ഇന്ത്യ പാക്കിസ്ഥാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സൈന്യത്തിന് ആയുധങ്ങള്‍ വാങ്ങാന്‍ പൊതുജനങ്ങളില്‍നിന്ന് സംഭാവന സ്വീകരിക്കുന്നുവെന്നും ഇതിനായി ബാങ്ക് അക്കൗണ്ട് തുടങ്ങിയെന്നും അവകാശവാദത്തോടെ ഒരു സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെന്നും ഇതില്‍ പറയുന്നു.
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ആയുധങ്ങള്‍ വാങ്ങാന്‍ ഇത്തരമൊരു ധനസമാഹരണം നടക്കുന്നില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.
പ്രചരിക്കുന്ന സന്ദേശത്തിലുപയോഗിച്ചിരിക്കുന്ന ഭാഷാശൈലിയ്ക്കും ഘടനയ്ക്കും മറ്റും ഔദ്യോഗിക സ്വഭാവമില്ലാത്തതിനാല്‍ സന്ദേശം യഥാര്‍ത്ഥമായേക്കില്ലെന്ന സൂചന ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ യുദ്ധത്തിനിടെ പരിക്കേല്‍ക്കുകയോ മരണപ്പെടുകയോ ചെയ്യുന്ന സൈനികരുടെ കുടുംബത്തിന്റെ ക്ഷേമനിധിയ്ക്ക് പുതിയ വെബ്സൈറ്റ് ആരംഭിച്ചതുമായി ബന്ധപ്പെട്ട ഒരു പത്രക്കുറിപ്പ് ലഭിച്ചു. 2022 ഡിസംബര്‍ 12ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പുറത്തിറക്കിയ പത്രക്കുറിപ്പ് രാജ്യരക്ഷാമന്ത്രി രാജ്നാഥ് സിങ് രാജ്യസഭയില്‍ ഇതുസംബന്ധിച്ച് നല്‍കിയ മറുപടിയെക്കുറിച്ചാണ്.
പദ്ധതി 2016 മുതല്‍ നിലവിലുണ്ടെന്നും ഇതിനായി മാ ഭാരതി കേ സാപൂത് എന്ന പേരില്‍ പുതിയൊരു വെബ്സൈറ്റ് ആരംഭിച്ചിട്ടുണ്ടെന്നുമാണ് രാജ്യസഭയില്‍ രാജ്യരക്ഷാമന്ത്രി രാജ്നാഥ് സിങ് മറുപടി നല്‍കിയത്. ഇതില്‍ ആയുധങ്ങള്‍ വാങ്ങുന്നത് സംബന്ധിച്ച് യാതൊരു പരാമര്‍ശവും കണ്ടെത്താനായില്ല. പത്രക്കുറിപ്പില്‍ നല്‍കിയിരിക്കുന്ന ബാങ്ക് അക്കൗണ്ട് വിവരങ്ങളും പ്രചരിക്കുന്ന സന്ദേശത്തിലേത് തന്നെയാണെന്ന് സ്ഥിരീകരിക്കാനായി. എന്നാല്‍ പത്രക്കുറിപ്പില്‍ നല്‍കിയിരിക്കുന്ന വെബ്സൈറ്റിലേക്ക് പ്രവേശിക്കാനായില്ല.
www.maabharatikesapoot.mod.gov.in എന്ന വെബ്സൈറ്റ് നിലവില്‍ ലഭ്യമല്ലെന്ന സൂചന ലഭിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 2022 ഒക്ടോബര്‍ 14 ന് പ്രസ്തുത വെബ്സൈറ്റ് പ്രകാശനം രാജ്നാഥ് സിങ് നിര്‍വഹിക്കുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. ദൂരദര്‍ശന്‍ ന്യൂസ് നല്‍കിയ വാര്‍ത്തയില്‍ ചടങ്ങിന്റെ ദൃശ്യങ്ങള്‍ കാണാം.
ഇതോടെ പ്രചരിക്കുന്ന സന്ദേശം വസ്തുതാവിരുദ്ധമാണെന്ന് വ്യക്തമായി. പ്രചരിക്കുന്ന വിവരങ്ങള്‍ പ്രകാരം അക്കൗണ്ട് നിലവിലുണ്ടെങ്കിലും ഇത് യുദ്ധത്തിനിടെ പരിക്കേല്‍ക്കുകയോ മരണപ്പെടുകയോ ചെയ്യുന്ന സൈനികരുടെ കുടുംബത്തിന്റെ ക്ഷേമനിധിയായാണ് വിഭാവനം ചെയ്തിരിക്കുന്നതെന്നും പദ്ധതി 2016 മുതല്‍ നിലവിലുണ്ടെന്നും വ്യക്തമായി. ആയുധങ്ങള്‍ വാങ്ങാന്‍ പൊതുജനങ്ങളില്‍നിന്ന് ധനസമാഹരണം നടത്തുന്ന അക്കൗണ്ട് വിവരങ്ങളല്ല ഇതെന്നും അത്തരമൊരു സംവിധാനമില്ലെന്നും സ്ഥിരീകരിച്ചു.