരൂപം ശേഖരിക്കുകയും ചെയ്തു എന്ന് ഡി.സി.പി. വീഡിയോയില്‍ പറയുന്നുണ്ട്. വീഡിയോ പരിശോധിച്ചപ്പോള്‍ കുട്ടികളുടെ നാടകം മതവികാരം വ്രണപ്പെടുത്തുന്നതല്ലെന്നും മറിച്ച് മതസൗഹാര്‍ദവും അഖണ്ഡതയും പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണെന്നും ബോധ്യമായെന്നും അദ്ദേഹം വിശദീകരിക്കുന്നു. വര്‍ഗീയത ലക്ഷ്യമിട്ട് തെറ്റായ രീതിയില്‍ വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കുന്നു. 

ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്നും വീഡിയോ ഡല്‍ഹിയിലില്‍നിന്നുള്ളതല്ലെന്നും വ്യക്തമായി.   

Fact Check: Pro-Palestine march in Kerala? No, video shows protest against toll booth

Fact Check: ഓണം ബംപറടിച്ച സ്ത്രീയുടെ ചിത്രം? സത്യമറിയാം

Fact Check: கரூர் கூட்ட நெரிசலில் பாதிக்கப்பட்டவர்களை பனையூருக்கு அழைத்தாரா விஜய்?

Fact Check: Christian church vandalised in India? No, video is from Pakistan

Fact Check: ಕಾಂತಾರ ಚಾಪ್ಟರ್ 1 ಸಿನಿಮಾ ನೋಡಿ ರಶ್ಮಿಕಾ ರಿಯಾಕ್ಷನ್ ಎಂದು 2022ರ ವೀಡಿಯೊ ವೈರಲ್