Malayalam

Fact Check: ദുരിതാശ്വാസനിധിയിലെ പണം KSFE യ്ക്ക് ലാപ്ടോപ് വാങ്ങാന്‍ നല്‍കിയോ? വസ്തുതയറിയാം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ 81.43 കോടി രൂപ KSFE യ്ക്ക് ലാപ്ടോപ് വാങ്ങാന്‍ അനുവദിച്ചുവെന്ന അവകാശവാദത്തോടെ വെബ്സൈറ്റിലെ സ്ക്രീന്‍ഷോട്ട് സഹിതമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം.

HABEEB RAHMAN YP

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമൂഹത്തിന്റെ നാനാതുറകളില്‍നിന്നും ആളുകള്‍ സംഭാവന നല്‍കുന്നുണ്ട്. ഇതിനിടെ നേരത്തെയും ദുരിതാശ്വാസനിധി തട്ടിപ്പാണെന്ന തരത്തില്‍ പ്രചാരണമുണ്ടായിരുന്നു. ഇത്തരത്തില്‍ വ്യാജപ്രചാരണം നടത്തിയവര്‍ക്കെതിരെ പൊലീസ് കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ദുരിതാശ്വാസ നിധിയില്‍ നിന്ന് 81.43  കോടി രൂപ KSFEയ്ക്ക് ലാപ്ടോപ് വാങ്ങാന്‍ നല്‍കിയെന്ന തരത്തില്‍ പ്രചാരണം. ‌

CMDRF വെബ്സൈറ്റില്‍ പണം വിനിയോഗിച്ചത് സംബന്ധിച്ച് നല്‍കിയ വിവരങ്ങളുടെ സ്ക്രീന്‍ഷോട്ടില്‍ ഈ തുക പ്രത്യേകം മാര്‍ക്ക് ചെയ്ത ചിത്രവും പോസ്റ്റിനൊപ്പം ചേര്‍ത്തതായി കാണാം. 

Fact-check: 

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും KSFEയ്ക്ക് ലാപ്ടോപ് വാങ്ങാനല്ല പണം നല്‍കിയതെന്നും സൗത്ത് ചെക്ക് അന്വേഷണത്തില്‍ വ്യക്തമായി. 

വസ്തുത പരിശോധിയുടെ ഭാഗമായി ആദ്യം പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ടിന്റെ യാഥാര്‍ത്ഥ്യം പരിശോധിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നല്‍കിയ വിവരങ്ങള്‍ പരിശോധിച്ചതോടെ കോവിഡ് പുനരധിവാസവുമായി ബന്ധപ്പെട്ട് സ്വീകരിച്ച ദുരിതാശ്വാസ നിധി സംഭാവനയില്‍നിന്ന് പ്രസ്തുത തുക ചെലവഴിച്ചതായി ഇതേ വിവരണത്തോടെ നല്‍കിയത് കണ്ടെത്തി. 

KSFE-Laptop എന്ന് മാത്രമാണ് വിവരണത്തില്‍ നല്‍കിയിരിക്കുന്നത്. ഈ കീവേഡുകളുപയോഗിച്ച് കോവിഡ് കാലഘട്ടത്തിലെ തിയതി സൂചനയാക്കി നടത്തിയ പരിശോധനയില്‍ KSFEയുമായി സഹകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ് നല്കുന്ന പദ്ധതി സര്‍ക്കാര്‍ ആവിഷ്ക്കരിച്ചിരുന്നതായി മാധ്യമവാര്‍ത്തകള്‍ കണ്ടെത്തി.

ഇന്ത്യന്‍ എക്സ്പ്രസ് 2021 ഫെബ്രുവരി 20ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വിദ്യാശ്രീ എന്ന പദ്ധതിയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നു. കുടുംബശ്രീയുമായി ചേര്‍ന്ന് നടത്തുന്ന ഈ പദ്ധതിയിലൂടെ കൊവിഡ് കാലത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബശ്രീ അംഗങ്ങളുടെ കുട്ടികള്‍ക്ക് കുറഞ്ഞ  തവണവ്യവസ്ഥയില്‍ ലാപ്ടോപ് നല്‍കാനാണ് ലക്ഷ്യമിട്ടത്. പദ്ധതിയുടെ വിവരങ്ങള്‍ കുടുംബശ്രീ വെബ്സൈറ്റിലും ലഭ്യമാണ്. 

15,000 രൂപ വിലയുള്ള ലാപ്ടോപ്പുകളാണ് വിതരണം ചെയ്യുന്നത്. ഇതിനായി 500 രൂപയുടെ 30 തവണ വ്യവസ്ഥകളിലായി വിദ്യാര്‍ത്ഥികള്‍ക്ക് പണമടക്കാം. ഇതിന്റെ പലിശയുടെ 5 ശതമാനം ഗവണ്മെന്റും 4 ശതമാനം KSFEയുമാണ് വഹിക്കുന്നതെന്ന് ഇതുമായി ബന്ധപ്പെട്ട് 2020 ജൂലൈ മൂന്നിന് പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. 

ഈ തുകയാണോ ദുരിതാശ്വാസ നിധിയില്‍നിന്ന് കൈമാറിയതെന്നാണ് തുടര്‍ന്ന് പരിശോധിച്ചത്. പദ്ധതി സംബന്ധിച്ച KSFE യുടെ രേഖയും ലഭ്യമായി. 

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 2024 ആഗസ്റ്റ് ആറിന് വൈകിട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചതായി കണ്ടെത്തി.  മാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതായി കാണാം. 

കൊവിഡുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്ക് ദുരിതാശ്വാസ നിധിയില്‍നിന്ന് പണമനുവദിക്കാമെന്നും മന്ത്രിസഭയുടെ അംഗീകാരത്തോടെയാണ് ഇത് അനുവദിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു. പദ്ധതിയിലൂടെ 47,673 വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്പുകള്‍ നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ 47,000-ത്തില്‍ പരം ലാപ്ടോപ്പുകളുടെ  പലിശയുടെ 5 ശതമാനം മാത്രം ഇത്രയും വലിയ തുക വരില്ലെന്നതിനാല്‍ ഈ വിശദീകരണത്തില്‍ അവ്യക്തതയുള്ളതായി തോന്നി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വിദ്യാശ്രീ പദ്ധതിയ്ക്ക് പിന്നാലെ പട്ടികജാതി/പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി വിദ്യാകിരണം എന്ന മറ്റൊരു പദ്ധതിയും ഇതേ കാലയളവില്‍ സര്‍ക്കാര്‍ ആവിഷ്ക്കരിച്ചിരുന്നതായി കണ്ടെത്തി. ഇതുസംബന്ധിച്ച് KITE സിഇഒ കെ അന്‍വര്‍ സാദത്ത് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ലഭ്യമായി. 

ഇതോടെ പ്രചരിക്കുന്ന അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും, KSFEയ്ക്ക് ലാപ്ടോപ് വാങ്ങാനല്ല, മറിച്ച് വിദ്യാകിരണം പദ്ധതിയിലൂടെ ലാപ്ടോപ്പുകള്‍ വിതരണം ചെയ്യുന്നതിനാണ് സര്‍ക്കാര്‍ ദുരിതാശ്വാസനിധിയില്‍നിന്ന് പണം ചെലവഴിച്ചതെന്നും, ഇതിനായി ലാപ്ടോപ്പുകള്‍ ലഭ്യമാക്കിയത് KSFE ആയതിനാലാണ് KSFEയ്ക്ക് തുക കൈമാറിയതെന്നും വ്യക്തമായി.

Fact Check: Vijay’s rally sees massive turnout in cars? No, image shows Maruti Suzuki’s lot in Gujarat

Fact Check: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഡ്രോണ്‍ഷോയിലൂടെ വരവേറ്റ് ചൈന? ചിത്രത്തിന്റെ സത്യമറിയാം

Fact Check: தவெக மதுரை மாநாடு குறித்த கேள்விக்கு பதிலளிக்காமல் சென்றாரா எஸ்.ஏ. சந்திரசேகர்? உண்மை அறிக

Fact Check: ಮತ ಕಳ್ಳತನ ವಿರುದ್ಧದ ರ್ಯಾಲಿಯಲ್ಲಿ ಶಾಲಾ ಮಕ್ಕಳಿಂದ ಬಿಜೆಪಿ ಜಿಂದಾಬಾದ್ ಘೋಷಣೆ?

Fact Check: రాహుల్ గాంధీ ఓటర్ అధికార యాత్రను వ్యతిరేకిస్తున్న మహిళ? లేదు, ఇది పాత వీడియో