Malayalam

Fact Check: കര്‍ണാടകയിലെ സ്കൂളുകളില്‍ ഖുര്‍ആന്‍ പഠനം നിര്‍ബന്ധമാക്കിയോ? വീഡിയോയുടെ സത്യമറിയാം

ഖുര്‍ആന്‍ പാരായണത്തിന്റെ പശ്ചാത്തലത്തില്‍ ആരംഭിക്കുന്ന വീഡിയോയില്‍ വിദ്യാര്‍ത്ഥികള്‍ വേദിയില്‍ ബക്രീദിനെക്കുറിച്ച് പറയുന്നതും ഒരു സ്കിറ്റ് അവതരിപ്പിക്കുന്നതും കാണാം.

HABEEB RAHMAN YP

കര്‍ണാടകയിലെ സ്കൂളുകളില്‍ ഖുര്‍ആന്‍ പഠനം നിര്‍ബന്ധമാക്കിയതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. ഖുര്‍ആന്‍ പാരായണത്തിന്റെ പശ്ചാത്തലത്തില്‍ തുടങ്ങുന്ന ഒരു വീഡിയോ സഹിതമാണ് പ്രചാരണം. വീഡിയോയുടെ തുടക്കത്തില്‍ കുട്ടികളെല്ലാം കൈകൂപ്പി തറയിലിരിക്കുന്നത് കാണാം. തുടര്‍ന്ന് വേദിയില്‍ ഏതാനും  കുട്ടികള്‍ ചേര്‍ന്ന് ഒരു സ്കിറ്റ് അവതരിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

Fact-check: 

പ്രചാരണം അടിസ്ഥാനരഹിതമാണെന്നും കര്‍ണാടകയില്‍ മതപഠനം നിര്‍ബന്ധമാക്കിയിട്ടില്ലെന്നും ഒരു സ്വകാര്യ സ്കൂളിലെ ബക്രീദ് ആഘോഷത്തിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായി. 

പ്രചരിക്കുന്ന വീഡിയോ സൂക്ഷ്മമായി പരിശോധിച്ചതോടെ വീഡിയോയുടെ താഴെ നല്‍കിയിരിക്കുന്ന വാട്ടര്‍മാര്‍ക്കില്‍ Bakra Eid in Karnataka എന്നെഴുതിയതായി കണ്ടെത്തി. കൂടാതെ വീഡിയോയില്‍ വിദ്യാര്‍ഥി ആമുഖമായി പറയുന്നതും സ്കിറ്റില്‍ അവതരിപ്പിക്കുന്നതുമെല്ലാം ബക്രീദിനെക്കുറിച്ചാണെന്നും കാണാം. വീഡിയോയുടെ പശ്ചാത്തലത്തില്‍നിന്നും ഇത് ബക്രീദ് ആഘോഷവുമായി ബന്ധപ്പെട്ടാണെന്ന് വ്യക്തമാണ്. എന്നാല്‍ ഇതിന് മുകളിലായി Jnanasagar എന്നെഴുതിയതായി കാണാം.

ഇന്റര്‍നെറ്റില്‍ പരിശോധിച്ചതോടെ ഇത് സ്കൂളിന്റെ പേരാണെന്ന് വ്യക്തമായി. കര്‍ണാടകയിലെ ജ്ഞാനസാഗര ഇന്റര്‍നാഷണല്‍ പബ്ലിക് സ്കൂളില്‍നിന്നുള്ള ദൃശ്യങ്ങളാകാം ഇതെന്ന് സൂചനലഭിച്ചു. തുടര്‍ന്ന് സ്കൂളിന്റെ പേരടക്കം ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ലഭിച്ചു.

News9 Live എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വീഡിയോയില്‍നിന്നുള്ള ദൃശ്യങ്ങള്‍ നല്‍കിയിട്ടുണ്ട്. ഹാസ്സനിലെ സ്കൂളില്‍ ബക്രീദുമായി ബന്ധപ്പെട്ട് ഖുര്‍ആന്‍ പാരായണം ചെയ്തതിന്റെ പേരില്‍ വലതുപക്ഷ സംഘടനകള്‍ പ്രശ്നമുണ്ടാക്കിയതായാണ് റിപ്പോര്‍ട്ട്. 2023 ജൂലൈ 1നാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

തുടര്‍ന്ന് ഈ തിയതി ഉള്‍പ്പെടെ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ കണ്ടെത്തി. Clarion എന്ന മറ്റൊരു വെബ്സൈറ്റിലും ഇതേ വിവരങ്ങള്‍ സഹിതം 2023 ജൂലൈ 1ന് റിപ്പോര്‍ട്ട് നല്‍കിയതായി കാണാം. 

മറ്റ് പ്രാദേശിക മാധ്യമങ്ങളിലും ഇതേ റിപ്പോര്‍ട്ട് കണ്ടെത്തി. ബക്രീദ് ആഘോഷവുമായി ബന്ധപ്പെട്ട് സ്കൂളില്‍ അവതരിപ്പിച്ച സ്കിറ്റിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

ഇതോടെ പ്രചരിക്കുന്ന സന്ദേശങ്ങളില്‍ അവകാശപ്പെടുന്നതുപോലെ ഇത് കര്‍ണാടകയിലുടനീളം സര്‍ക്കാര്‍ നടപ്പാക്കിയ നിര്‍ബന്ധിത മതപഠനമല്ലെന്നും ഒരു സ്വകാര്യ സ്കൂളില്‍ ബക്രീദ് ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന പരിപാടി മാത്രമാണെന്നും വ്യക്തമായി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇതേ സ്കൂളില്‍ മറ്റ് പല ആഘോഷങ്ങളും ഇതുപോലെ നടന്നതായും വ്യക്തമായി

സ്കൂളിന്റെ വെബ്സൈറ്റില്‍ നല്‍കിയ ചിത്രങ്ങളില്‍നിന്ന് സംക്രാന്തി ഫെസ്റ്റിവലും ശ്രീകൃഷ്ണ ജന്മാഷ്ടമിയുമടക്കം വിവിധ മതസ്ഥരുടെ ആഘോഷങ്ങള്‍ സ്കൂളില്‍ ഒരുപോലെ സംഘടിപ്പിച്ചിട്ടുണ്ടെന്നും വ്യക്തമായി. 

കര്‍ണാടകയില്‍ ഏതെങ്കിലും മതത്തിന്റെ ആചാരങ്ങളോ മറ്റോ സ്കൂളുകളില്‍ നടപ്പാക്കുന്നതുസംബന്ധിച്ച രേഖകളോ ഇത്തരം മാധ്യമ റിപ്പോര്‍ട്ടുകളോ ലഭിക്കാത്ത സാഹചര്യത്തില്‍ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സ്ഥിരീകരിക്കാം. 

Fact Check: Pro-Palestine march in Kerala? No, video shows protest against toll booth

Fact Check: ഓണം ബംപറടിച്ച സ്ത്രീയുടെ ചിത്രം? സത്യമറിയാം

Fact Check: கரூர் கூட்ட நெரிசலில் பாதிக்கப்பட்டவர்களை பனையூருக்கு அழைத்தாரா விஜய்?

Fact Check: Christian church vandalised in India? No, video is from Pakistan

Fact Check: ಕಾಂತಾರ ಚಾಪ್ಟರ್ 1 ಸಿನಿಮಾ ನೋಡಿ ರಶ್ಮಿಕಾ ರಿಯಾಕ್ಷನ್ ಎಂದು 2022ರ ವೀಡಿಯೊ ವೈರಲ್