Malayalam

Fact Check: സ്ത്രീകളെ അധികാരമേല്‍പ്പിക്കുന്നതിനെതിരെ നബിവചനം - പോസ്റ്ററിന്റെ പശ്ചാത്തലമറിയാം

വയനാട് ഉപതിരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുന്ന സാഹചര്യത്തിലാണ് സ്ത്രീകളെ അധികാരമേല്‍പ്പിച്ച ഒരു ജനതയും വിജയിച്ചിട്ടില്ലെന്ന നബിവചനം ഉള്‍പ്പെടുന്ന പോസ്റ്ററിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ തരത്തില്‍ പ്രചരിക്കുന്നത്.

HABEEB RAHMAN YP

വയനാട് ഉപതിരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കാനെത്തിയതോടെ പ്രചാരണവും സജീവമാവുകയാണ്. നവംബര്‍ 13 ന് വോട്ടെടുപ്പ് നടക്കാനിരിക്കുന്ന വയനാട് ലോക്സഭ മണ്ഡലത്തില്‍ നടക്കുന്ന പ്രചാരണത്തോളമോ അതിലേറെയോ സമൂഹമാധ്യമങ്ങളിലും നടക്കുന്നുണ്ട്. പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വത്തെ അനുകൂലിച്ചും വിമര്‍ശിച്ചുമെല്ലാം നിരവധി പോസ്റ്റുകളാണ് പങ്കുവെച്ചിരിക്കുന്നത്. ഇതിനിടെ തെരുവില്‍ ഒരു നബിവചനമുള്‍പ്പെടുന്ന പോസ്റ്റര്‍ പതിച്ച ചിത്രവും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. “സ്ത്രീകളെ അധികാരമേല്‍പ്പിച്ച ഒരു ജനതയും വിജയിച്ചിട്ടില്ല” എന്ന നബിവചനം പ്രിന്റ് ചെയ്ത പോസ്റ്ററാണ് പ്രചരിക്കുന്നത്.

Fact-check: 

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പ്രചരിക്കുന്ന പോസ്റ്ററിന് വയനാട് ഉപതിരഞ്ഞെടുപ്പുമായി നേരിട്ട് യാതൊരു ബന്ധവുമില്ലെന്നും വസ്തുത പരിശോധനയില്‍ വ്യക്തമായി. 

പ്രചരിക്കുന്ന പോസ്റ്ററിന്റെ പശ്ചാത്തലമാണ് ആദ്യം പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതിനായി റിവേഴ്സ് ഇമേജ് സെര്‍ച്ച് നടത്തിയതോടെ ചിത്രം 2020ല്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നതായി വ്യക്തമായി.

ഇതോടെ 2020 ലോ അതിന് മുന്‍പോ പതിച്ച ചിത്രമാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വീണ്ടും പ്രചരിപ്പിക്കുന്നതെെന്ന് വ്യക്തമായി.ചിത്രത്തിന്റെ പശ്ചാത്തലം സംബന്ധിച്ച വ്യക്തതയ്ക്കായി അന്വേഷണം തുടര്‍ന്നു. ചിത്രം പതിച്ചിരിക്കുന്ന സ്ഥലത്ത് പര്‍ദ മഹല്‍ എന്നൊരു സ്ഥാപനത്തിന്റെ ബോര്‍ഡ് കാണാം. പോസ്റ്ററിലെ ചക്കരക്കല്‍ എന്ന സ്ഥലം കണ്ണൂര്‍ ജില്ലയിലാണ്. ഈ സൂചനകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ പോസ്റ്റര്‍ പതിച്ച സ്ഥലം ഗൂഗ്ള്‍ സ്ട്രീറ്റ് വ്യൂ ഉപയോഗിച്ച് കണ്ടെത്താനായി. 

പര്‍ദ മഹല്‍ എന്ന സ്ഥാപനത്തിന് പുറകുവശത്തായി ഒരു മുസ്ലിം പള്ളി കാണാം. ഈ സ്ഥാപനവുമായി ബന്ധപ്പെട്ടതോടെ സ്ഥലത്തെ SYS മുന്‍ ഭാരവാഹിയായിരുന്ന അമീര്‍ എന്നയാളുമായി ബന്ധപ്പെടാനായി. അദ്ദേഹത്തിന്റെ പ്രതികരണം:  

ചക്കരക്കല്‍ ജുമാ മസ്ജിദിന്റെ സമീപത്താണ് ഈ പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. ഇതിന് നാലോ അഞ്ചോ വര്‍ഷമെങ്കിലും പഴക്കം കാണും. 2020 ലോ 2019 ലോ ആണ് ഈ പോസ്റ്റര്‍ പതിച്ചതെന്നാണ് ഓര്‍മ. നബിദിനവുമായി ബന്ധപ്പെട്ട് നബിവചനങ്ങള്‍ ഉള്‍പ്പെടുത്തിയ പോസ്റ്ററുകള്‍ പള്ളിയുടെ സമീപപ്രദേശങ്ങളില്‍ എല്ലാവര്‍ഷവും പതിക്കാറുണ്ട്. പള്ളിയോട് ചേര്‍ന്നുള്ള മദ്രസയിലെ കുട്ടികളാണിത് ചെയ്യുന്നത്. ഇത്തരത്തില്‍ പതിച്ച പോസ്റ്റര്‍ മാത്രമാണിത്. ഇതിന് നിലവിലെ തിരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ല.

തുടര്‍ന്ന് പോസ്റ്ററില്‍ പ്രതിപാദിക്കുന്ന നബിവചനം സംബന്ധിച്ച് വ്യക്തതയ്ക്കായി ചില മുതിര്‍ന്ന മുസ്ലിം പണ്ഡിതരുമായും ബന്ധപ്പെട്ടു.  അവരുടെ പ്രതികരണം: 

പ്രചരിക്കുന്ന നബിവചനത്തെ തിരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കേണ്ടതില്ല. അത്തരം പ്രചാരണങ്ങള്‍ ദുരുദ്ദേശപരമാണ്. രാജഭരണകാലത്തെ അധികാര വ്യവസ്ഥയുമായി ബന്ധപ്പെട്ടാണ് നബിവചനം. ഇത് ജനാധിപത്യ രാജ്യങ്ങളില്‍ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യാനാവില്ല. അതതു നാടിന്റെ നിയമവ്യവസ്ഥയെ അംഗീകരിച്ച് ജീവിക്കാനാണ് മതം പഠിപ്പിക്കുന്നത്. മാത്രവുമല്ല, അധികാരം, വിജയം തുടങ്ങിയ വാക്കുകളെ വിവിധ തലങ്ങളില്‍ വ്യാഖ്യാനിക്കാനാവും. അത് കേവലം തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വത്തിലേക്കോ വിജയത്തിലേക്കോ ഒതുക്കാവുന്നതല്ല. ഇവിടെ നടക്കുന്ന പ്രചാരണം തീര്‍ത്തും രാഷ്ട്രീയപ്രേരിതമാണ്.

ഇതോടെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.

Fact Check: Pro-Palestine march in Kerala? No, video shows protest against toll booth

Fact Check: ഓണം ബംപറടിച്ച സ്ത്രീയുടെ ചിത്രം? സത്യമറിയാം

Fact Check: யோகி ஆதித்யநாத்தை ஆதரித்து தீப்பந்தத்துடன் பேரணி நடத்தினரா பொதுமக்கள்? உண்மை என்ன

Fact Check: Christian church vandalised in India? No, video is from Pakistan

Fact Check: ಕಾಂತಾರ ಚಾಪ್ಟರ್ 1 ಸಿನಿಮಾ ನೋಡಿ ರಶ್ಮಿಕಾ ರಿಯಾಕ್ಷನ್ ಎಂದು 2022ರ ವೀಡಿಯೊ ವೈರಲ್