Malayalam

Fact Check: സിദ്ധാര്‍ത്ഥന്റെ മരണം: പ്രചരിക്കുന്ന വ്യാജ വാര്‍ത്താ കാര്‍ഡുകളും യാഥാര്‍ത്ഥ്യവും

പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്റെ മരണത്തിന് പിന്നാലെ രാഷ്ട്രീയപരമായി ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കുമിടെയാണ് KSU, SFI വിദ്യാര്‍ഥി സംഘടനകളില്‍ കുറ്റമാരോപിക്കുന്ന തരത്തില്‍ വാര്‍ത്താ കാര്‍ഡുകള്‍ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.

HABEEB RAHMAN YP

പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് കാംപസിലെ പ്രബല വിദ്യാര്‍ഥി സംഘടനയായ SFI യും അവര്‍ പ്രതിനിധാനം ചെയ്യുന്ന CPIM ഉം നിരവധി ആരോപണങ്ങള്‍ നേരിടുന്നുണ്ട്. സിദ്ധാര്‍ത്ഥന്‍ ക്രൂരമായ ആക്രമണം നേരിടുകയും തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയും ചെയ്ത  സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനകം ഏതാനും വിദ്യാര്‍ഥികളെ പ്രതിചേര്‍ക്കുകയും നിരവധി വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതിനിടെയാണ് വിദ്യാര്‍ഥിസംഘടനകള്‍ക്കുമേല്‍ കുറ്റമാരോപിക്കുന്ന തരത്തില്‍ വാര്‍ത്താ കാര്‍ഡുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പ്രതികളില്‍ KSU പ്രവര്‍ത്തകരുമുണ്ടെന്ന അവകാശവാദത്തോടെയാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ വാര്‍ത്താ കാര്‍ഡെന്ന രീതിയില്‍ ഒരു പ്രചാരണം. മുഖ്യപ്രതി SFI നേതാവ് അഫ്സലിന്റെ സഹോദരനാണെന്നാണ് പ്രചരിക്കുന്ന മറ്റൊരു വാര്‍ത്താ കാര്‍ഡിലെ അവകാശവാദം.

Fact-check: 

സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട പ്രതികളില്‍ KSU പ്രവര്‍ത്തകരും എന്ന വിവരണത്തോടെ പ്രചരിക്കുന്ന കാര്‍ഡാണ് ആദ്യം പരിശോധിച്ചത്. കാര്‍ഡില്‍ ഉപയോഗിച്ചിരിക്കുന്ന ഫോണ്ട് ഏഷ്യാനെറ്റ് ന്യൂസിന്റെ ഫോണ്ട് അല്ലെന്നത് കാര്‍ഡ് വ്യാജമാകാമെന്നതിന്റെ പ്രധാന സൂചനയായി. 2024 മാര്‍ച്ച് 1 എന്ന തിയതി കാര്‍ഡിലുണ്ട്. ഇതനുസരിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ പരിശോധിച്ചതോടെ ഇതേ ദിവസം പങ്കുവെച്ച യഥാര്‍ത്ഥ കാര്‍ഡ് കണ്ടെത്തി. സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് കോളജിലെ ആന്റി റാഗിങ് സെല്‍ 19 വിദ്യാര്‍ഥികള്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് പഠനവിലക്ക് ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ടതാണ് യഥാര്‍ത്ഥ കാര്‍ഡ്.

ഇതുമായി ബന്ധപ്പെട്ട് വിശദമായ വാര്‍ത്തയും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ലഭ്യമാണ്. ഇതിലെവിടെയും KSU പ്രവര്‍ത്തകരെക്കുറിച്ച് പരാമര്‍ശമില്ല.

ഈ കാര്‍ഡ് വ്യാജമാണെന്നും ചാനലിന്റെ പേരില്‍ വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഏഷ്യാനെറ്റ് ന്യൂസും വ്യക്തമാക്കിയിട്ടുണ്ട്.

തുടര്‍ന്ന് രണ്ടാമത്തെ കാര്‍ഡ് പരിശോധിച്ചു. സംഭവത്തില്‍ മുഖ്യപ്രതി SFI നേതാവ് അഫ്സലിന്റെ സഹോദരനാണെന്നാണ് അവകാശവാദം. നേരത്തെ ലഭിച്ച സൂചനയ്ക്ക് സമാനമായി കാര്‍ഡിലുപയോഗിച്ച ഫോണ്ട് അത് വ്യാജമാകാമെന്നതിന്റെ സൂചനയായി. തുടര്‍ന്ന് കാര്‍ഡിലെ തിയതി ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ യഥാര്‍ത്ഥ കാര്‍ഡ് ഏഷ്യാനെറ്റ് ന്യൂസ് മാര്‍ച്ച് രണ്ടിന് പങ്കുവെച്ചതായി കണ്ടെത്തി. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ മുഖ്യപ്രതി സിന്‍ജോ ജോണ്‍സന്‍ അറസ്റ്റിലായതിനെക്കുറിച്ചാണ് വാര്‍ത്ത.

കൊല്ലം ഓടനാവട്ടം സ്വദേശിയാണ് സിന്‍ജോ എന്ന് മീഡിയവണ്‍ നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. ഇതില്‍നിന്നുതന്നെ പ്രതി SFI നേതാവ് അഫ്സലിന്റെ സഹോദരനാണെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി. തുടര്‍ന്ന് മുഖ്യപ്രതി സിന്‍ജോയുമായി പൊലീസ് തെളിവെടുപ്പ് നടത്തുന്നതിന്റേതുള്‍പ്പെടെ വിശദമായ വാര്‍ത്തകളും ലഭിച്ചു.

ആരോപണം നിഷേധിച്ച് SFI നേതാവ് അഫ്സല്‍ തന്നെ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച വിശദമായ കുറിപ്പും ലഭ്യമായി.

ഏഷ്യാനെറ്റ് ന്യൂസിന്റെ പേരില്‍ പ്രചരിക്കുന്ന ഈ കാര്‍ഡും വ്യാജമാണെന്ന് അവരും സ്ഥിരീകരിച്ചു

ഇതോടെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ KSU വിനും SFI യ്ക്കുമെതിരെ ആരോപണമുയര്‍ത്തുന്ന രണ്ട് കാര്‍ഡുകളും വ്യാജമാണെന്ന് വ്യക്തമായി.

Fact Check: Pro-Palestine march in Kerala? No, video shows protest against toll booth

Fact Check: ഓണം ബംപറടിച്ച സ്ത്രീയുടെ ചിത്രം? സത്യമറിയാം

Fact Check: கரூர் கூட்ட நெரிசலில் பாதிக்கப்பட்டவர்களை பனையூருக்கு அழைத்தாரா விஜய்?

Fact Check: Christian church vandalised in India? No, video is from Pakistan

Fact Check: ಕಾಂತಾರ ಚಾಪ್ಟರ್ 1 ಸಿನಿಮಾ ನೋಡಿ ರಶ್ಮಿಕಾ ರಿಯಾಕ್ಷನ್ ಎಂದು 2022ರ ವೀಡಿಯೊ ವೈರಲ್