Malayalam

Fact Check: ജോര്‍ജ് സോറസിനൊപ്പം ശശി തരൂര്‍ പങ്കെടുത്ത വിരുന്നില്‍ മുന്‍ പാക് വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ പങ്കെടുത്തോ?

2009-ല്‍ വിദേശകാര്യമന്ത്രിയായിരുന്ന ശശി തരൂരിന് അമേരിക്കയിലൊരുക്കിയ വിരുന്നില്‍ ജോര്‍ജ് സോറസ് പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദം ചര്‍ച്ചയായതിന് പിന്നാലെയാണ് വിരുന്നില്‍ പാക് വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോയെ ശശിതരൂര്‍ ക്ഷണിച്ചതായി ജന്മഭൂമി നല്‍കിയ വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.‌‌

HABEEB RAHMAN YP

2009 ല്‍ അന്നത്തെ യുപിഎ സര്‍ക്കാരിലെ വിദേശകാര്യമന്ത്രിയായിരുന്ന ശശി തരൂര്‍ അമേരിക്കയിലെത്തിയപ്പോള്‍ ഒരുക്കിയ വിരുന്നില്‍ അമേരിക്കയിലെ കോടീശ്വരനായ ജോര്‍ജ് സോറസ് പങ്കെടുത്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ബിജെപി ആരോപണമുന്നയിച്ചിരുന്നു. വിവാദ വ്യവസായിയായ ജോര്‍ജ് സോറസുമായി കോണ്‍ഗ്രസിന് ബന്ധമുണ്ടെന്ന തരത്തിലായിരുന്നു ആരോപണം. എന്നാല്‍ ഇതുസംബന്ധിച്ച വാര്‍ത്തയില്‍ പ്രസ്തുത വിരുന്നില്‍ പാക്കിസ്ഥാന്‍ മുന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോയും  പങ്കെടുത്തുവെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. ശശി തരൂര്‍ ബിലാവല്‍ ഭൂട്ടോയെ വിരുന്നിന് ക്ഷണിച്ചുവെന്ന തരത്തില്‍  ജന്മഭൂമി ഓണ്‍ലൈന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ സ്ക്രീന്‍ഷോട്ടാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

Fact-check: 

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ബിലാവല്‍ ഭൂട്ടോ അന്ന് പാക്കിസ്ഥാന്‍‍ വിദേശകാര്യമന്ത്രി ആയിരുന്നില്ലെന്നും വസ്തുത പരിശോധനയില്‍ കണ്ടെത്തി. 

കോണ്‍ഗ്രസിന്റെ സോറസ് ബന്ധത്തെക്കുറിച്ച് ബിജെപി ആരോപണമുന്നയിച്ചതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. 2009ല്‍ യുപിഎ സര്‍ക്കാറിലെ വിദേശകാര്യമന്ത്രിയായിരുന്ന ശശി തരൂരിന്റെ ന്യൂയോര്‍ക്ക് സന്ദര്‍ശനത്തോടനുബന്ധിച്ച് ഒരുക്കിയ വിരുന്നില്‍ അദ്ദേഹം ജോര്‍ജ് സോറസിനെ ക്ഷണിച്ചുവെന്നാണ് ബിജെപിയുടെ ആരോപണം. എന്നാല്‍ കേന്ദ്രമന്ത്രിയായ തനിക്ക് വിരുന്നൊരുക്കിയത് അന്ന് അമേരിക്കയില്‍ ഐക്യരാഷ്ട്രസഭയുടെ ഇന്ത്യന്‍ പ്രതിനിധിയും നിലവിലെ കേന്ദ്രമന്ത്രിയുമായ ഹര്‍ദീപ് സിങ് പുരിയാണെന്ന് ശശി തരൂര്‍ എക്സ് പോസ്റ്റില്‍ കുറിച്ചു


എന്നാല്‍ ഇതിലെവിടെയും പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രിയെക്കുറിച്ച് പരാമര്‍ശം കണ്ടില്ല. തുടര്‍ന്ന് വിവാദവുമായി ബന്ധപ്പെട്ട മാധ്യമറിപ്പോര്‍ട്ടുകള്‍ പരിശോധിച്ചെങ്കിലും ഒരു റിപ്പോര്‍ട്ടിലും പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി വിരുന്നില്‍ പങ്കെടുത്തതായി ഒരു സൂചനയോ പരാമര്‍ശമോ കണ്ടെത്താനായില്ല.

എന്‍ഡിടിവി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലും ജോര്‍ജ് സോറസ് പങ്കെടുത്തതിനെക്കുറിച്ച് മാത്രമാണ് പരാമര്‍ശം. ഇക്കാര്യത്തില്‍ ഹര്‍ദീപ് സിങ് പുരിയും ശശി തരൂരും പങ്കുവെച്ച സമൂഹമാധ്യമ പോസ്റ്റുകളെ കേന്ദ്രീകരിച്ചാണ് എല്ലാ റിപ്പോര്‍ട്ടുകളും. 

തുടര്‍ന്ന് പാക്കിസ്ഥാന്‍ വിദേശാകാര്യമന്ത്രിയെക്കുറിച്ച് പരിശോധിച്ചു. ജന്മഭൂമി വാര്‍ത്തയുടെ തലക്കെട്ടില്‍ പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി എന്ന് മാത്രമാണ് പരാമര്‍ശമെങ്കിലും നല്‍കിയിരിക്കുന്ന ചിത്രത്തില്‍ വിദേശകാര്യമന്ത്രിയായിരുന്ന ബിലാവെല്‍ ഭൂട്ടോയുടെ ചിത്രം ഉള്‍പ്പെടുത്തിയിട്ടുണ്ട്.  റിപ്പോര്‍ട്ടില്‍ ബിലാവല്‍ ഭൂട്ടോയുടെ പേരും നല്‍കിയിട്ടുണ്ട്. എന്നാല്‍ വിരു‍ന്ന് നടന്ന 2009 ല്‍ ബിലാവല്‍ ഭൂട്ടോ പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രിയായിരുന്നില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി. 2022-23 കാലഘട്ടത്തിലാണ് ബിലാവല്‍ ഭൂട്ടോ വിദേശകാര്യമന്ത്രിയായതെന്നും 2009-ല്‍ മഖ്ദൂംഷാ മഹ്മൂദ് ഖുറൈശിയായിരുന്നു വിദേശകാര്യമന്ത്രിയെന്നും പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ വിവരങ്ങള്‍ വ്യക്തമാക്കുന്നു. 

തുടര്‍ന്ന് അന്നത്തെ വിദേശകാര്യമന്ത്രി വിരുന്നില്‍ പങ്കെടുത്തിരുന്നോ എന്ന് പരിശോധിച്ചു. ശശി തരൂരിന്റെ എക്സ് പോസ്റ്റിന് മറുപടിയായി നിലവിലെ കേന്ദ്രമന്ത്രിയും അന്നത്തെ യുഎന്‍ പ്രതിനിധിയുമായ ഹര്‍ദീപ് സിങ് പുരി എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍‌‍ വിരുന്നില്‍ പങ്കെടുത്തവരുടെ പട്ടിക നല്‍കിയിട്ടുണ്ട്. ശശി തരൂരിന് വേണ്ടി വിരുന്നൊരുക്കിയത് താനായിരുന്നുവെന്നും എന്നാല്‍‍ അതിഥികളുടെ പട്ടിക നല്‍കിയത് ശശി തരൂര്‍ തന്നെയാണെന്നും ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കുന്നു. 

രാവിലെ പ്രാതലിനും വൈകിട്ട് ഡിന്നറിനും പങ്കെടുത്തവരുടെ രണ്ട് വ്യത്യസ്ത പട്ടികകളിലും ബിലാവല്‍ ഭൂട്ടോയുടെയോ ഖുറൈശിയുടെയോ പേരുകള്‍ കണ്ടെത്താനായില്ല. 

ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തി. ജോര്‍ജ് സോറസ് ക്ഷണിക്കപ്പെട്ട വിരുന്ന് അന്നത്തെ ഇന്ത്യയുടെ  വിദേശകാര്യമന്ത്രിയായിരുന്ന ശശി തരൂരിന് വേണ്ടി യുഎന്‍ പ്രതിനിധി ഹര്‍ദീപ് സിങ് പുരി ഒരുക്കിയതാണെന്നും ഇതില്‍ അന്നത്തെ പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി മഹമൂദ് ഖുറൈശിയോ ബിലാവല്‍ ഭൂട്ടോയോ പങ്കെടുത്തിട്ടില്ലെന്നും വ്യക്തമായി.  

Fact Check: Hindu conference boycotted post SC’s order on UGC guidelines? No, image is AI-generated

Fact Check: മലയാളി സൈനിക ഉദ്യോഗസ്ഥന്റെ വീട്ടില്‍നിന്ന് കള്ളപ്പണം പിടികൂടിയ ദൃശ്യങ്ങള്‍? വീഡിയോയുടെ സത്യമറിയാം

Fact Check: தமிழக ஆசிரியரை மாணவன் தாக்கியதாகப் பரவும் காணொலி? இது தமிழ்நாட்டில் நடந்ததா

Fact Check: ರಶ್ಮಿಕಾ-ವಿಜಯ್ ದೇವರಕೊಂಡ ಮದುವೆಗೆ ಐಶ್ವರ್ಯಾ ರೈ ಆಗಮಿಸಿದ್ದರೇ? ಸುಳ್ಳು, ಸತ್ಯ ಇಲ್ಲಿದೆ

Fact Check: 2026 టీ20 కప్‌కు ముందు పానీ పూరీ తింటున్న అమెరికా క్రికెట్ జట్టు ? లేదు, వైరల్ అవుతున్న వీడియో పాతది